നിറം കുറവായതിന് ഇരുപത്താറുകാരിയെ ഭര്‍ത്താവ് ഇ മെയിലിലൂടെ മൊഴി ചൊല്ലി; തലാക്ക് ചൊല്ലിയത് യുവതി ഗര്‍ഭിണിയാണെന്നറിഞ്ഞതിന് പിന്നാലെ

നോയ്ഡ: നിറം കുറഞ്ഞതിന്റെ പേരില്‍ ഇരുപത്താറുകാരിയെ ഭര്‍ത്താവ് ഇമെയിലിലൂടെ മൊഴി ചൊല്ലി. താന്‍ ഗര്‍ഭിണിയാണെന്നു യുവതി അറിയിച്ചതിനു പിന്നാലെയാണ് ഭര്‍ത്താവ് ഇ മെയിലിലൂടെ മുത്തലാക്ക് ചൊല്ലിയത്. നാലു മാസം മുമ്പാണ് ഇവര്‍ വിവാഹിതരായത്.

നോയ്ഡ ആസ്ഥാനമായുള്ള ഒരു ഫാര്‍മസി കമ്പനിയിലെ റിസേര്‍ച്ച് അസിസ്റ്റന്റാണ് പരാതിക്കാരിയായ യുവതി. സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ് മുപ്പത്തഞ്ചുകാരനായ ഭര്‍ത്താവ്. വിവാഹദിവസം തന്നെ നിറം കുറവായതിന്റെ പേരില്‍ തന്നെ ഭര്‍ത്താവ് അപമാനിച്ചതായും യുവതി പരാതിയില്‍ പറയുന്നു.

യുവതി ഗുരുതര രോഗബാധിതയാണെന്നും വിവാഹസമയത്ത് ഇക്കാര്യം മറച്ചുവച്ചതാണെന്നും കാട്ടിയാണ് യുവാവ് മൊഴി ചൊല്ലിയത്. തനിക്കു രോഗമൊന്നുമില്ലെന്നും ഒരു കാര്യവും മറച്ചുവച്ചിട്ടില്ലെന്നും യുവതി പറഞ്ഞു. ഒരു വൈവാഹിക വെബ്‌സൈറ്റിലൂടെയാണ് യുവതിയും യുവാവും തമ്മിലുള്ള വിവാഹാലോചന നടന്നത്. ജംഷ്ദ്പുരില്‍വച്ചായിരുന്നു വിവാഹം. പിന്നീട് ഇവര്‍ യുവാവിന്റെ ജോലി സ്ഥലമായ ബംഗളുരുവിലേക്കു മാറി. ബംഗളുരുവില്‍ താമസിക്കുമ്പോള്‍ പലപ്പോഴും വഴക്കുണ്ടാകുന്നതും മര്‍ദിക്കുന്നതും പതിവായിരുന്നെന്നും യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

സഹികെട്ടപ്പോഴാണ് യുവതി നോയ്ഡയിലെ ജോലി സ്ഥലത്തേക്കു തിരിച്ചുവന്നത്. വിവാഹത്തിന് മുമ്പു ഭര്‍ത്താവും കുടുംബവും തന്നെ കണ്ടതാണെന്നും അന്നു തനിക്കു നിറമില്ലെന്ന പരാതി ആര്‍ക്കും ഉണ്ടായിരുന്നില്ലെന്നും യുവതി പറയുന്നു. യുവാവിനെ നോയ്ഡ് പൊലിസ് വരാന്‍ പറഞ്ഞു വിളിച്ചെങ്കിലും നിഷേധാത്മകമായ നിലപാടാണ് സ്വീകരിച്ചതെന്നു വനിതാ സ്റ്റേഷനിലെ ഹൗസ് ഓഫീസര്‍ നരേന്ദ്രീ സൈനി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News