നിര്‍ഭയ കേസിലെ പ്രതിയെ വിട്ടയക്കുന്നതിനെതിരേ പെണ്‍കുട്ടിയുടെ മാതാവ്; ശിക്ഷ കടലാസില്‍ മാത്രം; മോചനം സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും; മാതാവിന്റെ വാക്കുകള്‍ കേള്‍ക്കാം

ദില്ലി: ദില്ലി കൂട്ടബലാത്സംഗക്കേസില്‍ ബാലനീതി പ്രകാരം ശിക്ഷപ്പെട്ട പ്രതിയെ വിട്ടയയ്ക്കുന്നതിനെതിരെ പെണ്‍കുട്ടിയുടെമാതാവ്. രാജ്യമാകെ പ്രതിയുടെ മോചനം സംബന്ധിച്ചു ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് പെണ്‍കുട്ടിയുടെമാതാവ് സര്‍ക്കാരിന്റെ നീക്കത്തിനെതിരേ ശക്തമായ ഭാഷയില്‍ രംഗത്തുവന്നിരിക്കുന്നത്. ദ ക്വിന്റ് ഡോട് കോമിനു നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

സംഭവം നടക്കുമ്പോള്‍ പതിനെട്ടു വയസിന് ദിവസങ്ങള്‍ മാത്രം ബാക്കിയുണ്ടായിരുന്നു എന്ന ആനുകൂല്യത്തിലാണ് ആറു പ്രതികളില്‍ ഒരാളെ ബാലനീതി പ്രകാരം ശിക്ഷിച്ചത്. ഇന്നലെയായിരുന്നു മോചിപ്പിക്കേണ്ട ദിവസം. ഇയാളെ മോചിപ്പിക്കുന്നതില്‍ കടുത്ത എതിര്‍പ്പാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുയര്‍ന്നത്.

ഇപ്പോള്‍ ഇരുപത്തൊന്നു വയസു പ്രായമുള്ള യുവാവിനെ വിട്ടയക്കുന്നത് തന്നെ അസ്വസ്ഥയാക്കുന്ന കാര്യമാണെന്നു പെണ്‍കുട്ടിയുടെ മാതാവ് പറയുന്നു. ഇത്തരം കുറ്റവാളികളെ ശിക്ഷിക്കാന്‍ സര്‍ക്കാര്‍ വേണ്ടതൊന്നും ചെയ്യുന്നില്ല. മൂന്നു വര്‍ഷമായിട്ടും തങ്ങള്‍ക്കു നീതി കിട്ടിയിട്ടില്ല. ബാലനീതി പ്രകാരം ശിക്ഷിക്കപ്പെട്ടവര്‍ക്കു മാത്രമല്ല, മറ്റു പ്രതികള്‍ക്കും ശിക്ഷ ലഭിച്ചിട്ടില്ല. ഒരാളുടെ മോചനം സമൂഹത്തിന് തെറ്റായ സന്ദേശമായിരിക്കും നല്‍കുക. കുറ്റവാളികള്‍ക്കുള്ള ശിക്ഷ കടലാസില്‍ മാത്രമൊതുങ്ങുകയാണ്.

ഞങ്ങള്‍ക്ക് എന്തു നഷ്ടപ്പെട്ടുവോ അതു തിരികെ ലഭിക്കില്ല. പക്ഷേ, സാഹചര്യങ്ങള്‍ മെച്ചപ്പെടാനാണ് ഈ പോരാട്ടം നടത്തുന്നത്. എന്തു മാറ്റമാണ് ഈ മൂന്നു വര്‍ഷം കൊണ്ടുണ്ടായത്. നിര്‍ഭയ സംഭവം ലോകത്തെ പിടിച്ചുകുലുക്കിയെങ്കിലും സര്‍ക്കാരിനെ ഒന്നും പഠിപ്പിച്ചില്ല. രാജ്യത്തെ ജനങ്ങള്‍ക്കു വേണ്ടി ഒരുപാടു കാര്യങ്ങള്‍ ചെയ്തുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്. രാജ്യത്തെ സര്‍ക്കാര്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി എന്താണ് ചെയ്തത്. എനിക്കാരോടും ഉത്തരവിടാനാവില്ല. ഇത്തരം പ്രശ്‌നങ്ങളെ രാഷ്ട്രീയവല്‍രിക്കരുതെന്ന അഭ്യര്‍ഥന മാത്രമാണുള്ളത്. – നിര്‍ഭയ എന്നു പേരിട്ടുവിളിക്കുന്ന പെണ്‍കുട്ടിയുടെ മാതാവ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here