ഹേമ- ഹരീഷ് ബംബാനി ഇരട്ടക്കൊലപാതകം; രണ്ടു പേര്‍ അറസ്റ്റില്‍; കാന്തിവലിയിലെ ഗോഡൗണ്‍ ഉടമയെ തിരഞ്ഞ് പൊലീസ്

മുംബൈ: പ്രമുഖ ചിത്രകാരി ഹേമ ഉപാധ്യായ, അഭിഭാഷകന്‍ ഹരീഷ് ബംബാനി എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. സാധു എന്ന ശിവ്കുമാര്‍ രാജ്ഭറും വിദ്യ രാജ്ഭറുമാണ് പിടിയിലായത്്. പൊലീസിന്റെ ചോദ്യംചെയ്യലില്‍ താനാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്ന് സാധു സമ്മതിച്ചിട്ടുണ്ട്. വിദ്യയുടെ നിര്‍ദേശപ്രകാരമാണ് താന്‍ കൊലപാതകങ്ങള്‍ നടത്തിയതെന്നും ഇയാള്‍ പൊലീസിനു മൊഴി നല്‍കി.

വാരാണസിയില്‍നിന്നാണ് തിങ്കളാഴ്ച ഇരുവരെയും പിടികൂടിയത്. സാധുവില്‍നിന്ന് ഹേമയുടെയും അഭിഭാഷകന്റെയും ക്രെഡിറ്റ് കാര്‍ഡുകള്‍ കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ ഡ്രൈവറടക്കം മൂന്ന് ജീവനക്കാര്‍ മുംബൈ പൊലീസിന്റെ കസ്റ്റഡിയിലാണ്.

ഹേമയുടെ മുന്‍ ഭര്‍ത്താവ് ചിന്തന്‍ ഉപാധ്യയുമായുള്ള കേസുമായി ബന്ധപ്പെട്ട രേഖകള്‍ നല്‍കാമെന്ന് അറിയിച്ച് സാധു ഹേമയെ ഫോണ്‍ ചെയ്തിരുന്നു. പിന്നീട് ഹേമയെ ആരും കണ്ടിട്ടില്ല. മൊബൈല്‍ സ്വിച്ച്ഓഫ് ആകുന്നതിനു തൊട്ടുമുന്‍പ് സാധുവാണ് ഹേമയുമായി അവസാനം മൊബൈലില്‍ സംസാരിച്ചതെന്ന് പൊലീസ് കണ്ടെത്തി.

അതേസമയം, ഹേമയുടെ സൃഷ്ടികള്‍ സൂക്ഷിച്ചിരുന്ന കാന്തിവലിയിലെ ഗോഡൗണ്‍ ഉടമയെയും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഗോഡൗണില്‍വച്ചാണ് ഹേമ കൊല്ലപ്പെട്ടതെന്നാണ് പൊലീസിന്റെ നിഗമനം.

ഞായറാഴ്ചയാണ് ഹേമ ഉപാധ്യായയെയും അഭിഭാഷകനെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മുംബൈ കാന്തിവലിയിലെ അഴുക്കുചാലില്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടിക്കുള്ളില്‍ പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങള്‍.

2013ല്‍ പീഡനത്തിന് ഭര്‍ത്താവ് ചിന്തന്‍ ഉപാധ്യായക്കെതിരെ ഹേമ കേസുകൊടുത്തിരുന്നു. അന്ന് ഹേമക്ക് വേണ്ടി കേസ് വാദിച്ചത് ഹരേഷ് ബംബാനിയായിരുന്നു. 1998ല്‍ വിവാഹിതരായ ഹേമ 2010ല്‍ വിവാഹമോചനം നേടിയിരുന്നു. ഗുജറാത്ത് ലളിതകലാ അക്കാദമിയുടേയും കേന്ദ്ര ലളിതകലാ അക്കാദമിയുടേതുമടക്കം നിരവധി പുരസ്‌കാരങ്ങള്‍ ഹേമയെ തേടിയെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here