സരിത – മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് ദൃക്‌സാക്ഷികളായ സെക്യൂരിറ്റി ഗാര്‍ഡുമാര്‍ക്ക് സ്ഥിരനിയമനം; നടപടി പിഎസ്‌സി റാങ്ക്‌ലിസ്റ്റ് നിലവിലിരിക്കെ ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ദൃക്‌സാക്ഷികളായ രണ്ട് താല്‍ക്കാലിക ജീവനക്കാര്‍ക്ക് സ്ഥിര നിയമനം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന വിവാദ കൂടിക്കാഴ്ചയുടെ ദൃക്‌സാക്ഷികള്‍ക്കാണ് സര്‍ക്കാര്‍ ചട്ടങ്ങല്‍ കാറ്റില്‍പ്പറത്തി നിയമനം നല്‍കിയത്. നിലവില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന സെക്യുരിറ്റി ഗാര്‍ഡുമാര്‍ക്കാണ് സ്ഥിരനിയമനം.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം ടി ശിവന്‍, വി ബാലഗോപാലന്‍ എന്നിവരെയാണ് താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിച്ചത്. ഇവര്‍ക്കാണ് താല്‍ക്കാലികാടിസ്ഥാനത്തില്‍ വളഞ്ഞ വഴിയില്‍ സ്ഥിരനിയമനം നല്‍കിയത്. സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് പിഎസ്‌സിയുടെ റാങ്ക്‌ലിസ്റ്റ് നിലവിലിരിക്കെയാണ് സര്‍ക്കാരിന്റെ വഴിവിട്ട നടപടി.

മുഖ്യമന്ത്രിയുടെ ഓഫീസുമായി സരിതയ്ക്കുള്ള വഴിവിട്ട ബന്ധങ്ങള്‍ക്ക് ദൃക്‌സാക്ഷികളാണ് സ്ഥിരനിയമനം ലഭിച്ച രണ്ടുപേരും. ഭരണം വീഴുംമുമ്പ് സ്ഥിരപ്പെടുത്തിയില്ലെങ്കില്‍ ഇവരുടെ നിലപാട് സര്‍ക്കാരിന് തലവേദനയുണ്ടാക്കും. ഇവരുടെ രോഷം പുതിയ വെളിപ്പെടുത്തലായി പുറത്തുവന്നാലോ എന്ന ഭയമാണ് അതിവേഗ നിയമനത്തിന് പിന്നില്‍.

ആവശ്യത്തിലേറെ പൊലീസ് സുരക്ഷ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉണ്ടായിട്ടും ഉമ്മന്‍ചാണ്ടിയുടെ പ്രത്യേക താല്‍പ്പര്യത്തിലാണ് ഭരണത്തിന്റെ തുടക്കത്തില്‍ ഇവരെ താല്‍ക്കാലിക ഗാര്‍ഡുമാരായി നിയമിച്ചത്. ഇവരെ മാത്രമല്ല നിയമിക്കുന്നതെന്ന് വരുത്താന്‍ മറ്റ് നാലുപേരെക്കൂടി ഒരാഴ്ചയ്ക്കുള്ളില്‍ ഇതേരീതിയില്‍ സ്ഥിരപ്പെടുത്തി.

അനധികൃത നിയമനങ്ങള്‍ക്ക് മുഖ്യമന്ത്രി ചുക്കാന്‍ പിടിച്ചതോടെ ചീഫ് സെക്രട്ടറിയും മന്ത്രിമാരും മത്സരിച്ചായിരുന്നു നിയമനം. മുഖ്യമന്ത്രിയുടെ തണലില്‍ ചീഫ് സെക്രട്ടറി ജിജി തോംസന്റെ ഓഫീസിലെ താല്‍ക്കാലിക സെക്യൂരിറ്റി ഗാര്‍ഡായ ഗോപകുമാരന്‍ നായരെയും സ്ഥിരപ്പെടുത്തി. മറ്റ് മൂന്നുപേര്‍ ഭരണകക്ഷി യൂണിയന് വേണ്ടപ്പെട്ടവരാണ്.

സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്കുള്ള പിഎസ് സി ലിസ്റ്റിന് 2016 മാര്‍ച്ച് 31 വരെ കാലാവധിയുണ്ട്. പൊതുഭരണവകുപ്പിലെ ഏഴ് ഒഴിവ് പിഎസ് സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. ആ ഒഴിവില്‍ നിയമനത്തിന് ഉദ്യോഗാര്‍ഥികള്‍ക്ക് പിഎസ്‌സി അഡൈ്വസ് മെമ്മോ നല്‍കാനിരിക്കെയാണ് പിന്‍വാതില്‍ വഴി സര്‍ക്കാര്‍ സ്ഥിരനിയമനം നല്‍കിയത്.

റാങ്ക് ലിസ്റ്റിന്റെ കാലവധി കഴിഞ്ഞുവെന്ന് പ്രചരിപ്പിച്ചാണ് മുഖ്യമന്ത്രിതന്നെ മന്ത്രിസഭായോഗത്തില്‍ ചട്ടങ്ങളെ നോക്കുകുത്തി ആക്കിയത്. ഇതോടെ മന്ത്രിമാര്‍ നിയമനമത്സരം തുടങ്ങി. കെഎസ്ആര്‍ടിസിയുടെ കീഴിലുള്ള ശ്രീചിത്തിരതിരുനാള്‍ എന്‍ജിനിയറിങ് കോളേജില്‍ മന്ത്രി തിരുവഞ്ചൂര്‍ ഇടപെട്ട് ആറുപേരെ നിയമിച്ചു.

സാംസ്‌കാരികവകുപ്പിലും നോര്‍ക്കയിലും സ്ഥിരനിയമന നീക്കം തകൃതിയാണ് എന്നും ആക്ഷേപമുണ്ട്. ഘടകകക്ഷി മന്ത്രിമാരുടെ വകുപ്പുകളിലും നിയമനം സ്ഥിരപ്പെടുത്തല്‍ തുടരുകയാണ്. വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ സ്ഥാപനങ്ങളില്‍ 200 പേരെ നിയമിക്കാന്‍ നീക്കം വീണ്ടും സജീവമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News