ആര്‍.ശങ്കറിനെ ആര്‍എസ്എസുകാരനായി ചിത്രീകരിക്കരുതെന്ന് മകന്‍; വിവാദങ്ങള്‍ക്ക് പിന്നില്‍ ചിലരുടെ കറുത്ത കൈകള്‍; പ്രതിമ അനാച്ഛാദന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് മോഹന്‍ ശങ്കര്‍

തിരുവനന്തപുരം: ആര്‍.ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് മകന്‍ മോഹന്‍ ശങ്കര്‍. ആര്‍.ശങ്കറിന് ആര്‍എസ്എസുകാരനായി ചിത്രീകരിക്കുന്നതില്‍ വിഷമമുണ്ടെന്നും ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയത് ചിലരുടെ താല്‍പര്യം സംരക്ഷിക്കാനാണെന്നും മോഹന്‍ശങ്കര്‍ പറഞ്ഞു.

ആദ്യം ക്ഷണിച്ച് പിന്നീട് ഒഴിവാക്കിയതിലൂടെ മുഖ്യമന്ത്രിയെ അപമാനിക്കുകയാണ് സംഘാടകര്‍ ചെയ്തത്. വിവാദത്തിന് പിന്നില്‍ ചിലരുടെ കറുത്ത കൈകളുണ്ട്. എടുത്ത തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കുന്നയാളായിരുന്നു ആര്‍.ശങ്കറെന്നും മോഹന്‍ പറഞ്ഞു. എസ്എന്‍ഡിപി യോഗവും രാഷ്ട്രീയവും രണ്ടായി പോകണമെന്നും കെപിസിസി പറഞ്ഞിട്ടല്ല ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നും മോഹന്‍ പറഞ്ഞു. മോഹന്‍ ശങ്കറിനൊപ്പം സഹോദരി എസ്. ശശികുമാരിയും ചടങ്ങില്‍ പങ്കെടുക്കില്ല.

വിവാദങ്ങള്‍ക്കിടെ ആര്‍. ശങ്കറിന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അനാച്ഛാദനം ചെയ്യും. ശ്രീനാരായണഗുരു കോളജ് ഓഫ് ലീഗല്‍ സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ കൊല്ലം എസ്.എന്‍. കോളജ് അങ്കണത്തില്‍ സ്ഥാപിച്ച പ്രതിമയാണ് അനാച്ഛാദനം ചെയ്യുന്നത്. പ്രതിഷേധസൂചകമായി യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും ജനപ്രതിനിധികള്‍ ചടങ്ങില്‍നിന്നു വിട്ടുനില്‍ക്കും.

ചടങ്ങ് വിവാദമായതോടെ സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി മടങ്ങുന്നതുവരെ എസ്.എന്‍ കോളജിന് സമീപത്തെ ട്രാക്കിലെ ട്രെയിന്‍ സര്‍വീസും ഒഴിവാക്കും. ആ സമയത്തെ ട്രെയിനുകള്‍ മയ്യനാട്ടും ശാസ്താംകോട്ടയിലും പിടിച്ചിടുമെന്ന് റെയില്‍വേ അറിയിച്ചു.

ഏഴായിരം പേര്‍ക്ക് ഇരിക്കാവുന്ന പന്തലാണ് തയ്യാറാക്കിയിരിക്കുന്നത്. ഏഴായിരം പേര്‍ക്ക് പ്രവേശനത്തിനുളള പാസ് വിതരണം ചെയ്തിട്ടുണ്ട്. 2.35നാണ് ചടങ്ങെങ്കിലും ഒന്നരയ്ക്ക് മുമ്പ് പാസുമായി പന്തലില്‍ പ്രവേശിക്കേണ്ടതാണ്. മൊബൈല്‍ഫോണ്‍, കുട, വാട്ടര്‍ബോട്ടില്‍, ലൈറ്റര്‍, തീപ്പെട്ടി, ബാഗ് എന്നിവ കൊണ്ടുവരാന്‍ പാടില്ലെന്ന് പ്രത്യേകനിര്‍ദ്ദേശമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News