രാജ്യാന്തര എണ്ണവില പതിനൊന്നു വര്‍ഷത്തെ കുറഞ്ഞനിലയില്‍; ഇന്ത്യയില്‍ ഇന്ധനവിലയില്‍ ഒരു കുറവുമില്ല; എക്‌സൈസ് തീരുവയില്‍ കൊള്ളയടിയും

ദില്ലി: രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലയില്‍ വന്‍ ഇടിവ്. കഴിഞ്ഞ പതിനൊന്നു വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ വിലയില്‍ ക്രൂഡ് ഓയില്‍ എത്തിയിട്ടും പെട്രോളിനും ഡീസലിനും വില കുറയ്ക്കാന്‍ എണ്ണ കമ്പനികള്‍ തയ്യാറല്ല. കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് തീരുവ വീണ്ടും കൂട്ടിയത് വില കുറവിന്റെ ഗുണം ഉപഭോക്താക്കള്‍ക്ക് ലഭിക്കാതിരിക്കാന്‍ കാരണമായി.

34.39 ഡോളറിനാണ് ക്രൂഡ് ഓയില്‍ ബാരലിന് അന്താരാഷ്ട്ര വിപണിയില്‍ ഇപ്പോള്‍ വില്‍ക്കുന്നത്. കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില.പക്ഷെ ഇന്ത്യയില്‍ ഇതിനാനുപാതികമായ കുറവ് പെട്രോളിന്റേയും ഡീസലിന്റെ വിലയില്‍ വരുത്താന്‍ എണ്ണ കമ്പനികള്‍ തയ്യാറായിട്ടില്ല. വന്‍ ലാഭത്തില്‍ ക്രൂഡ് ഓയില്‍ വാങ്ങുന്ന എണ്ണ കമ്പനികള്‍ 50 പൈസ പെട്രോളിനും 46 പൈസ ഡീസലിനും കുറയ്ക്കുക മാത്രമേ ചെയ്തിട്ടുള്ളു. അന്താരാഷ്ട്ര വിപണിയിലെ വിലകനുസൃതമാണെങ്കില്‍ 30 രൂപയ്ക്ക് ലീറ്ററിന് പെട്രോള്‍ വില്‍ക്കണമായിരുന്നുവെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

ഇതിനിടയിലാണ് ഉപഭോക്താക്കള്‍ക്ക് ഇടിത്തീയായി എക്‌സൈസ് ഡ്യൂട്ടി കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചത്. മോദി അധികാരത്തിലെത്തി ശേഷം നവംബര്‍ 2014 മുതല്‍ നവംബര്‍ 2015 വരെ അഞ്ച് തവണ വര്‍ധിപ്പിച്ചു. ഇന്നലത്തെ വര്‍ദ്ധനവ് കൂടി കണക്കാക്കുമ്പോള്‍ ആറു പ്രാവശ്യം എക്‌സൈസ് ഡ്യൂട്ടി കൂട്ടി. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ എക്‌സൈസ് ഡ്യൂട്ടി പെട്രോളിന് ഒരു ലീറ്ററിന് 9 രൂപ 48 പൈസയായിരുന്നത് ഇപ്പോള്‍ 19 രൂപ 36 പൈസയായി. ഡീസലിന് കഴിഞ്ഞ വര്‍ഷം ലിറ്ററിന് മൂന്ന് രൂപ ഉപഭോക്താക്കള്‍ എക്‌സൈസ് ഡ്യൂട്ടിയായി നല്‍കിയെങ്കില്‍ ഇന്നത് 12 രൂപയായി. ഈ വര്‍ധനവിലൂടെ മാത്രം 2014-2015 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വാഹന ഉപഭോക്താക്കളുടെ കീശയില്‍ നിന്നും ചോര്‍ത്തിയത് 33,042 കോടി രൂപ.ഇതോടൊപ്പം വര്‍ദ്ധിക്കുന്ന എക്‌സൈസ് ഡ്യൂട്ടി ചൂണ്ടികാട്ടി പെട്രോളിന്റേയും ഡീസലിന്റെ വില കുറയ്ക്കുന്നത് ഒഴിവാക്കാന്‍ എണ്ണ കമ്പനികള്‍ക്ക് കഴിയുന്നു.

ക്രൂഡ് ഓയില്‍ ബാരലിന് 140 ഡോളറിന് ഉയര്‍ന്നുനിന്നതില്‍ നിന്നാണ് ഇപ്പോള്‍ 34 ഡോളറായി കുറഞ്ഞിരിക്കുന്നത്.ഇതിന്റെ ഗുണം ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് ലഭിക്കില്ല.എണ്ണ കമ്പനികളുടെ നടപടികള്‍ പരിശോധിക്കില്ലെന്ന് മാത്രമല്ല അവര്‍ക്ക് സഹായകരമായ തീരുമാനങ്ങള്‍ എടുക്കാനുള്ള ധൃതിയിലാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News