ആ നിലവിളി മായരുത്… കാമക്രൂരതയുടെ ഉണങ്ങാത്ത കണ്ണീരിന് ഇന്ന് മൂന്നാണ്ട്; നിര്‍ഭയയുടെ വാര്‍ഷികത്തിലും രാജ്യത്തെ സ്ത്രീകള്‍ക്കു സുരക്ഷ എവിടെ?

ആരും കേള്‍ക്കാതെ പോയ നിലവിളിക്കും രാജ്യത്തു വീണ് ഇനിയും ഉണങ്ങാത്ത കണ്ണീരിനും ഇന്നു മൂന്നാണ്ട്. ദില്ലി കൂട്ടബലാത്സംഗം എന്നു ചരിത്രം രേഖപ്പെടുത്തിയ മനുഷ്യത്വം മരവിച്ച കൊടും ക്രൂരതയുടെ മൂന്നാമാണ്ടിലും രാജ്യത്തെ സ്ത്രീകള്‍ സുരക്ഷിതരല്ല എന്ന പേടിപ്പെടുത്തുന്ന തിരിച്ചറിവിലാണ് രാജ്യമിപ്പോഴും.

2012 ഡിസംബര്‍ പതിനഞ്ചിന് അര്‍ധരാത്രിയാണ് ദില്ലിയിലെ ഓടിക്കൊണ്ടിരുന്ന ബസില്‍ സുഹൃത്തിനൊപ്പം യാത്രചെയ്യുകയായിരുന്ന ഇരുപത്തൊന്നുകാരിയെ ആറുപേര്‍ അതിക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. അതീവഗുരുതരാവസ്ഥയില്‍ ബോധരഹിതയായി റോഡില്‍ ഉപേക്ഷിക്കപ്പെട്ട പെണ്‍കുട്ടി പതിമൂന്നു നാളുകള്‍ക്കു ശേഷം സിംഗപ്പുരിലെ ആശുപത്രിയില്‍ മരണത്തിനു കീഴടങ്ങി.

അന്ന് പ്രാര്‍ത്ഥനയിലേക്കും കണ്ണീരിലേക്കുമാണ്ടുപോയ ലോകംആ പെണ്‍കുട്ടിക്ക് നല്‍കിയ പേരാണ് നിര്‍ഭയ. മരണത്തെ ഭയമില്ലാത്തവള്‍. അത് ശരിയായിരുന്നു. തെല്ലും ഭയമില്ലാതെയാണ് മരണത്തെ അവള്‍ ഏറ്റുവാങ്ങിയത്. രാജ്യതലസ്ഥാനം കണ്ടതില്‍വച്ചേറ്റവും വലിയ പ്രതിഷേധത്തിനാണ് നിര്‍ഭയ കൂട്ടബലാത്സംഗം വഴിവച്ചത്. ചേതനയറ്റ നിര്‍ഭയയുടെ സ്വഭാവശുദ്ധിയെ സംശയിച്ചവരും കുത്തിക്കീറി പരിശോധിച്ചവരും കുറവായിരുന്നില്ല. പാതിരാത്രിയും പുരുഷന്റെ കൂടെ യാത്രചെയ്തതെന്തിനെന്ന് ആ സദാചാര വാദികള്‍ക്ക് അറിയണമായിരുന്നു.

നിര്‍ഭയയെ കാമവെറിക്കിരയാക്കിയവരില്‍ അന്നു പ്രായപൂര്‍ത്തിയാകാതിരുന്നയാളെ വരുന്ന ദിവസങ്ങളില്‍ പുറത്തുവിടുന്നതിനുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സജീവമായിരിക്കുന്നത്. ഇയാളെ തുറന്നുവിടുന്നതു സമൂഹത്തിന് തെറ്റായസന്ദേശം നല്‍കുമെന്നാണ് ഇന്റലിജന്‍സിന്റെയും രാജ്യത്തിന്റെയും ആകെ പൊതു വികാരം.

നിര്‍ഭയ കൂട്ടബലാത്സംഗത്തില്‍ ദില്ലിയില്‍ തുടങ്ങിയ പ്രതിഷേധം രാജ്യമാകെ പടരുകയായിരുന്നു. പാര്‍ലമെന്റില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രങ്ങള്‍ ചെറുക്കുന്നതിനുള്ള നിയമം പാസാക്കിയെങ്കിലും രാജ്യത്തിന്റെ നാനാഇടങ്ങളില്‍ ഇന്നും പിഞ്ചു കുഞ്ഞുമുതല്‍ വൃദ്ധര്‍വരെ ക്രൂര ബലാത്സംഗങ്ങള്‍ക്കിരയാകുന്നതു വര്‍ധിക്കുകയും ചെയ്യുന്നു. സ്ത്രീസുരക്ഷയെന്നതു കടലാസില്‍ മാത്രമുറങ്ങുമ്പോള്‍ മനുഷ്യമനസാക്ഷി ഉണരേണ്ടതിന്റെ അനിവാര്യതയെയാണ് നിര്‍ഭയയുടെ ഓരോ വാര്‍ഷികവും ഓര്‍മിപ്പിക്കുന്നത്. പെണ്ണായി ജനിച്ചവര്‍ക്ക് നിര്‍ഭയം ജീവിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടകാലം അതിക്രമിച്ചെന്ന് മനസ്സിലാക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News