ശാശ്വതീകാനന്ദയുടെ മരണം; തലയോട്ടി തുറന്നു പരിശോധന നടത്തിയോയെന്ന് ഹൈക്കോടതി; പോസ്റ്റുമോര്‍ട്ടം വീഡിയോ പരിശോധിച്ച് റിപ്പോര്‍ട്ടു സമര്‍പ്പിക്കണമെന്ന് ഡിജിപിക്ക് നിര്‍ദ്ദേശം

കൊച്ചി: ശാശ്വതീകാനന്ദയുടെ മരണത്തില്‍ അന്വേഷണവുമായി ബന്ധപ്പെട്ട് തലയോട്ടി തുറന്നു പരിശോധന നടത്തിയോയെന്ന് ഹൈക്കോടതി. തലയോട്ടി തുറന്നുള്ള പരിശോധന നടന്നിട്ടില്ലെങ്കില്‍ അത് ഗുരുതര തെറ്റാണെന്നും പോസ്റ്റുമോര്‍ട്ടം വീഡിയോ പരിശോധിച്ച് ഇക്കാര്യത്തില്‍ ഡിജിപി റിപ്പോര്‍ട്ടു സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് കമാല്‍ പാഷ ആണ് ഇക്കാര്യം നിരീക്ഷിച്ചത്.

പോസ്റ്റുമോര്‍ട്ടം സംബന്ധിച്ചുള്ള ഡോക്ടറുടെ കുറിപ്പുകള്‍ ഹാജരാക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കേസില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യങ്ങള്‍ അറിയിച്ചത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേസില്‍ ആരോപണ വിധേയനായ പള്ളുരുത്തി പ്രിയനും കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അഴിമതി വിരുദ്ധ കൗണ്‍സിലും സമര്‍പ്പിച്ച ഹര്‍ജികളാണ് പരിഗണിച്ചത്.

ശാശ്വതീകാനന്ദയുടെ മരണം അന്വേഷിക്കാന്‍ കര്‍മ്മ പദ്ധതി തയ്യാറാക്കിയതായി ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നു. വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിക്കും എതിരായ ആരോപണങ്ങള്‍ അന്വേഷിക്കുമെന്നും ക്രൈംബ്രാഞ്ചിന്റെ കര്‍മ്മ പദ്ധതി റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ചേര്‍ന്ന് പ്രിയനെ ഉപയോഗിച്ച് ശാശ്വതീകാനന്ദയെ കൊലപ്പെടുത്തിയെന്നാണ് ബാറുടമ ഡോ. ബിജു രമേശിന്റെ ആരോപണം. എന്നാല്‍ തന്നെ നിരവധി തവണ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതാണെന്നും തെളിവുകള്‍ ലഭിക്കാത്തതിനാല്‍ വിട്ടയച്ചതാണെന്നുമാണ് പ്രിയന്‍ പറയുന്നത്. സത്യം തെളിയിക്കാന്‍ സിബിഐ അന്വേഷണം വേണമെന്നാണ് പ്രിയന്റെ ആവശ്യം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here