ഐഎസ്എല്‍ ഫൈനലില്‍ ചെന്നൈയിനും ഗോവയും ഏറ്റുമുട്ടും; ചാമ്പ്യന്‍മാര്‍ ഫൈനല്‍ കാണാതെ പുറത്ത്

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ഫൈനലില്‍ ചെന്നൈയിന്‍ എഫ്‌സി – എഫ്‌സി ഗോവ പോരാട്ടം. കൊല്‍ക്കത്തയെ നാലിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ചെന്നൈയിന്‍ ഫൈനലില്‍ എത്തിയത്. ഇരുപാദങ്ങളിലുമായാണ് ചെന്നൈയിന്‍ എഫ്‌സിയുടെ ജയം.

സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ രണ്ടാംപാദ സെമി ഫൈനലില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ജയിച്ചത്. രണ്ടാം പാദത്തില്‍ തോറ്റിട്ടും ചെന്നൈ ഗോള്‍ ശരാശരിയില്‍ മുന്നിലായിരുന്നു. ആദ്യ പാദത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ഗോവയുടെ ജയം. ഹോം മാച്ചില്‍ നേടിയ ജയമാണ് രണ്ടാം പാദത്തില്‍ തോറ്റിട്ടും ചെന്നൈയിന് ഫൈനല്‍ ഉറപ്പാക്കിയത്.

കളിയുടെ 22-ാം മിനുട്ടില്‍ ദെജന്‍ ലെറിക് ആദ്യ ഗോള്‍ നേടി അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയില്‍ 87-ാം മിനുട്ടില്‍ ഇയാന്‍ ഹ്യൂം ആണ് കൊല്‍ക്കത്തയുടെ രണ്ടാം ഗോള്‍ നേടിയത്. കളിയുടെ അവസാന മിനുട്ടില്‍ ഫിക്രു ഗോള്‍ മടക്കി. സ്‌കോര്‍ 2-1.

87-ാം മിനുട്ടില്‍ ദെജന്‍ ലെറിക് നല്‍കിയ പാസ് ആണ് ഇയാന്‍ ഹ്യൂം ഗോളാക്കി മാറ്റിയത്. സ്‌കോര്‍ സമനിലയിലാക്കാന്‍ ഒരു ഗോള്‍ കൂടി കൊല്‍ക്കത്തയ്ക്ക് അനിവാര്യമായിരുന്നു. എന്നാല്‍ കളിയുടെ അവസാന മിനുട്ടില്‍ രണ്ടാം പാദത്തിലെ ചെന്നൈയിന്റെ ആദ്യ ഗോള്‍ പിറന്നു.

ചെന്നൈയിന്‍ ഗോള്‍ മടക്കിയതോടെ ആകെ സ്‌കോര്‍ 4-2. കൊല്‍ക്കത്തയുടെ ആകെയുള്ള പ്രതീക്ഷയും മങ്ങി. ലീഗ് മത്സരങ്ങളില്‍ ചെന്നൈയിനേക്കാള്‍ ഒരു പോയിന്റിന് മുന്നിലായിരുന്നു കൊല്‍ക്കത്ത. കൊല്‍ക്കത്ത 23ഉം ചെന്നൈയിന്‍ 22ഉം.

ലീഗ് മത്സരങ്ങളില്‍ രണ്ട് തവണയാണ് ചെന്നൈയിന്‍ എഫ്‌സി, എഫ്‌സി ഗോവയെ നേരിട്ടത്. ആദ്യ മത്സരത്തില്‍ എതിരില്ലാത്ത 4 ഗോളുകള്‍ക്കായിരുന്നു ചെന്നൈയിന്റെ ജയം. രണ്ടാം മത്സരത്തില്‍ എഫ്‌സി ഗോവ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ചെന്നൈയിന്‍ എഫ്‌സിയെയും തോല്‍പ്പിച്ചു.

ഡല്‍ഹി ഡൈനാമോസിനെ തോല്‍പ്പിച്ചാണ് എഫ്‌സി ഗോവയുടെ ഫൈനല്‍ പ്രവേശം. ഇരുപാദങ്ങളിലുമായി ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് എഫ്‌സി ഗോവയ ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. ഞായറാഴ്ച ഗോവയുടെ ഹോം ഗ്രൗണ്ടിലാണ് ഫൈനല്‍. ഫത്തോര്‍ദയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴിനാണ് മത്സരം.

ചിത്രങ്ങള്‍ക്ക് കടപ്പാട് – ഐഎസ്എല്‍ വെബ്‌സൈറ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News