മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ ബഹളം; സഭ ഇന്നത്തേക്ക് പിരിഞ്ഞു; പ്രതിപക്ഷത്തെ അടക്കാമെന്ന് കരുതേണ്ടെന്ന് വിഎസ്; വിമര്‍ശനങ്ങള്‍ വസ്തുതകള്‍ മനസിലാകാതെയെന്ന് ചെന്നിത്തല

തിരുവനന്തപുരം: സോളാര്‍ക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാനറുകളും പ്ലക്കാര്‍ഡുമായാണ് പ്രതിപക്ഷം നിയമസഭയിലെത്തിയത്. ചോദ്യോത്തരവേള തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി എഴുന്നേറ്റു. സ്പീക്കറുടെ അഭ്യര്‍ഥനയെത്തുടര്‍ന്ന് പിന്നീട് ചോദ്യോത്തരവേളയോട് പ്രതിപക്ഷം സഹകരിച്ചു.

അതിനിടെ സോളാര്‍ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ ആഭ്യന്തരവകുപ്പ് അട്ടിമറിച്ചുവെന്ന് ആരോപിച്ച് പ്രതിപക്ഷ പ്രതിഷേധം നടത്തി. തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരാണാനുമതി നിഷേധിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്കെതിരെയും പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു. പ്രതിപക്ഷം സ്പീക്കറുടെ ഡയസില്‍ കയറി.

പ്രതിപക്ഷാംഗങ്ങളും സ്പീക്കര്‍ എന്‍. ശക്തനും തമ്മില്‍ വാക്ക്തര്‍ക്കവും നടന്നു. സോളാര്‍ കേസില്‍ അടിയന്തരപ്രമേയനോട്ടീസ് അനുവദിക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു. മറുപടിയില്‍ തൃപ്തരാകാത്ത പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം തുടങ്ങിയതോടെ സ്പീക്കര്‍ സഭ പിരിയുന്നതായി അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് സ്പീക്കറുടെ ഓഫീസ് പ്രതിപക്ഷം ഉപരോധിച്ചത്.

സ്പീക്കര്‍ ഭരണപക്ഷത്തിന്റെ ഭീഷണിക്ക് വിധേയനായെന്നും തങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. അടിയന്തരപ്രമേയം എന്നത്ി പ്രതിപക്ഷത്തിന്റെ അവകാശമാണ്. അഴിമതിക്കെതിരെ പോരാട്ട നയിക്കുന്ന പ്രതിപക്ഷത്തെ അടക്കാമെന്ന് കരുതേണ്ടെന്ന് വിഎസ് പറഞ്ഞു. സ്പീക്കറെ ഉപയോഗിച്ച് സഭയെ കൈക്കാര്യം ചെയ്‌തെന്നും വിഎസ് പറഞ്ഞു.

പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ വസ്തുതകള്‍ മനസിലാകാതെയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സോളാര്‍ കേസില്‍ ആഭ്യന്തരവകുപ്പ് ഇടപ്പെട്ടിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here