ചൂടോടെയുള്ള നാരങ്ങാവെള്ളം വെറും നാരങ്ങാവെള്ളമല്ല; ആരോഗ്യത്തിനും ഉണര്‍വിനും സൗന്ദര്യം നിലനിര്‍ത്താനും ഉത്തമം

നാരങ്ങാവെള്ളം ഇഷ്ടമില്ലാത്തവര്‍ അധികമുണ്ടാകില്ല. വേനലില്‍ ദാഹമകറ്റാന്‍ എളുപ്പത്തില്‍ തയാറാക്കാവുന്നതും സ്വദുള്ളതുമായ പാനീയം ആരോഗ്യപ്രദവുമാണ്. എന്നും രാവിലെ ചൂടുവെള്ളത്തില്‍ നാരങ്ങാ പിഴിഞ്ഞു കുടിക്കുന്നത് ഉത്തമമാണെന്നാണ് ആരോഗ്യരംഗത്തുനിന്നുള്ള പുതിയ വാര്‍ത്ത.

രാവിലെയുള്ള ചായയെയക്കാളും കാപ്പിയെക്കാളും ഉണര്‍വു പ്രദാനം ചെയ്യാന്‍ കഴിയുന്നത് ചൂടുനാരങ്ങാവെള്ളമാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നാരാങ്ങാനീരിലുള്ള ജീവകങ്ങളും ധാതുക്കളും ദഹനപ്രക്രിയ എളുപ്പത്തിലാക്കുകയും ദഹനവ്യവസ്ഥയിലെത്തുന്ന വിഷകരമായ ഘടകങ്ങളെ നിര്‍വീര്യമാക്കുകയും ചെയ്യും. ഹൃദയത്തെ ബലപ്പെടുത്തുന്ന പൊട്ടാസ്യത്തിന്റെ അളവും നാരങ്ങാനീരില്‍ ധാരാളമായുണ്ട്. പേശികളെ ബലപ്പെടുത്താനും പൊട്ടാസ്യം അത്യന്താപേക്ഷിതമാണ്.

നാരങ്ങാനീരിന്റെ മണം പോലും ശരീരത്തിന് ഉത്തമമാണ്. മാനസിക സമ്മര്‍ദം കുറച്ച് മനസിന് ഉല്ലാസം പകരാന്‍ ഈ ഗന്ധത്തിന് കഴിയും. വിശപ്പു കുറയ്ക്കാനും നാരങ്ങാ നീരിനു കഴിയും. ദീര്‍ഘനേരത്തെ ജോലി ചെയ്താലും വിശപ്പു കുറച്ച് ലഘുഭക്ഷണങ്ങള്‍ തുടരെത്തുടരെ കഴിക്കുന്നത് ഒഴിവാക്കാന്‍ നിത്യേനയുള്ള ചൂടു നാരങ്ങാവെള്ളം സഹായിക്കും.

നാരങ്ങാനീരിലുള്ള ജീവകം സി രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുകയും ഓറഞ്ചിനെ അപേക്ഷിച്ച് മധുരത്തിന്റെ അളവ് കുറവായതിനാല്‍ ആരോഗ്യത്തിന് ദോഷം ചെയ്യാത്തതുമാണെന്നും ആരോഗ്യമേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. സൗന്ദര്യം വര്‍ധിപ്പിക്കാനും നിലനിര്‍ത്താനും മികച്ച മാര്‍ഗംകൂടിയാണ് ചൂടു നാരങ്ങാവെള്ളം. ചുളിവുകള്‍ വരാതെ ത്വക്കിനെ സൂക്ഷിക്കാനും ത്വക്കിനെ ബാധിക്കുന്ന ബാക്ടീരിയ മൂലമുള്ള രോഗങ്ങളെ ചെറുക്കാനും ചൂടോടെ ഒരു നാരങ്ങാവെള്ളം എന്നും രാവിലെ കുടിച്ചാല്‍ മതിയാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here