പാകിസ്ഥാനുമായി സമാധാന ചര്‍ച്ചയ്ക്ക് മുന്‍തൂക്കം നല്‍കുമെന്ന് പ്രധാനമന്ത്രി; താഴേത്തട്ടുമുതല്‍ സേനയുടെ അംഗബലം കുറയ്ക്കും; സേന ഡിജിറ്റലാകണമെന്നും സേനാ തലവന്മാരോട് മോദി

കൊച്ചി: പാകിസ്ഥാനുമായുള്ള സമാധാന ചര്‍ച്ച മുന്നോട്ടുകൊണ്ടുപോകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സമാധാന ചര്‍ച്ചയ്ക്ക് മുന്‍തൂക്കം നല്‍കും. ഇതുകൊണ്ട് ഭീകരതയ്‌ക്കെതിരായ നിലപാടില്‍ അയവുവരുത്തുന്നു എന്ന് അര്‍ത്ഥമില്ല. സമാധാനപരമായ ബന്ധം പുനസ്ഥാപിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. അതിര്‍ത്തിമേഖലയില്‍ സ്ഥിരത നിലനിര്‍ത്തും. ചൈനയുമായും അഫ്ഗാനിസ്ഥാനുമായും മികച്ച ബന്ധമാണ് ഇന്ത്യ പുലര്‍ത്തുന്നതെന്നും നരേന്ദ്രമോദി പറഞ്ഞു.

സേനയ്ക്ക് കൂടുതല്‍ സാങ്കേതിക മികവ് ആവശ്യമാണ്. ഡിജിറ്റല്‍വത്കരണത്തിലൂടെ സേനയിലെ അംഗസംഖ്യ കുറയ്ക്കണം. പരിഷ്‌കൃത രാജ്യങ്ങള്‍ സേനയിലെ അംഗസംഖ്യ കുറയ്ക്കുകയാണ്. പ്രതിരോധ നയങ്ങളില്‍ കാലോചിതമായ മാറ്റം ആവശ്യമാണ്. ഇതിന് മുന്തിയ പരിഗണന നല്‍കും. താഴെത്തട്ടുമുതല്‍ മുകളില്‍ വരെ ആനുപാതികമായി എണ്ണം കുറയ്ക്കും. -പ്രധാനമന്ത്രി പറഞ്ഞു.

രാജ്യാന്തര സഹകരണത്തിലുടെയേ മുന്നോട്ടുപോകാനാവൂ. ലോകത്തെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് ഇന്ത്യയും പുതിയ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. പഴയ വൈരികളില്‍നിന്നും സൈബര്‍ ലോകത്തും ഇന്ത്യ ഭീഷണി നേരിടുന്നു. ഇത്തരം വെല്ലുവിളികള്‍ നേരിടാന്‍ പുതിയ സാങ്കേതിക വിദ്യകള്‍ക്ക് കഴിയും. നിലവിലെയും ഭാവിയിലെയും വെല്ലുവിളികള്‍ നേരിടാന്‍ കഴിയണം. – പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.

മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുമായി സഹകരിക്കാന്‍ വിദേശ പ്രതിരോധ കമ്പനികള്‍ തയ്യാറായിട്ടുണ്ട്. പ്രതിരോധ രംഗത്ത് സാങ്കേതിക മുന്നേറ്റം ഉണ്ടാക്കേണ്ടതുണ്ട്. മാറുന്ന ലോകത്ത് വെല്ലുവിളികള്‍ തിരിച്ചറിഞ്ഞ് സേന മുന്നേറണം. മുതിര്‍ന്ന സൈനിക ഓഫീസര്‍മാര്‍ക്ക് മൂന്ന് തലത്തിലുള്ള സൈനിക – സാങ്കേതിക അറിവ് ആവശ്യമാണ്. ദേശീയ പ്രതിരോധ സര്‍വകലാശാല ഉടന്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

കൊച്ചിയില്‍ നിന്ന് 40 നോട്ടിക്കല്‍ മൈല്‍ അകലെ പുറങ്കടലില്‍ നടത്തിയ സേനാമേധാവികളുടെ സംയുക്ത യോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്. പടക്കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയിലായിരുന്നു യോഗം. പ്രതിരോധമന്ത്രി മനോഹര്‍ പരീഖറും യോഗത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News