കുമ്മനം രാജശേഖരന്‍ സംസ്ഥാന അധ്യക്ഷനാക്കാന്‍ ബിജെപി കോര്‍ കമ്മിറ്റിയില്‍ ധാരണ; ആര്‍ ബാലശങ്കറിനെ പിന്തുണച്ച് ഒരുവിഭാഗം; പ്രഖ്യാപനം രണ്ട് ദിവസത്തിനകം

ദില്ലി: കുമ്മനം രാജശേഖരന്‍ ബിജെപി സംസ്ഥാന അധ്യക്ഷനാകും. ദില്ലിയില്‍ ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. നേതാക്കള്‍ ഇക്കാര്യത്തില്‍ ധാരണയിലെത്തി. ഔദ്യോഗിക പ്രഖ്യാപനം ദേശീയ അധ്യക്ഷന്‍ അമിത് ഷാ പിന്നീട് നടത്തും. നാളെയോ മറ്റന്നാളോ പ്രഖ്യാപനം ഉണ്ടാകും.

കുമ്മനം രാജശേഖന് തന്നെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് ദേശീയ നേതൃത്വം പ്രഥമ പരിഗണന നല്‍കിയിരുന്നത്. എങ്കിലും ആര്‍ ബാലശങ്കറിനെ അധ്യക്ഷനാക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. ഇതാണ് നേതൃത്വത്തെ ആശയക്കുഴപ്പത്തിലാക്കിയത്.

കോര്‍കമ്മറ്റി യോഗം ആരംഭിക്കുന്നതിനു മുന്‍പ് സമവായം തേടി ദേശീയ ഓര്‍ഗനൈസിങ്ങ് സെക്രട്ടറി രാംലാലിന്റ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ദേശീയ ഇന്റലക്ച്വല്‍ സെല്‍ കണ്‍വീനര്‍ ആര്‍ ബാലശങ്കറിനെ പരിഗണിക്കണമെന്ന ആവശ്യത്തെ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍, കേരള ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ഉമാകാന്തന്‍ തുടങ്ങിയവര്‍ ശക്തമായി എതിര്‍ത്തു.

അഭിപ്രായ ഐക്യമില്ലാതെ അധ്യക്ഷനാകാന്‍ ഇല്ലെന്ന് ബാലശങ്കറും കുമ്മനവും നിലപാടെടുത്തു. തുടര്‍ന്ന ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന കോര്‍കമ്മറ്റി യോഗത്തില്‍ കുമ്മനം രാജശേഖരനെ അധ്യക്ഷനാക്കാമെന്ന ധാരണ രൂപപ്പെടുകയായിരുന്നു.

കുമ്മനത്തെ കോര്‍ കമ്മറ്റി യോഗത്തില്‍ ഉള്‍പ്പെടുത്തിയതായും സംസ്ഥാന അധ്യക്ഷന്‍ ആരെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ പ്രഖ്യാപിക്കുമെന്നും യോഗത്തിനു ശേഷം കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എച്ച് രാജ, വി മുരളീധരന്‍ എന്നിവര്‍ അറിയിച്ചു.

എസ്എന്‍ഡിപിയെ ബിജെപിയിലേക്ക് അടുപ്പിച്ചതു പോലെ എന്‍എസ്എസ് ഉള്‍പ്പെടെയുള്ള മറ്റ് സാമുദായിക സംഘടനകളെ കൂടി സഹകരിപ്പിക്കുക എന്നതായിരിക്കും കുമ്മനത്തിനു മുന്നിലുള്ള ആദ്യചുമതല.

കുമ്മനം രാജശേഖരന്റെ പേര് മാത്രമാണ് കോര്‍ കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്നത്. മറ്റ് പേരുകള്‍ ഒന്നും തന്നെ ഉയര്‍ന്നുവന്നില്ല എന്നാണ് സൂചന. കോര്‍ കമ്മിറ്റി യോഗത്തില്‍ കേരളത്തില്‍നിന്നുള്ള പ്രമുഖ നേതാക്കള്‍ പങ്കെടുത്തു.

എല്ലാ തീരുമാനവും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ കൈക്കൊള്ളുമെന്ന് സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ പറഞ്ഞു. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷനാണ് കുമ്മനം രാജശേഖരന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News