ആഗോളതാപനം നിയന്ത്രിക്കാന്‍ പാരിസ് ഉച്ചകോടിയില്‍ ധാരണ; അന്തിമകരാറില്‍ 195 രാഷ്ട്രങ്ങള്‍ ഒപ്പുവച്ചു

പാരിസ്: ആഗോളതാപനം നിയന്ത്രിക്കുന്നതിന് ലോകരാഷ്ട്രങ്ങള്‍ തമ്മില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ ധാരണയായി. പാരിസില്‍ നടന്ന പരിസ്ഥിതി ഉച്ചകോടിയിലാണ് ലോകരാഷ്ട്രങ്ങള്‍ തമ്മില്‍ ഇതുസംബന്ധിച്ച് ധാരണയായത്. അന്തിമകരാറിന് ലോകരാഷ്ട്രങ്ങള്‍ അംഗീകാരം നല്‍കിയത്. ആഗോളതാപനം രണ്ട് ഡിഗ്രി സെല്‍ഷ്യസില്‍ താഴെയായി കുറയ്ക്കാനാണ് ധാരണയായിട്ടുള്ളത്. 195 രാജ്യങ്ങളാണ് കരാറില്‍ ഒപ്പുവച്ചത്. രണ്ടു ദശാബ്ദമായി സാധ്യമാകാതിരുന്ന കരാറാണ് പാരിസിലെ ഉച്ചകോടിയില്‍ സാധ്യമായത്. 1997-ലെ ക്യോട്ടോ പ്രോട്ടോകോളിനു പകരം പരിസ്ഥിതി സംരക്ഷണത്തിന് ഇനി പാരിസ് ഉടമ്പടിയാണ് ആധാരമാക്കുക.

സുപ്രധാന നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഉടമ്പടി. പുറന്തള്ളുന്ന താപം രണ്ട് ഡിഗ്രി സെല്‍ഷ്യസായി നിലനിര്‍ത്തും. പിന്നീട് ഇത് 1.5 ശതമാനമായി കുറയ്ക്കും. കാലാവസ്ഥാമാറ്റം നേരിടാന്‍ വികസ്വര രാജ്യങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കും. 6.7 കോടിയാണ് സാമ്പത്തിക സഹായമായി നല്‍കുക. 10 വര്‍ഷങ്ങള്‍ക്കു ശേഷം 2025-ല്‍ ഈ തുക വര്‍ധിപ്പിക്കും. ഉടമ്പടി ഒപ്പുവച്ച രാജ്യങ്ങളെല്ലാം അഞ്ചുവര്‍ഷം കൂടുമ്പോള്‍ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്. ആഗോളതാപനത്തിന് കാരണമാകുന്ന ഹരിതഗൃഹവാതകങ്ങള്‍ പുറന്തള്ളുന്നത് കുറയ്ക്കുന്നത് സംബന്ധിച്ചും പിന്നാക്കരാജ്യങ്ങള്‍ക്ക് നല്‍കുന്ന കാലാവസ്ഥാ ഫണ്ട് സംബന്ധിച്ചും അഭിപ്രായഭിന്നത നിലനിന്നിരുന്നു. ഈസാഹചര്യത്തെത്തുടര്‍ന്നാണ് സമവായം ഉണ്ടാക്കാന്‍ ശനിയാഴ്ച ഉന്നതതലസമിതി യോഗം ചേര്‍ന്നത്.

13 ദിവസം നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ഒടുവിലാണ് 195 രാജ്യങ്ങളുടെ പ്രതിനിധികള്‍ കരാറിന് അംഗീകാരം നല്‍കിയത്. 2020-ഓടെ കരാര്‍ പ്രാബല്യത്തില്‍ വരും. വ്യവസായ ശാലകള്‍ക്കും മറ്റും നിയന്ത്രണമേര്‍പ്പെടുത്തുന്നതോടെയാണ് ഉദ്ദേശിച്ച ലക്ഷ്യത്തിലേക്ക് രാഷ്ട്രങ്ങള്‍ എത്തിച്ചേരുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here