ജപ്പാനിലെ ദുരന്തം ഇന്ത്യയ്ക്കു പകരാനെത്തിയതോ ഷിന്‍സോ ആബേ? കുരുതികൊടുക്കുന്ന ജീവനുകള്‍ക്ക് ബുള്ളറ്റ് ട്രെയിന്‍ പകരമാവില്ല; കാണാതിരിക്കരുത് ചതിക്കുഴികള്‍

ഫുകുഷിമ ആണവനിലയത്തില്‍നിന്നു അന്തരീക്ഷത്തിലേക്കും പിന്നെ ഒരു രാജ്യത്തെയാകെ ജനങ്ങളിലേക്കും മരണത്തിന്റെയും അത്യാഹിതത്തിന്റെയും ദൂതുമായി പടര്‍ന്ന ആണവവികിരണം ലോകം മറന്നിട്ടില്ല. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി മറന്നോ എന്നാണിപ്പോള്‍, ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ ആളും ആഘോഷവുമായി ഇന്ത്യയിലെത്തിയപ്പോള്‍ സംശയിക്കേണ്ടിയിരിക്കുന്നത്. ബുള്ളറ്റ് ട്രെയിനെന്ന അതിവേഗ സ്വപ്‌നത്തില്‍ അഭിരമിക്കുമ്പോള്‍ ഇന്ത്യ പണയപ്പെടുത്തുന്നത് ഒരു രാജ്യത്തെയാകെ ജനങ്ങളെയാണ്. പീപ്പിള്‍ ടിവി ദില്ലി റിപ്പോര്‍ട്ടര്‍ എം സന്തോഷ് എഴുതുന്നു
ലോകം കണ്ട ആണവദുരന്തങ്ങളില്‍ ഏറ്റവും കടുത്തതായിരുന്നു ജപ്പാനിലെ ഫുകുഷിമ ആണവനിലയത്തിലുണ്ടായത്. കാത്‌സുത്ക ഇദോഗാവയായിരുന്നു അന്നു ഫുകുഷിമയിലെ മേയര്‍. ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ ടോക്കിയോയിലെ ഹനീദ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വിമാനം കയറുന്നതിന് മുന്‍പ് കാത്‌സുത്ക ഇദോഗാവ വീഡിയോ സന്ദേശം വഴി ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഒരു മുന്നറിയിപ്പ് നല്‍കി. ചതിയും മനസിലൊളിപ്പിച്ച് ഞങ്ങളുടെ പ്രധാനമന്ത്രി നിങ്ങളുടെ രാജ്യത്തേക്കു വരുന്നു… ഫുകുഷിമയിലുണ്ടായത് ലോകത്തെ ഏറ്റവും വലിയ ആണവ ദുരന്തമാണെന്ന് അറിയുന്ന ഇന്ത്യയിലെ സഹോദരങ്ങള്‍ ഇന്ത്യ- ജപ്പാന്‍ ആണവകരാറിനെതിരെ രംഗത്തു വരണമെന്നായിരുന്നു അദ്ദേഹത്തിന്റെ സന്ദേശത്തിന്റെ ഉള്ളടക്കം.

fukushima

ഫുകുഷിമ മാത്രമല്ല നമുക്കു മുന്നിലുള്ള ആണവ ദുരന്താവശേഷിപ്പുകള്‍ പേറുന്ന ഇടങ്ങള്‍. അമേരിക്ക, റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്, ബ്രസീല്‍, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങള്‍ ചെറുതും വലുതുമായ ആണവഅപകടങ്ങളുടെ ആഘാതം അറിഞ്ഞവരാണ്. ഹിരോഷിമ – നാഗസാക്കി മുതല്‍ യുക്രെയിനിലെ ചെര്‍ണോബില്‍, ബ്രിട്ടനിലെ സെല്ലാഫീല്‍ഡ് തുടങ്ങി ആണവദുരന്തമുണ്ടായ നിരവധി ഇടങ്ങളില്‍ കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരകരോഗങ്ങളും അംഗഭംഗങ്ങളും പുതുതലമുറയെയും വേട്ടയാടിക്കൊണ്ടിരിക്കുന്നു. ഈ അനുഭവങ്ങളെല്ലാം മുന്നില്‍ നില്‍ക്കൂമ്പോഴാണ് രാജ്യം മുഴുവന്‍ ആണവനിലയങ്ങള്‍ സ്ഥാപിക്കാനുള്ള നീക്കവുമായി ഇന്ത്യന്‍ ഭരണകൂടം മുന്നോട്ടു പോകുന്നത്.

modi-abe

ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കാന്‍ ചെലവേറിയതും അപകടകരവുമായ ആണവനിലയങ്ങള്‍ മാത്രമാണോ നമുക്കു മുന്നിലുള്ള മാര്‍ഗ്ഗം? പുഴയും കാറ്റും തിരമാലയും സൂര്യവെളിച്ചവും ഉള്‍പ്പെടെ ഊര്‍ജോല്‍പാദനത്തിന് സഹായകരമായ സ്വാഭാവിക ഉറവിടങ്ങള്‍ നമ്മുടെ രാജ്യത്തു വേണ്ടുവോളം ഉണ്ടല്ലോ? ആണവ ദുരന്തങ്ങള്‍ നേരിടുന്നതില്‍ വികസിതരാഷ്ട്രങ്ങള്‍ പോലും അമ്പേ പരാജയപ്പടുന്നത് കണ്ടും അനുഭവിച്ചും അറിഞ്ഞ നമ്മള്‍ തദ്ദേശീയരുടെ ജീവന്‍ പണയംവച്ചു വിദേശ രാജ്യങ്ങളുമായി ആണവനിലയങ്ങള്‍ സ്ഥാപിക്കാനുള്ള കരാറുകള്‍ ഒപ്പിടുന്നത് ആരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ്?’

ganga-arthi

1991-ല്‍ 41 ആണവ നിലയങ്ങളില്‍നിന്നു വൈദ്യുതി ഉല്‍പാദിപ്പിച്ചിരുന്ന ജപ്പാനില്‍ 2015 ല്‍ 48 ആണവ നിലയങ്ങളാണ് ഉള്ളത്. അതായത് കഴിഞ്ഞ 14 വര്‍ഷത്തിനിടെ ജപ്പാന്‍ പുതുതായി ആരംഭിച്ചത് ആറ് ആണവ ഊര്‍ജോല്‍പാദന കേന്ദ്രങ്ങള്‍ മാത്രം. മറ്റ് രാജ്യങ്ങളുടെയും സ്ഥിതി ഇതില്‍നിന്നു വ്യത്യസ്തമല്ല. വികസിത രാജ്യങ്ങള്‍ വര്‍ധിച്ച അപകടസാധ്യത മുന്നില്‍ കണ്ടും ജനങ്ങളുടെ എതിര്‍പ്പ് പരിഗണിച്ചും ആണവ വൈദ്യുതോല്‍പാദനത്തില്‍നിന്നു പതിയെ പിന്‍വാങ്ങുമ്പോഴാണ് ഇന്ത്യ ഈ രാജ്യങ്ങളുമായി ആണവ കരാറുകളില്‍ ഒപ്പിടുന്നത്.

bullet

ബുള്ളറ്റ് ട്രെയിന്‍, സ്മാര്‍ട്ട് സിറ്റി നിര്‍മാണത്തില്‍ പങ്കാളിത്തം തുടങ്ങിയ ചില്ലറ നാണയത്തുട്ടുകള്‍ എറിഞ്ഞു കൊടുത്ത് അതിന്റെ മറവില്‍ അപകടം വിറ്റ് കോടികള്‍ കൊയ്യാനുള്ള തന്ത്രവുമായാണ് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ ഇന്ത്യയിലേക്ക് വന്നത്. സെല്‍ഫി പ്രധാനമന്ത്രിയെ വേണ്ടതിലും അധികം പുകഴ്ത്തി കച്ചവടവും ഉറപ്പിച്ചാണ് ആബേ ജപ്പാനിലേക്ക് മടങ്ങുന്നത്. നാളെ ഫുക്കുഷിമ, കൂടംകുളത്തോ കൊവാഡിയിലോ മിത്തി വിര്‍ത്തിയിലോ ജയ്ത്താപ്പൂരിലോ മറ്റെവിടെയെങ്കിലുമോ ആവര്‍ത്തിക്കാനിടയായാല്‍ അന്നു മാത്രമായിരിക്കും നമ്മള്‍ ഫുക്കുഷിമ മേയര്‍ കാത്‌സുത്ക ഇദോഗാവ നല്‍കിയ മുന്നറിയിപ്പിനെക്കുറിച്ച് വീണ്ടും ഓര്‍ക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News