ഡാന്‍സ് ബാറുകളുടെ പ്രവര്‍ത്തനം പൊലീസ് സ്റ്റേഷനില്‍ ലൈവ്

മുംബൈ: മുംബൈയില്‍ ഡാന്‍സ് ബാറുകളുടെ പ്രവര്‍ത്തനം തൊട്ടടുത്ത പൊലീസ് സ്റ്റേഷനില്‍ തല്‍സമയം സിസിടിവിയിലൂടെ കാണിക്കണമെന്ന് നിര്‍ദേശം. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സ് ബാറുകള്‍ തുറക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഡാന്‍സ് ബാറുകള്‍ ലൈവായി പൊലിസ് സ്റ്റേഷനില്‍ കാണിക്കുന്നത് ദൃശ്യങ്ങള്‍ ദുരുപയോഗിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും കച്ചവടം കുറയ്ക്കുമെന്നും ബാറുടമകള്‍ പരാതിയായി ഉന്നയിക്കുന്നു.

ഡാന്‍സ് ബാര്‍ നിരോധനത്തിനെതിരേ ഒക്ടോബറിലാണ് സുപ്രീം കോടതി ഉത്തരവു പുറപ്പെടുവിച്ചത്. കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഡാന്‍സ് ബാറുകള്‍ക്കു പ്രവര്‍ത്തിക്കാമെന്നായിരുന്നു ഉത്തരവ്. തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കിയത്. ബാറില്‍വരുന്നവരും നര്‍ത്തകരും തമ്മില്‍ കൃത്യമായ അകലം പാലിക്കണമെന്നും കരടു നിര്‍ദേശങ്ങളിലുണ്ട്. നാലു നര്‍ത്തകരില്‍ കൂടുതല്‍ ഒരു സമയം പാടില്ലെന്നും വ്യവസ്ഥയുണ്ട്.

രണ്ടു മീറ്ററാണ് നര്‍ത്തകരുമായി സൂക്ഷിക്കേണ്ട അകലം. പതനെട്ടുവയസില്‍ താഴെ പ്രായമുള്ള സ്ത്രീകളെ നര്‍ത്തകരായി നിയോഗിക്കരുത്. നര്‍ത്തകര്‍ക്കു പണം സമ്മാനം നല്‍കാന്‍ പാടില്ലെന്നും നിര്‍ദേശങ്ങളിലുണ്ട്. സ്ത്രീകളെ ഒരു വിധത്തിലും ചൂഷണം ചെയ്യപ്പെടാതിരിക്കാനാണ് വ്യവസ്ഥകള്‍ കര്‍ക്കശമാക്കുന്നതെന്നും മഹാരാഷ്ട്ര ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി വിജയ് സത്ബീര്‍ സിംഗ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News