ഇന്ത്യയില്‍ ചുവടുറപ്പിക്കാന്‍ ഗൂഗിള്‍; ഹൈദരാബാദില്‍ പുതിയ കാമ്പസ്; കൂടുതല്‍ ഇന്ത്യക്കാരെ ജോലിക്കെടുക്കും; സുന്ദര്‍ പിച്ചൈയുടെ ഇന്ത്യന്‍ മിഷന്‍

ദില്ലി: ഇന്ത്യക്കാരനായ സിഇഒയുടെ ചുവടില്‍ ഇന്ത്യ പിടിക്കാനൊരുങ്ങി ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിള്‍. വരാനിരിക്കുന്ന കാലത്ത് ഏറ്റവും വളര്‍ച്ച നേടാന്‍ പറ്റിയ വിപണികളിലൊന്നായി ഇന്ത്യയെ കണ്ടാണ് സുന്ദര്‍ പിച്ചൈയുടെ ഇന്ത്യന്‍ മിഷന്‍. ഇന്റര്‍നെറ്റ് കണക്ടിവിറ്റി വ്യാപിപ്പിച്ച് ആഗോളതലത്തില്‍ ഗൂഗിളിന്റെ വലിയ വിപണികളിലൊന്നായി ഇന്ത്യയെ മാറ്റുകയാണ് ലക്ഷ്യം.

മൊബൈല്‍ ഇന്റര്‍നെറ്റ് വലിയ മാറ്റത്തിന് വഴിതുറക്കുമെന്നും ഇന്റര്‍നെറ്റ് കണക്ടിവിറ്റി വര്‍ധിപ്പിക്കുക എന്നതാണ് നിര്‍ണായകമായ ഘട്ടമെന്നും രണ്ടുദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ സുന്ദര്‍ പിച്ചൈ പറഞ്ഞു. എല്ലാവരിലേക്കും ഇന്റര്‍നെറ്റ് എത്തിക്കുകയാണു ലക്ഷ്യം. എല്ലാവരുടെയും ശബ്ദം ഇന്റര്‍നെറ്റില്‍ എത്തിക്കണം. ഇന്ത്യയിലെ മൂന്നു ലക്ഷം ഗ്രാമങ്ങള്‍ ലക്ഷ്യമിട്ടാണ് തുടക്കത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആവിഷികരിക്കുകയെന്നും ഗൂഗിള്‍ സിഇഒയായി ചുമതലയേറ്റ ശേഷം ആദ്യമായി ഇന്ത്യയിലെത്തിയ സുന്ദര്‍ പിച്ചൈ പറഞ്ഞു. ഓഗസ്റ്റിലാണ് സുന്ദര്‍ പിച്ചൈ ഗൂഗിളിന്റെ ചീഫ് എക്‌സിക്കുട്ടീവ് ഓഫിസറായത്.

സ്ത്രീകളെ കൂടുതലായി ഇന്റര്‍നെറ്റിലെത്തിക്കാന്‍ ബൈസിക്കിള്‍ ഫോര്‍ വിമെന്‍ പദ്ധതിയും ഗൂഗിള്‍ ആവിഷ്‌കരിക്കുന്നുണ്ട്. ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഹൈദരാബാദില്‍ പുതിയ കാമ്പസ് തുറക്കുമെന്നും സുന്ദര്‍ പിച്ചൈ പ്രഖ്യാപിച്ചു. ബംഗളുരുവിലും കൂടുതല്‍ ആളുകളെ ജോലിക്കെടുക്കും. പ്രഖ്യാപനം യാഥാര്‍ഥ്യമാകുമ്പോള്‍ ഇന്ത്യയിലെ ഐടി രംഗത്തു വന്‍ തൊഴില്‍ സാധ്യത തുറക്കുമെന്നാണ് വിലയിരുത്തല്‍.

ഇന്ത്യന്‍ റെയില്‍വേയുമായി സഹകരിച്ച് നാനൂറ് റെയില്‍വേ സ്‌റ്റേഷനുകളില്‍ സൗജന്യ വൈഫൈ ലഭ്യമാക്കും. ഈ വര്‍ഷം അവസാനിക്കും മുമ്പു തന്നെ 100 സ്റ്റേഷനുകളില്‍ പദ്ധതി നടപ്പാകും. മുംബൈ സെന്‍ട്രല്‍ ആയിരിക്കും ഇത്തരത്തിലെ ആദ്യത്തെ സ്റ്റേഷന്‍. റെയില്‍ ടെല്‍ കോര്‍പറേഷനുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുക.

കഴിഞ്ഞ അമേരിക്കന്‍ സന്ദര്‍ശന കാലത്തു പ്രധാനമന്ത്രി നരേന്ദ്രമോദി ഗൂഗിള്‍ സിഇഒയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അന്ന് ആലോചിച്ച പദ്ധതികള്‍ ആവിഷ്‌കരിക്കുന്ന പ്രഖ്യാപനമാണ് ഇന്നു സുന്ദര്‍ പിച്ചൈ നടത്തിയത്. ഓഫ്‌ലൈന്‍ മാപ്പുകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികളും ഉണ്ടാകും. അടുത്തവര്‍ഷത്തോടെ അമേരിക്കയെ കടത്തിവെട്ടി ലോകത്ത് ഏറ്റവും കൂടുതല്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കളുള്ള രാജ്യമായി ഇന്ത്യ മാറുമെന്നും സുന്ദര്‍ പിച്ചൈ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here