ബിജെപി സംസ്ഥാന അധ്യക്ഷനെ ഇന്ന് തീരുമാനിച്ചേക്കും; കുമ്മനം രാജശേഖരന് മുന്‍ഗണന; ദേശീയ നേതൃയോഗം ഇന്ന് ദില്ലിയില്‍

ദില്ലി: ബിജെപി സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കാനുള്ള കേന്ദ്ര – സംസ്ഥാന നേതൃയോഗം ഇന്ന് ദില്ലിയില്‍ ചേരും. ഹിന്ദു ഐക്യവേദി നതാവ് കുമ്മനം രാജശേഖരനാണ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ കുടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. പാര്‍ട്ടിയിലെ വിഭാഗീയത അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ആര്‍എസ്എസ് ആണ് കുമ്മനത്തിന്റെ പേര് നിര്‍ദ്ദേശിച്ചത്.

വ്യാഴാഴ്ച കൊച്ചിയില്‍ ചേര്‍ന്ന ആര്‍എസ്എസ് സംസ്ഥാന നേതൃയോഗമാണ് കുമ്മനം രാജശേഖരനോട് പ്രവര്‍ത്തനം ബിജെപിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചത്. പാര്‍ട്ടിയിലെ വിഭാഗീയത പൂര്‍ണ്ണമായും അവസാനിപ്പിക്കാന്‍ കുമ്മനത്തെ അധ്യക്ഷസ്ഥാനത്തേക്ക് കൊണ്ടു വരണമെന്ന് ബിജെപി കേന്ദ്ര നേതൃത്വത്തോടും ആര്‍എസ്എസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനെ തുടര്‍ന്ന് കേരളത്തിലെ പരിപാടികള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോഡി കുമ്മനം രാജശേഖരനുമായി അനൗദ്യോഗിക ചര്‍ച്ചയും നടത്തി. അമിത്ഷായുടെ നിര്‍ദ്ദേശ പ്രകാരം ദില്ലിയിലെത്തിയ കുമ്മനം കോര്‍ കമ്മറ്റി യോഗത്തില്‍ പങ്കെടുക്കും.

സാമുദായിക സംഘടനകളുടെ പിന്തുണയും എസ്എന്‍ഡിപിയെ ബിജെപിയിലേക്ക് അടുപ്പിച്ചതില്‍ വഹിച്ച നിര്‍ണ്ണായക പങ്കുമാണ് കുമ്മനം രാജശേഖരന്റെ അനുകൂല ഘടകങ്ങള്‍.

എന്നാല്‍ തീവ്രഹിന്ദുത്വ നിലപാടുകള്‍ സ്വീകരിക്കുന്ന കുമ്മനത്തെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടു വന്നാല്‍ തിരിച്ചടിയുണ്ടാകുമോ എന്ന ആശങ്ക ഒരു വിഭാഗം നേതാക്കള്‍ക്കുണ്ട്. കുമ്മനം രാജശേഖരനെ കൂടാതെ ബിജെപി ഇന്റലക്ച്വല്‍ സെല്‍ കണ്‍വീനര്‍ ആര്‍ ബാലശങ്കര്‍, മുന്‍ സംസ്ഥാന അധ്യക്ഷന്‍ പികെ കൃഷ്ണദാസ് തുടങ്ങിയവരുടെ പേരുകളും ദേശീയ നേതൃത്വത്തിന്റ പരിഗണനയിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News