സച്ചിന്‍ ഇടപെട്ടു; ദേശീയ സ്‌കൂള്‍ കായികമേള അനിശ്ചിതത്വം നീങ്ങുന്നു; മേള അടുത്ത മാസം കേരളത്തിന് പുറത്ത്

ദില്ലി: 9-ാമത് ദേശീയ സ്‌കൂള്‍ കായികമേളയിലെ അനിശ്ചിതത്വം നീങ്ങുന്നു. കേരളത്തിന് പുറത്തുള്ള വേദിയില്‍ അടുത്ത മാസം ദേശീയ സ്‌കൂള്‍ മീറ്റ് നടന്നേക്കും. സ്‌കൂള്‍ കായിക മേളയിലെ അനിശ്ചിതത്വം സച്ചിന്‍ നാളെ പാര്‍ലമെന്റില്‍ ഉന്നയിക്കും. അഞ്ജു ബോബി ജോര്‍ജ്ജ് വിഷയം കേന്ദ്ര കായിക മന്ത്രാലയത്തെ ധരിപ്പിച്ചു.

5000 കുട്ടികള്‍ക്ക് അവസരമേകുന്ന ദേശീയ സ്‌കൂള്‍ മീറ്റ് നടത്താന്‍ ആകില്ലെന്ന് കേരളം അറിയിച്ചതോടെ ത്രിശങ്കുവിലായ ദേശീയ സ്‌കൂള്‍ മീറ്റിന് പ്രതീക്ഷ നല്‍കുന്ന പ്രതികരണമാണ് കേന്ദ്ര കായിക മന്ത്രാലയം നടത്തിയത്. ലിംഗ വിവേചന പരാതിയും ഭാരിച്ച ചെലവും ചൂണ്ടിക്കാട്ടി മറ്റു സംസ്ഥാനങ്ങളും സ്‌കൂള്‍ കായികമേള നടത്തിപ്പ് കൈ ഒഴിഞ്ഞിരുന്നു. ഇക്കാര്യം സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കൂടിയായ അഞ്ജു ബോബി ജോര്‍ജ് കേന്ദ്ര കായിക മന്ത്രിയെയും, രാജ്യസഭാഗം സച്ചിനെയും ധരിപ്പിച്ചു.

രാജ്യസഭയില്‍ സച്ചിനും ലോകസഭയില്‍ എംകെ രാഘവന്‍ എംപിയും, എംബി രാജേഷും വിഷയം നാളെ ഉന്നയിക്കും. കേരളത്തിന് പുറത്തുള്ള വേദി തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ നാളെ തീരുമാനമാകുമെന്നും കേന്ദ്ര കായിക മന്ത്രാലയം അറിയിച്ചു. മാര്‍ച്ചിലെ എസ്എസ്എല്‍സി പരീക്ഷയും ഏപ്രിലിലെ നിയമസഭാ തെരഞ്ഞെടുപ്പും ചൂണ്ടിക്കാട്ടിയാണ് ജനുവരിയില്‍ നടത്തേണ്ട ദേശീയ ഗെയിംസ് സംഘടിപ്പിക്കാന്‍ കഴിയില്ലെന്ന് കേരളം കായിക മന്ത്രാലയത്തെ അറിയിച്ചത്.

മേളയുടെ ഭാരിച്ച ചിലവ് പരിഗണിച്ച് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ പൂനെ, നാസിക് എന്നിവടങ്ങളിലായി മീറ്റ് നടത്താനാണ് ആദ്യം തീരുമാനിച്ചത്. ഒളിമ്പ്യന്‍മാരായ പിടി ഉഷയുടേയും അഞ്ജു ബോബി ജോര്‍ജ്ജിന്റെയും ഉള്‍പ്പടെയുളള കായിക താരങ്ങളുടെ പരാതിയെ തുര്‍ന്ന് ലിംഗവിവേചനത്തോടെയുള്ള മീറ്റ് വേണ്ടെന്ന് കായിക മന്ത്രാലയം അറിയിച്ചതോടെ മഹാരാഷ്ട്ര മീറ്റില്‍ നിന്ന് പിന്‍മാറി. വേദിയാകാമെന്ന് അറിയിച്ച കേരളം കൂടി പിന്‍മാറിയതോടെ മറ്റു സംസ്ഥാനങ്ങളും ഈ നിലപാട് തുടര്‍ന്നു. ഇതോടെ അനിശ്ചിതത്വത്തിലായ ദേശീയ കായിക മേളയക്കാണ് ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ്ജിന്റെ ഇടപെടലിലൂടെ പരിഹാരം ആകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News