ദില്ലി മുഖ്യമന്ത്രിയുടെ ഓഫീസില്‍ സിബിഐ റെയ്ഡ്; മോദിയുടെ ഭീരുത്വമെന്ന് കെജ്‌രിവാള്‍; കേന്ദ്രത്തിന് ഉത്തരവാദിത്തമില്ലെന്ന് വെങ്കയ്യ നായിഡു

ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഓഫീസില്‍ സിബിഐ റെയ്ഡ്. രാവിലെ ഏഴു മണിക്ക് ദില്ലി സെക്രട്ടറിയേറ്റിന്റെ മൂന്നാം നിലയിലുള്ള ഓഫീസിലാണ് സിബിഐ സംഘം പരിശോധന നടത്തിയത്.

റെയ്ഡ് മോഡിയുടെ ഭീരുത്വത്തിന്റെ തെളിവാണെന്നും രാഷ്ട്രീയമായി തന്നെ നേരിടാന്‍ മോഡിക്ക് സാധിക്കുന്നില്ലെന്നും കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. ഓഫീസ് സിബിഐ സീല്‍ ചെയ്‌തെന്ന് കെജ്‌രിവാള്‍ ആരോപിച്ചു.

അതേസമയം, മുഖ്യമന്ത്രിയുടെ ഓഫീസില്‍ റെയ്ഡ് നടത്തിയിട്ടില്ലെന്ന വാദത്തില്‍ സിബിഐ ഉറച്ചുനില്‍ക്കുകയാണ്. എന്നാല്‍ സിബിഐ റെയ്ഡ് നടന്നെന്നും മോദിക്ക് ഏത് ഫയലാണ് വേണ്ടതെന്ന് പറയണമെന്നും അത് ഹാജരാക്കാന്‍ താന്‍ തയ്യാറാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.

റെയ്ഡില്‍ കേന്ദ്രസര്‍ക്കാരിന് ഉത്തരവാദിത്വമില്ലെന്നും സിബിഐ അവരുടെ ജോലി നിര്‍വഹിക്കുകയാണ് ചെയ്യുന്നതെന്നും കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വെങ്കയ്യ നായിഡു പ്രതികരിച്ചു. യാതൊരു കാരണവും കൂടാതെയായിരുന്ന പരിശോധനയെന്ന് ആംആദ്മി പാര്‍ട്ടി നേതാക്കള്‍ പ്രതികരിച്ചു.

കെജ്‌രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദ്രകുമാറിന്റെ ഓഫീസിലാണ് റെയ്ഡ് നടത്തിയതെന്ന് സിബിഐ വ്യക്തമാക്കി. രാജേന്ദ്ര കുമാറിനെതിരെ നേരത്തെ അഴിമതിയാരോപണം ഉയര്‍ന്നിരുന്നു. ദില്ലി സര്‍ക്കാരിന് കീഴില്‍ വിദ്യഭ്യാസം, ആരോഗ്യം, ഐ.ടി എന്നീ വകുപ്പുകളില്‍ ജോലി ചെയ്തിരുന്ന കാലത്ത് അഴിമതി നടത്തിയെന്ന് ഡയലോഗ് കമ്മീഷന്‍ മുന്‍ അംഗമായ ആശിഷ് ജോഷി അഴിമതി വിരുദ്ധ സെല്ലിന് നേരത്തെ പരാതി നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News