ഡിസിസി പ്രസിഡന്റുമാരെ മാറ്റില്ല; അധ്യക്ഷ പദവി ഒഴികെയുള്ള സമഗ്ര പുനസംഘടനയ്ക്ക് നിര്‍ദ്ദേശം നല്‍കും; സുധീരന്റെ പുനസംഘടനാ നീക്കം എ-ഐ ഗ്രൂപ്പുകള്‍ വെട്ടി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഡിസിസി പ്രസിഡന്റുമാരെ തല്‍ക്കാലം മാറ്റില്ല. അധ്യക്ഷന്‍മാര്‍ ഒഴികെയുള്ളവരുടെ സമഗ്ര പുനസംഘടനയ്ക്ക് നിര്‍ദ്ദേശം നല്‍കും. ആറ് ഡിസിസി അധ്യക്ഷന്‍മാരെ മാറ്റുന്നത് ഉള്‍പ്പടെയുള്ള ശുപാര്‍ശ കെപിസിസി തെളിവെടുപ്പ് സമിതിയുടെ മുന്നില്‍ ഉണ്ടായിരുന്നു. ചില ഡിസിസി അധ്യക്ഷന്മാരെ മാറ്റണം എന്ന അഭിപ്രായം കെപിസിസി നേതൃത്വത്തിനും ഉണ്ടായിരുന്നു.

അതേസമയം ഡിസി അധ്യക്ഷന്മാരെ മാറ്റേണ്ടെന്ന കര്‍ശന നിലപാടാണ് എ-ഐ ഗ്രൂപ്പുകള്‍ സ്വീകരിച്ചത്. മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനും ആഭ്യന്തരമന്ത്രിയും ഇന്ദിരാഭവനില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനമുണ്ടായത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് കോണ്‍ഗ്രസ് നേരിട്ടത്. തുടര്‍ന്ന് ഡിസിസികളുടെ തലപ്പത്ത് മാറ്റം വേണം എന്ന ആവശ്യം ഉയര്‍ന്നു. ജില്ലകളില്‍ തെളിവെടുപ്പ് നടത്തിയ കെപിസിസി ഭാരവാഹികള്‍ അത്തരം നിര്‍ദ്ദേശമാണ് മുന്നോട്ടുവച്ചത്. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകളിലാണ് ഇത്തരം ആവശ്യം ഉയര്‍ന്നത്.

പുനസംഘടനയുടെ മറവില്‍ സ്വന്തം അനുകൂലികളെ തിരുകിക്കയറ്റാന്‍ വിഎം സുധീരന്‍ ശ്രമിക്കുന്നതായി ആക്ഷേമുയര്‍ന്നിരുന്നു. ഇത് ഗ്രൂപ്പ് നിലപാടുകള്‍ക്ക് വിരുദ്ധവുമായിരുന്നു. ഇക്കാരണത്താലാണ് എ-ഐ ഗ്രൂപ്പുകള്‍ ഒന്നിച്ച് ഡിസിസി അധ്യക്ഷന്മാരെ മാറ്റുന്ന കാര്യം എതിര്‍ത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News