പ്രതിമാ അനാച്ഛാദന ചടങ്ങ് വിവാദം; നടപടി ആര്‍എസ്എസ് അജണ്ടയെന്ന് സിപിഐഎം; വിശദീകരണം നല്‍കേണ്ടത് സംഘാടകരെന്ന് ബിജെപി

തിരുവനന്തപുരം: ആര്‍.ശങ്കര്‍ പ്രതിമാ അനാച്ഛാദന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിലക്കിയതില്‍ വിവാദം കൊഴുക്കുന്നു. നടപടി ആര്‍എസ്എസ് അജണ്ടയുടെ ഭാഗമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് നിരീക്ഷിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അയോഗ്യതയെക്കുറിച്ച് ലഭിച്ച തെളിവെന്തെന്ന് കേന്ദ്രം വ്യക്തമാക്കണമെന്ന് സിപിഐഎം പിബി അംഗം പിണറായി വിജയന്‍ പറഞ്ഞു. പ്രധാനമന്ത്രി മറുപടി പറയണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്റ് പ്രതികരിച്ചു. വിശദീകരണം നല്‍കേണ്ടത് സംഘാടകരെന്ന് ബിജെപി സംസ്ഥാന നേതൃത്വം വ്യക്തമാക്കി.

ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ മുഖ്യമന്ത്രിക്കു പകരം അധ്യക്ഷനാകുക എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയാണ് നേരത്തെ അധ്യക്ഷനായി നിശ്ചയിച്ചിരുന്നതെങ്കിലും പങ്കെടുക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രിയോട് അറിയിച്ചതിനെ തുടര്‍ന്ന് പേരു മാറ്റുകയായിരുന്നു. മുഖ്യമന്ത്രിയുടെ പേരുവച്ച് സ്ഥാപിച്ചിരുന്ന ശിലാഫലകം എടുത്തുമാറ്റിയിരുന്നു. ഇന്നലെ അര്‍ധരാത്രിയോടെയാണ് ശിലാഫലകം എടുത്തുമാറ്റിയത്.

ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു. കൊല്ലം മേയര്‍ രാജേന്ദ്രബാബുവിനെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് ആക്ഷേപമുണ്ട്. തന്നോട് ചോദിച്ചിട്ടല്ല തന്റെ പേരു നോട്ടീസില്‍ വച്ചതെന്ന് മേയര്‍ രാജേന്ദ്രബാബു പറഞ്ഞു.

ചടങ്ങില്‍ നിന്ന് ഒഴിവാക്കിയ വിവരം മുഖ്യമന്ത്രി പ്രധാനമന്ത്രിയെ നേരിട്ട് അറിയിക്കും. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടിയിരുന്നു. പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് വാക്കാല്‍ അറിയിച്ചിട്ടുണ്ടെങ്കിലും മുഖ്യമന്ത്രി നേരിട്ടുംപ്രധാനമന്ത്രിയെ വിവരം ധരിപ്പിക്കും. മുഖ്യമന്ത്രിയെ ചടങ്ങില്‍ നിന്ന് ഒഴിവാക്കിയതോടെ പ്രധനമന്ത്രി ചടങ്ങില്‍ കൂടുതല്‍ സംസാരിക്കും. ആകെ 45 മിനുട്ട് പരിപാടിയില്‍ 35 മിനുട്ടാണ് പ്രധാനമന്ത്രിയുടെ പ്രസംഗം ഉണ്ടായിരിക്കുക. നേരത്തെ മുഖ്യമന്ത്രി ഉണ്ടായിരുന്നപ്പോള്‍ 15 മിനുട്ട് മാത്രമായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.

ബിജെപി കേന്ദ്രനേതൃത്വത്തിന്റെ അറിവോടെയാണ് മുഖ്യമന്ത്രിയെ പരിപാടിയില്‍ നിന്ന് ഒഴിവാക്കിയതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയെ മാത്രമല്ല, കേരള സംസ്ഥാനത്തെ ഒന്നാകെ ബിജെപി കേന്ദ്രനേതൃത്വം അപമാനിച്ചെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം, പരിപാടിയില്‍ നിന്ന് കൂടുതല്‍ നേതാക്കള്‍ പിന്‍മാറുകയാണ്. കൊല്ലം എംഎല്‍എ പി.കെ ഗുരുദാസന്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചു. മുഖ്യമന്ത്രിയെ ഒഴിവാക്കിയ നടപടി ജനാധിപത്യ വിരുദ്ധമാണ്. ആര്‍എസ്എസിന് വഴങ്ങിയാണ് മുഖ്യമന്ത്രിയെ ഒഴിവാക്കിയതെന്നും ഗുരുദാസന്‍ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here