ബിജുവിനെ പിന്തുടര്‍ന്ന് എന്തുകൊണ്ട് മാധ്യമപ്പട കോയമ്പത്തൂരിലേക്ക് പോയി; ലൈവ് റിപ്പോര്‍ട്ടിംഗിന്റെ ഭാഗമായ കൈരളി ലേഖകന്റെ സംഭവക്കുറിപ്പ്

ഡിസംബര്‍ 10, വ്യാഴാഴ്ച.

ആ ദിവസം രാഷ്ട്രീയ കേരളത്തിന് നിര്‍ണ്ണായകമായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെട്ട ലൈംഗിക ദൃശ്യങ്ങള്‍ ഉണ്ടെന്ന് വെളിപ്പെടുത്തിയത് പറഞ്ഞത് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി ബിജു രാധാകൃഷ്ണനാണ്. അതും സോളാര്‍ തട്ടിപ്പ് കേസ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍രെ മുന്നില്‍. ആരോപണം ഗൗരവമേറിയതായിരുന്നു. പ്രതിസ്ഥാനത്ത് സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയും. ഒരു തട്ടിപ്പ് കേസ് പ്രതിയുടെ വെളിപ്പെടുത്തലിന് അപ്പുറം ഗൗരവമേറിയതായതുകൊണ്ട് തന്നെയാണ് ആരോപണത്തിന് തെളിവു ഹാജരാക്കാന്‍ അനുവദിക്കണമെന്ന ബജുവിന്റെ അപേക്ഷ കമ്മീഷന്‍ സ്വീകരിച്ചതും നടപടി കൈക്കൊണ്ടതും. ബിജു രാധാകൃഷ്ണന്‍ പറഞ്ഞ സിഡി കാത്തുവച്ചിരിക്കുന്ന സ്ഥലത്ത് പോയി തിരിച്ചുവരാന്‍ പത്ത് മണിക്കൂര്‍ വേണം എന്ന ആവശ്യം ഉന്നയിച്ചപ്പോള്‍ മുതല്‍ സ്ഥലം ഏത് എന്നായിരുന്നു രാഷ്ട്രീയ കേരളം മുഖത്തോടുമുഖം ചോദിച്ചത്.

അശ്ലീലത നിറഞ്ഞ സിഡി എന്നതിനപ്പുറം മുഖ്യമന്ത്രിയുടെ പേര് ഉള്‍പ്പെട്ടതാണ് മാധ്യമ സാക്ഷരത കൂടുതലുള്ള കേരളത്തില്‍ വിഷയം ചൂടുള്ള ചര്‍ച്ചയായത്. അതുകൊണ്ടുതന്നെ സംഭവിക്കുന്നത് എന്താണോ അത് അറിയിക്കുക എന്നത് മാത്രമായിരുന്നു കേരളത്തിലെ ദൃശ്യമാധ്യമങ്ങള്‍ക്ക് ചെയ്യാനുണ്ടായിരുന്നത്. അതാണ് കൊച്ചി മുതല്‍ കോയമ്പത്തൂര്‍ വരെയുള്ള യാത്രയുടെ ലക്ഷ്യവും.

കേരള മുഖ്യമന്ത്രി ഉള്‍പ്പെട്ട വിവാദ സിഡി ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷനില്‍ നല്‍കുമെന്ന് പറഞ്ഞ ദിനം. തലേ ദിവസം വന്ന വാര്‍ത്തകളില്‍ നിന്നു തന്നെ വ്യക്തമായിരുന്നു ബിജു സിഡി നല്‍കില്ല എന്ന്. പക്ഷെ രാവിലെ 9:45ന് സോളാറിലെത്തിയ ബിജു തെളിവ് നല്‍കുമെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കി. കമ്മീഷനോടും ബിജു അത് തന്നെ ആവര്‍ത്തിച്ചു. 10 മണിക്കൂര്‍ സമയം തന്നാല്‍ സിഡി എത്തിക്കാം, സിഡി കേരളത്തിന് പുറത്താണ്. തെളിവു കൊണ്ടുവരാന്‍ തന്നെ സോളാര്‍ കമ്മീഷന്‍ തീരുമാനിച്ചു. തെളിവ് കൊണ്ടുവരുന്നത് എങ്ങനെ, ആരൊക്കെ പോകണം, എപ്പോള്‍ പോകണം എന്നൊക്കെ തീരുമാനിയ്ക്കാന്‍ ഉടന്‍ യോഗവും ചേര്‍ന്നു. ഉദ്വേഗത്തിന്റെ നിമിഷങ്ങള്‍. സിഡി തേടിയുള്ള യാത്രയ്ക്ക് വഴിതുറന്നു. യാത്ര എവിടേയ്ക്കാണെന്നുമാത്രം ആര്‍ക്കും ഉറപ്പിച്ച് പറയാന്‍ സാധിയ്ക്കുന്നില്ല.

bijesh

യാത്ര എവിടെയ്ക്കാണെങ്കിലും ഞങ്ങള്‍ അതിനെ പിന്തുടരാന്‍ തന്നെ തീരുമാനിച്ചു. എക്‌സിക്യൂട്ടീവ് എഡിറ്ററോട് കാര്യം പറഞ്ഞു. വാര്‍ത്ത ഒന്നും മിസ്സ് ആകരുത്, ജനങ്ങള്‍ക്ക് ഇതിന്റെ സത്യാവസ്ഥ അറിയണം എന്നുമാത്രമാണ് രാജീവ് സര്‍ പറഞ്ഞത്. അതിന് കാരണവും ഉണ്ടായിരുന്നു. സോളാര്‍ തട്ടിപ്പുകേസ് ആദ്യം ജനങ്ങളുടെ മുമ്പില്‍ കൊണ്ടുവന്നത് കൈരളി പീപ്പിളായിരുന്നു. ഞാന്‍ ഡ്രൈവര്‍ പ്രസാദിനോടും ക്യാമറാമാന്‍ രഞ്ജിത്തിനോടും ഒരു യാത്രയ്ക്ക് തയ്യാറാകാന്‍ പറഞ്ഞു. യാത്രയുടെ പ്രാധാന്യവും പറഞ്ഞുമനസ്സിലാക്കി. മനോരമ ന്യൂസിലെ അനില്‍ ഇമ്മാനുവല്‍, മാതൃഭൂമിയിലെ ബിനില്‍, മീഡിയ വണ്ണില്‍നിന്ന് അന്‍സാറുമടക്കം എല്ലാ ദൃശ്യമാധ്യമ പ്രവര്‍ത്തകരും എത്രയും പെട്ടെന്നു ഞങ്ങളെപ്പോലെ യാത്രയ്ക്ക് തയ്യാറായി.

സിഡി കൊണ്ടുവരുന്നതിന് മുന്നോടിയായി 3 കാര്യങ്ങള്‍ ബിജു കമ്മീഷനോട് അഭ്യര്‍ത്ഥിച്ചു.

1. സിഡി ആരുടെ കൈയില്‍ നിന്നാണൊ കണ്ടെടുക്കുന്നത്, അയാളുടെ പേരില്‍ കേസെടുക്കരുത്.
2. തന്റെ അഭിഭാഷകനെയും ഒപ്പം കൊണ്ടുപോകണം.
3. കൂടെ പോകുന്ന പൊലീസുകാരുടെ മൊബൈലുകള്‍ വാങ്ങിവെക്കണം.

രണ്ടാമത്തെ നിബന്ധന ഒഴിച്ച് ബാക്കി രണ്ടും കമ്മീഷന്‍ അഗീകരിച്ചു. സിഡി തേടിയുള്ള യാത്രയില്‍ മൊത്തം 6 പേര്‍ എന്നും തീരുമാനമായി. കമ്മീഷന്‍ അഡ്വക്കറ്റ് ഹരികുമാര്‍, തിരുവനന്തപുരത്തു നിന്നുള്ള രണ്ട് പൊലീസുകാരും, കമ്മീഷന്‍ നിയോഗിച്ച രണ്ട് പൊലീസുകാരും പിന്നെ ബിജുവും. ബിജു ഡ്രൈവറോട് വഴി പറയും, വാഹനം അതുവഴി പോകും വേറെ എങ്ങോട്ടാണ് പോകേണ്ടതെന്ന് ആര്‍ക്കും അറിയില്ല.

കെഎല്‍ 01 ബിപി 420 നമ്പര്‍ ഇളം ചന്ദനക്കളര്‍ സൈലൊ കാര്‍ യാത്ര പുറപ്പെടാന്‍ തയ്യാറായി. കമ്മീഷന്‍ ഓഫീസില്‍ നിന്നും പുറത്തിറങ്ങിയ ബിജു നാല് സെറ്റ് തെളിവുകള്‍ ഉണ്ടെന്നും, ഒന്ന് പരാജയപ്പെട്ടാല്‍ മറ്റൊന്ന് കൊണ്ടുവരാന്‍ സാധിക്കുമെന്നും പറഞ്ഞ് കാറിലേക്ക് കയറി. കാറിന്റെ മുന്‍ സീറ്റില്‍ ഇടതുവശത്ത് കമ്മീഷന്‍ അഡ്വക്കറ്റ് ഹരികുമാര്‍, പുറകിലത്തെ സിറ്റില്‍ തിരുവനന്തപുരത്ത് നിന്നുള്ള രണ്ട് പൊലീസുകാര്‍, എറ്റവും പുറകിലായി നടുക്ക് ബിജുവും ഇരുവശത്തുമായി കമ്മീഷന്‍ നിയോഗിച്ച രണ്ട് പൊലീസുകാരും.

സമയം വൈകുന്നേരം 3:50.

പനമ്പള്ളി നഗറിലെ കമ്മീഷന്‍ ആസ്ഥാനത്ത് നിന്നും ബിജുവിനേയും കൊണ്ടുള്ള വാഹനം മനോരമ ജംഗ്ഷനിലേക്ക് അതിവേഗം നീങ്ങി. തൊട്ടു പുറകിലായി ദൃശ്യമാധ്യമങ്ങളുടെ വാഹനവും. ബിജുവിനെ കൊണ്ടുപോകുന്ന വാഹനത്തിന്റെ രണ്ട് കാര്‍ പുറകിലായി ഞങ്ങളുടെ വാഹനവും ഉണ്ട്. ക്യാമറാമാന്‍ രഞ്ജിത് തുടക്കം മുതലെ ദൃശ്യങ്ങള്‍ പകര്‍ത്തി തുടങ്ങി. മെട്രോയുടെ പണി നടക്കുന്നതിനാല്‍ വാഹനം പതുക്കെ ആയി. പക്ഷെ ഹോണ്‍ മുഴക്കി അത് പരമാവധി വേഗത്തില്‍ പോകാന്‍ ശ്രമിയ്ക്കുന്നു. പിന്നാലെ മാധ്യമ പടയും. വാഹനം കടവന്ത്ര സിഗ്‌നല്‍ കഴിഞ്ഞ് വൈറ്റിലയിലേക്ക്. ഇനിയാഴ് യാത്രയുടെ വഴിത്തിരിവ്.

biju-policeവൈറ്റിലയില്‍ നിന്നും വാഹനം വലത്തോട്ട് പോയാല്‍ അത് ശുചീന്ദ്രത്തേയ്‌ക്കെന്നും ഇടത്തോട്ടാണെങ്കില്‍ അത് കൊയമ്പത്തൂരേക്കെന്നും ആദ്യമെ ഉറപ്പിച്ചിരുന്നു. കാര്‍ ഇടത്തേയ്ക്ക് നീങ്ങി. യാത്ര കൊയമ്പത്തൂരേക്ക് തന്നെയെന്ന് ഉറപ്പിച്ചു. സിഡി തേടിയുള്ള യാത്ര കൊയമ്പത്തൂരേക്കെന്ന് ഡെസ്‌കില്‍ വാര്‍ത്തയും നല്‍കി. വൈറ്റില പാലം കഴിഞ്ഞപ്പോള്‍ പൊലീസിന്റെ വക ചെറിയ ഒരു ഗെയിം. പിന്നാലെ വരുന്ന മാധ്യമ പ്രവര്‍ത്തകരുടെ വഴി തെറ്റിയ്ക്കാന്‍ കാര്‍ നേരായ വഴിയില്‍ നിന്നും മാറി ചളിക്കവട്ടം വഴി വെണ്ണല റൂട്ടിലേയ്ക്ക് നീങ്ങി. പക്ഷെ പൊലീസിന്റെ പ്രതീക്ഷ തെറ്റിച്ച് മാധ്യമങ്ങളുടെ വാഹനവും അതേ റൂട്ടില്‍ തന്നെ വെച്ച് പിടിച്ചു. ഉള്‍വഴികളിലൂടെ യാത്ര ചെയ്ത് കാര്‍ പൈപ്പ് ലൈന്‍ ജംഗ്ഷന്‍ വഴി ഇടപ്പള്ളി സിഗ്‌നലിലെത്തി. ഡ്രൈവര്‍ കൃഷ്ണകുമാര്‍ ഈ സമയം കൈരളിയുടെ ഡിഎസ്എന്‍ജി വാഹനം ബിജുവിനെയും കൊണ്ടുള്ള പൊലീസ് വാഹനത്തിന്റെ തൊട്ടു പിന്നിലായി നിലയുറപ്പിച്ചു. ഞങ്ങള്‍ മറ്റൊരു വഴിയിലൂടെ കളമശ്ശേരിയിലേക്ക് പുറപ്പെട്ടു.

കളമശ്ശേരിയിലെത്തിയപ്പോള്‍ അതിവേഗത്തില്‍ പൊലീസ് വാഹനം കടന്നു പോയി, പിന്നാലെ ഞങ്ങളും. പൊലീസ് വാഹനത്തില്‍ ബിജുവിനെയും കൊണ്ട് കൊയമ്പത്തൂരിലേക്ക് പോകുന്നുണ്ടെന്നും പിന്നാലെ മാധ്യമങ്ങളും പോകുന്നത് ദൃശ്യ മാധ്യമങ്ങളിലെല്ലാം വാര്‍ത്ത വന്നതിനാല്‍ റോഡിന്റെ ഇരുവശത്തും ഈ യാത്ര കാണാന്‍ നിരവധി പേരാണ് കാത്തു നിന്നത്.

കാര്‍ ആലുവയും, അങ്കമാലിയും ചാലക്കുടിയുമൊക്കെ കഴിഞ്ഞ് ചീറിപ്പാഞ്ഞു. ഞങ്ങളുടെ വാഹനമോടിയ്ക്കുന്ന ഡ്രൈവര്‍ പ്രസാദ് നമ്മുടെ കാര്‍ പിന്നാലെ പിടിച്ചു. വടക്കഞ്ചേരിയില്‍ നിന്നും പാലക്കാട് ബ്യൂറോയിലെ ക്യാമറാമാന്‍ മഹേഷ് പാലക്കാടും ഡ്രൈവര്‍ വിനുവും ഈ യാത്രയില്‍ ഞങ്ങളോടൊപ്പം കൂടി. വാഹനം 6:28ന് പാലക്കാട് പിന്നിട്ടു. എല്ലാ ദൃശ്യ മാധ്യമങ്ങളുടെയും പാലക്കാട് ബ്യൂറോയും ഒപ്പം കൂടി. പാലക്കാട് നിന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി സുനിലിന്റെ നേതൃത്വത്തില്‍ രണ്ട് പൊലീസ് വാഹനവും ഇതോടൊപ്പം അനുഗമിച്ചു.

മധുക്കരെ കഴിഞ്ഞ് കുറച്ചുകൂടെ മുന്നോട്ട് പോയപ്പൊള്‍ ബിജുവിനെയും കൊണ്ടുള്ള സൈലൊ വാഹനം ഇടത്തോട്ട് തിരിഞ്ഞ് ചെറിയ ഒരു വഴിയിലേക്ക് യാത്ര തുടര്‍ന്നു. കോവൈ പുത്തൂരിലെത്തിയ വാഹനവ്യൂഹം ഒന്നു നിര്‍ത്തി. പിന്നെ അവിടെ ഉണ്ടായിരുന്ന പെട്രോള്‍ പമ്പിന്റെ സൈഡിലൂടെ ഉള്ള വഴിയില്‍ യാത്ര വീണ്ടും തുടര്‍ന്നു. വാഹനം ശെല്‍വപുരം നോര്‍ത്ത് ഹൗസിംഗ് കോളനിയില്‍ എത്തിയപ്പോള്‍ നിര്‍ത്താന്‍ ബിജു ആവശ്യപ്പെട്ടു. എല്ലാ വാഹനങ്ങളും പല സ്ഥലങ്ങളിലായി നിര്‍ത്തി. ക്യാമറമാന്‍മാര്‍ സൈലോയ്ക്ക് ചുറ്റും കൂടി.

സെല്‍വി എന്ന സ്ത്രീയുടെ വീട്ടില്‍ സിഡി ഉണ്ടെന്ന് ബിജു പൊലീസിനോട് പറഞ്ഞു. വീട് കണ്ടുപിടിച്ച പൊലീസിനോട് ആ വീട്ടിലുണ്ടായിരുന്ന സ്ത്രീ പറഞ്ഞത് സെല്‍വിയും ചന്ദ്രനും ഒരു വര്‍ഷം മുമ്പെ വീട് മാറി പോയി എന്ന്. അവിടുത്തെ കൗണ്‍സിലര്‍ ദുരൈ ചന്ദ്രനുമായി ഫോണില്‍ ബന്ധപ്പെട്ടു. ചന്ദ്രന്‍ കുറച്ച് കഴിയുമ്പോള്‍ വരാമെന്ന് പറഞ്ഞു. കുറച്ച് സമയത്തിന് ശേഷം ഒരാള്‍ വന്ന് അഡ്വക്കറ്റ് ഹരികുമാറിനെ ഒരു കാര്യം അറിയിച്ചു. ബിജു അറസ്റ്റിലാകുന്നതിന് മുമ്പ് തന്റെ കൈയില്‍ ഒരു കവര്‍ തന്നിരുന്നെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ആരെങ്കിലും വന്നാല്‍ അത് തരാമെന്നും ചന്ദ്രന്‍ പറഞ്ഞെന്നും പറഞ്ഞ് അയാള്‍ അഡ്വക്കറ്റ് ഹരികുമാറിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. കുറച്ച് സമയത്തിന് ശേഷം ഒരു ഡിയൊ സ്‌ക്കൂട്ടറില്‍ ഒരാള്‍ ഒരു വെളുത്ത കവറും തൂക്കിപ്പിടിച്ച് വീടിനകത്തേയ്ക്ക് പോയി. ഹരികുമാര്‍ നിര്‍ദ്ദേശിച്ച പ്രകാരം പൊലീസ് ബിജുവിനെ വീട്ടിലെത്തിച്ചു. ആ സമയം വീടിനകത്ത് നേരത്തെ ഇല്ലെന്ന് പറഞ്ഞ സെല്‍വിയും ചന്ദ്രനും ഉണ്ടായിരുന്നു.

9:45ന് കമ്മീഷന്‍ അഭിഭാഷകന്‍ അഡ്വക്കറ്റ് ഹരികുമാര്‍ വീടിന് പുറത്തിറങ്ങി. കവറില്‍ നിന്നും ഒന്നും ലഭിച്ചില്ലെന്ന് അഡ്വ. ഹരികുമാര്‍ പറഞ്ഞു. പിന്നാലെ ബിജുവും ഇറങ്ങി. താന്‍ നല്‍കിയ കവറില്‍ സിഡിയും പെന്‍ഡ്രൈവും ഉണ്ടായിരുന്നെന്നും അത് മാറ്റിയിട്ടുണ്ടെന്നും ബിജു പറഞ്ഞു. അവസാനത്തെ കച്ചിത്തുരുമ്പും നഷ്ടപ്പെട്ടവന്റെ മുഖമായിരുന്നു ബിജു രാധാകൃഷ്ണനപ്പോള്‍. ബിജു നല്‍കിയ കവറില്‍ കുറച്ച് സിം കാര്‍ഡുകളും, സീലും, സര്‍ട്ടിഫിക്കറ്റുകളും മാത്രമെ ഉണ്ടായിരുന്നുള്ളു. പ്രതീക്ഷിച്ച തെളിവ് ലഭിച്ചില്ല. അതുകൊണ്ടുതന്നെ പൊലീസ് സംഘം ബിജുവിനെയും കൊണ്ട് തിരികെ കേരളത്തിലേക്ക്.

തിരികെയുള്ള വരവില്‍ ചില ചോദ്യങ്ങള്‍ ബാക്കിയാകുന്നുണ്ട്.

1. ബിജു രണ്ടരവര്‍ഷം മുമ്പ് നല്‍കിയ കവറില്‍ ഉണ്ടായിരുന്ന സിഡിയും പെന്‍ഡ്രൈവും എവിടെ?

2. സെല്‍വിയുടെ അമ്മ രാജമ്മ, സെല്‍വിയും ചന്ദ്രനും അവിടുന്ന് ഒരു വര്‍ഷം മുമ്പെ വീടുമാറിപ്പോയിരുന്നു എന്ന് നുണ പറഞ്ഞതെന്തിന്?

3. പൊലീസിനോട് ചന്ദ്രനും സെല്‍വിയും ആ വീട്ടില്‍ ഇല്ലായിരുന്നു എന്നാണ് രാജമ്മ പറഞ്ഞത്, പക്ഷെ അഡ്വക്കറ്റ് കമ്മീഷന്‍ വീട്ടിലെത്തിയപ്പോള്‍ ചന്ദ്രനും സെല്‍വിയും എങ്ങനെ അവിടെ ഉണ്ടായി?

4. വീട്ടില്‍ ഉണ്ടായിരുന്നു എന്നു പറഞ്ഞ കവര്‍ എങ്ങിനെയാണ് വീട്ടിന് പുറത്തെത്തിയത്?
(അഡ്വക്കറ്റ് കമ്മീഷന്‍ വന്നപ്പോള്‍ ആ കവര്‍ വീട്ടിലേക്ക് കൊണ്ടുവന്നത് പുറത്തുനിന്നായിരുന്നു്)

5. കവറില്‍ നിന്നും ലഭിച്ച ചില പേപ്പറുകള്‍ ആണൊ ബിജു രണ്ടരവര്‍ഷം മുമ്പെ സെല്‍വിയെ അതീവ രഹസ്യമായി സൂക്ഷിയ്ക്കാന്‍ ഏല്‍പിച്ചിരുന്നത്?

ഒപ്പം അനുബന്ധമായി ചില ചോദ്യങ്ങള്‍ കൂടി.

6. സരിതയുടെ ഡ്രൈവര്‍ എന്തിനാണ് രണ്ട് ദിവസം മുമ്പെ ശെല്‍വപുരത്ത് പോയത് ?

7. സരിത എന്തിനാണ് മൂന്ന് ദിവസം മുമ്പെ കോയമ്പത്തൂരില്‍ പോയത്?

8. സിഡി എടുക്കാന്‍ പോയ ദിനം സരിത എന്തുകൊണ്ട് വീട്ടില്‍ കയറാതെ കാറില്‍ തന്നെ കറങ്ങി നടന്നു?

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ സിഡി ഉണ്ടെന്ന് പറഞ്ഞത് സോളാര്‍ തട്ടിപ്പ് കേസ് പ്രതി ബിജു രാധാകൃഷ്ണന്‍. സിഡി കണ്ടെത്താനായി ബിജു പറഞ്ഞുകൊടുത്ത വഴിയേ പോയത് സോളാര്‍ കമ്മീഷന്‍ നിയോഗിച്ച സംഘം. സംഭവിക്കുന്നത് എന്ത് എന്ന് സമൂഹത്തെ അറിയിക്കുക എന്നതാണ് മാധ്യമങ്ങളുടെ കര്‍ത്തവ്യം. ഉണ്ടെന്ന് ഉറപ്പിച്ച സിഡി കിട്ടിയില്ലെങ്കില്‍ പിഴച്ചത് ബിജു രാധാകൃഷ്ണനാണ്. സിഡി കണ്ടെടുക്കുക എന്നത് മാധ്യമങ്ങളുടെ ജോലിയല്ല. അതിനാണ് പ്രത്യേക സംഘത്തെ കമ്മീഷന്‍ നിയോഗിച്ചതും. സിഡി ഇല്ല എന്ന വാര്‍ത്ത അതേനിമിഷം പുറംലോകത്തെ അറിയിച്ചത് ദൃശ്യമാധ്യമങ്ങളാണ്. സിഡി കിട്ടാത്തതിന് എന്തിനാണ് മാധ്യമങ്ങളെ പഴിക്കുന്നത്.

മാധ്യമപ്രവര്‍ത്തകരോട് രോഷ പ്രകടനം നടത്തുന്നവരോട് ഒന്നു പറയട്ടെ, കൊച്ചിയില്‍ നിന്നും കൊയമ്പത്തൂരേക്കുള്ള യാത്രയില്‍ എന്തും സംഭവിക്കാം. അസ്വാഭാവികതകള്‍ക്കിടയിലാണ് ചിലപ്പോഴൊക്കെ വാര്‍ത്തയുടെ ഇടവും. സിഡി കണ്ടെത്തുകയോ അതിലെ ഉള്ളടക്കം സമൂഹത്തെ അറിയിക്കുക എന്നത് മാധ്യമങ്ങള്‍ക്ക് ഏറ്റെടുക്കാനാവുന്ന ജോലിയല്ല. സംഭവിക്കുന്നത് എന്ത് എന്ന് അറിയണം എന്ന പൊതുസമൂഹത്തിന്റെ ആഗ്രഹത്തിന് ഒപ്പം ദൃശ്യ മാധ്യമങ്ങള്‍ നിന്നു എന്നുമാത്രം. അതിന് ബിജുവിനേയും കൊണ്ടുപോയ വഴികളിലൂടെ ആ സൈലോ വാഹനത്തെ പിന്തുടരുക എന്നതാണ് ചെയ്യാനാവുന്നതും.

വഴിതെറ്റിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നിരന്തരം ഉണ്ടായപ്പോഴും ശരിയായ വഴിയിലൂടെ മുന്നോട്ടുപോയത് ആ വാര്‍ത്താ ജാഗ്രത ഒന്നുകൊണ്ടുമാത്രമായിരുന്നു. ഓരോ നിമിഷവും സംഭവിക്കുന്നത് എന്ത് എന്നറിയാന്‍ ആഗ്രഹിക്കുന്ന, വിദൂരതയിലിരിക്കുന്ന പ്രേക്ഷകന്റെ ആശ്രയമാകാനാണ് കോയമ്പത്തൂരേക്കുള്ള യാത്രയില്‍ ഓരോ മാധ്യമപ്രവര്‍ത്തകനും ശ്രമിച്ചത്. പിന്നെയും പിന്നെയും അര്‍ത്ഥമില്ലാതെയും കാര്യങ്ങളുടെ നിജസ്ഥിതി മനസിലാക്കാതെയും കണ്ണടച്ച് മാധ്യമങ്ങളെ എതിര്‍ക്കുന്നവരോട് പറയാനുള്ളത് ഇത്രമാത്രം, നിങ്ങളുടെ വിമര്‍ശനങ്ങളേക്കാള്‍ വലുതാണ് പൊതു സമൂഹത്തിന്റെ അറിയാനുള്ള അവകാശവും അറിയിക്കുക എന്ന മാധ്യമങ്ങളുടെ കര്‍ത്തവ്യവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here