ആര്‍ ശങ്കറിനെ ആര്‍എസ്എസിന്റെ ബന്ധുവാക്കി നരേന്ദ്രമോദി; കൊല്ലത്ത് ഇറക്കിയത് പിന്നോക്ക കാര്‍ഡ്; മുഖ്യമന്ത്രിയെ ഒഴിവാക്കിയ വിഷയത്തില്‍ മോദിക്ക് മൗനം; നിവേദനവുമായി വെള്ളാപ്പള്ളി

കൊല്ലം: പിന്നോക്ക കാര്‍ഡുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പിന്നോക്കക്കാരന് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുന്നു. അത് നേരിട്ട് അനുഭവിച്ചവനാണ് താന്‍. തന്നെയാരും പഠിപ്പിക്കണ്ട. പിന്നോക്കാവസ്ഥയില്‍നിന്ന് കൈപിടിച്ചുയര്‍ത്താന്‍ ശ്രമിക്കുന്നവര്‍ ഗുരുതുല്യരാണ് എന്നും മോദി പറഞ്ഞു. കൊല്ലത്ത് ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി.

പിന്നോക്കക്കാരന്റെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുള്ള നടപടികളാണ് ഇന്ന് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത്. ഈ നാട്ടിലെ പിന്നോക്കക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇങ്ങനെയൊരു സര്‍ക്കാരിനേ കഴിയൂ. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ പ്രഖ്യാപനങ്ങള്‍ നടത്തുന്നില്ല എന്നും നരേന്ദ്രമോദി പറഞ്ഞു.

ഹിന്ദുമഹാമണ്ഡലത്തെയും നരേന്ദ്രമോദി ഓര്‍മ്മിപ്പിച്ചു. ആര്‍ ശങ്കറും മന്നത്ത് പത്മനാഭനും ചേര്‍ന്ന് രൂപീകരിച്ച ഹിന്ദുസഭാ മണ്ഡലത്തിന്റെ ഉദ്ഘാടനത്തിന് ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയെ ക്ഷണിച്ചു. ഹിന്ദു മഹാ മണ്ഡലത്തിന്റെ ഇന്നത്തെ രൂപമാണ് ബിജെപി. ആര്‍ ശങ്കറിനെ ജനസംഘത്തിന്റെ സമ്മേളനത്തിലേക്ക് ക്ഷണിച്ചു. ജനസംഘവുമായി അടുത്ത ബന്ധമുള്ള നേതാവായിരുന്നു ആര്‍ ശങ്കര്‍.- പ്രധാനമന്ത്രി പറഞ്ഞു.

ചിലര്‍ മാത്രമേ മരണ ശേഷവും ജനങ്ങളുടെ മനസില്‍ ജീവിക്കാറുള്ളൂ. ആര്‍ ശങ്കര്‍ കേരളത്തിലെ ജനങ്ങളുടെ ഹൃദയത്തില്‍ ജീവിച്ചിരിക്കുന്ന നേതാവാണ്. രാഷ്ട്രീയ രംഗത്ത് വിട്ടുവീഴ്ച ചെയ്യുന്നവര്‍ പ്രായോഗിക രാഷ്ട്രീയക്കാരനായി മാറിയില്ല. ഗുരുവിന്റെ തത്വങ്ങള്‍ പ്രാവര്‍ത്തികമാക്കാനാണ് ശങ്കര്‍ ശ്രമിച്ചത്. – നരേന്ദ്രമോദി പറഞ്ഞു.

തടസപ്പെടുത്തുക, നശിപ്പിക്കുക, ഇല്ലാതാക്കുക എന്നതാണ് പ്രതിപക്ഷനയം. വികസനമാണ് ബിജെപിയുടെ അജണ്ട. സല്‍ഭരണം തടസപ്പെടുത്തുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. കേരളത്തിന്റെ വികസന കാര്യത്തില്‍ ഉപേക്ഷയുണ്ടാവില്ല. എല്ലാ സഹായവും കേന്ദ്ര സര്‍ക്കാര്‍ നല്‍കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

കൊല്ലത്ത് നടന്നചടങ്ങില്‍ നിരവധി ആവശ്യങ്ങളാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രധാനമന്ത്രിക്ക് മുന്നില്‍ വെച്ചത്. എസ്എന്‍ഡിപി യോഗത്തിന്റെ കീഴില്‍ നടത്തുന്ന മൈക്രോഫിനാന്‍സ് പദ്ധതി വിപുലീകരിക്കണമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഇതിന് കേന്ദ്ര സര്‍ക്കാര്‍ സഹായം നല്‍കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

കാസര്‍ഗോട്ടെ കേന്ദ്ര സര്‍വകലാശാലയ്ക്ക് ശ്രീനാരായണ ഗുരുദേവന്റെ പേര് നല്‍കണം. ശബരിമല ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കണം. ദേശീയ പാത വികസനത്തിന് നിബന്ധനകളില്‍ ഇളവ് വേണം. കേരളത്തിലെ നിബിഡവനങ്ങള്‍ സംരക്ഷിക്കണമെന്നും വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടു. വെള്ളാപ്പള്ളി നടേശന്‍ ഉന്നയിച്ച് ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് നരേന്ദ്രമോദി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News