ഉമ്മന്‍ചാണ്ടിക്കെതിരായ കത്ത്; ചെന്നിത്തലയുടെ വാദം പൊളിയുന്നു; കത്ത് നല്‍കിയത് സോണിയാ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ് പട്ടേലിന്; പൂര്‍ണ്ണരൂപം പീപ്പിള്‍ ടിവിക്ക്; പ്രതികരിക്കാനില്ലെന്ന് എകെ ആന്റണി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം അഴിമതിയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതിഛായയ്ക്ക് മങ്ങലേറ്റതുമാണെന്ന് കാണിച്ച് കോണ്‍ഗ്രസ്് ഹൈക്കമാന്റിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ കത്ത്. സോണിയാഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ് പട്ടേലിനാണ് ചെന്നിത്തല കത്തയച്ചത്. കത്തിന്റെ പകര്‍പ്പ് പീപ്പിള്‍ ടിവി പുറത്തു വിട്ടു.

ramesh-cm-letter

സംസ്ഥാനത്ത് അഴിമതി നടമാടുകയാണ്. അഴിമതി ആരോപണങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതിഛായയെ പൂര്‍ണ്ണമായും നശിപ്പിച്ചു. സ്വജനപക്ഷപാതവും തന്‍പ്രമാണിത്തവും കോണ്‍ഗ്രസില്‍ നിന്നും ജനങ്ങളെ അകറ്റി. സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ ജനങ്ങള്‍ വിലയിരുത്തിയതാണ് പരാജയത്തിലേക്ക് നയിച്ചതെന്നും ചെന്നിത്തല ഹൈക്കമാന്റിനയച്ച കത്തില്‍ ആരോപിക്കുന്നു. തെരഞ്ഞെടുപ്പിനെ നേരിടുന്നതിലും തയ്യാറെടുപ്പുകള്‍ നടത്തുന്നതിലും കോണ്‍ഗ്രസ്സ് നേതൃത്വം പരാജയപ്പെട്ടെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടുന്നു. മന്ത്രിസഭയിലെ ന്യൂനപക്ഷ മേധാവിത്വം ഹിന്ദു സമുദായത്തെ കോണ്‍ഗ്രസില്‍ നിന്നും അകറ്റാന്‍ ഇടയാക്കിയെന്നാണ് മറ്റൊരു വിമര്‍ശനം. കേവലമായ മുഖം മിനുക്കല്‍ കൊണ്ട് പാര്‍ട്ടി രക്ഷപ്പെടില്ലെന്നും ആഴത്തലുള്ള പഠനവും പൊളിച്ചെഴുത്തുമാണ് വേണ്ടതെന്നുമാണ് ചെന്നിത്തല ഹൈക്കമാന്റിനോട് നിര്‍ദ്ദേശിച്ചത്. വിഷയം സജീവചര്‍ച്ചയായതോടെ ചെന്നിത്തല കത്തെഴുതിയില്ല എന്ന വിശദീകരണവുമായി രംഗത്തെത്തി. നവംബര്‍ 7-ാം തീയ്യതിനാണ് ചെന്നിത്തല അഹമ്മദ് പട്ടേലിന് കത്തയച്ചത് എന്നതുള്‍പ്പെടെയുള്ള കത്തിന്റെ കൂടുതല്‍ വിശദാശങ്ങള്‍ പിന്നീട് പുറത്തു വന്നു.

തിരുവനന്തപുരം കോര്‍പറേഷനില്‍ ചിലയിടങ്ങളില്‍ സിപിഐഎം ജയിച്ചപ്പോള്‍ അവിടെ ബിജെപിയാണ് രണ്ടാമത് എത്തിയത്. മിക്ക നഗരസഭകളിലും പഞ്ചായത്തുകളിലും ബിജെപി അക്കൗണ്ട് തുറന്നു. കോണ്‍ഗ്രസിനെ ശക്തമായി പിന്തുണച്ചിരുന്ന നായര്‍ സമുദായക്കാര്‍ ബിജെപിയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഇതു ഗുരുതരമായ സംഭവവിശേഷത്തിലേക്കായിരിക്കും നയിക്കുക. വേണ്ടവിധത്തില്‍ പരിഹരിക്കണമെന്നും കത്തില്‍ ചെന്നിത്തല പറയുന്നു.

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഹൈക്കമാന്റും കേരള നേതാക്കളും പങ്കെടുക്കുന്ന യോഗം 22ന് ദില്ലിയില്‍ ചേരും. കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്, എകെ ആന്റണി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ഉമ്മന്‍ചാണ്ടി, വിഎം സൂധീരന്‍, രമേശ് ചെന്നിത്തല എന്നിവരെയും യോഗത്തില്‍ പങ്കെടുക്കാനായി ദില്ലിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിക്കെതിരേ താന്‍ ഹൈക്കമാന്‍ഡിന് കത്തു നല്‍കിയെന്ന വാര്‍ത്തകള്‍ ചെന്നിത്തല നിഷേധിച്ചു. കത്തയച്ചുവെന്നത് വ്യാജ പ്രചാരണം മാത്രമാണെന്നും ചെന്നിത്തല ഓഫീസ് അറിയിച്ചു. അതേസമയം, വാര്‍ത്തയോട് പ്രതികരിക്കാനില്ലെന്ന് എകെ ആന്റണി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News