ആഡംബരത്തിന്റെ പര്യായം; ആധുനികതയുടെ ഡ്രൈവിംഗ് അനുഭവം; നിരത്തില്‍ രാജാവാകാന്‍ ഔഡി ക്യൂ സെവന്‍ ഇന്ത്യയിലേക്ക്

കൊച്ചി: ഔഡിയുടെ അത്യാധുനിക ആംഡംബര കാര്‍ ക്യു സെവന്‍ ഇന്ത്യയിലേക്ക്. മുന്‍ഗാമികളേക്കാള്‍ ആധുനികതയുമായി ഉയര്‍ന്ന നിലവാരമുള്ള യാത്രകള്‍ പ്രദാനം ചെയ്യുമെന്ന വാഗ്ദാനത്തോടെയാണ് ക്യു സെവന്‍ ഇന്ത്യന്‍ നിരത്തുകളിലേക്കെത്തുന്നത്. കരുത്തുറ്റതും ലൈറ്റ് വെയ്റ്റുമായ ക്യു സെവന്‍ മറ്റ് എസ് യു വികളില്‍നിന്ന് അതുല്യമായ പെര്‍ഫോമന്‍സ് കാഴ്ചവയ്ക്കുമെന്നും ഔഡി അവകാശപ്പെടുന്നു.

249 കുതിരശക്തി കരുത്തും 600 എന്‍എം ടോര്‍ക്കും നല്‍കുന്ന 45 ടിഡിഐ എന്‍ജിനുപയോഗിച്ചിരിക്കുന്ന കാര്‍ 7.1 സെക്കന്‍ഡില്‍ നൂറു കിലോമീറ്റര്‍ വേഗത്തിലേക്കു കുതിക്കും. മള്‍ട്ടി മെറ്റീരിയല്‍ ബോഡിയില്‍ നിര്‍മിച്ച പുതിയ ഷാസി മികച്ച യാത്രാ സുഖം നല്‍കും. 8 സ്പീഡ് ടിപ്‌ട്രോണിക് ട്രാന്‍സ്മിഷന്‍ ഉണര്‍വുള്ളതും സുഖകരവുമായ ഡ്രൈവിംഗ് ഉറപ്പാക്കുന്നു. റെഡില്‍ മഹനീയമായ സാന്നിധ്യവും മികച്ച പെര്‍ഫോമന്‍സും അത്യാകര്‍ഷകമായ ഡിസൈനും പിന്‍ബലമാക്കി ക്യു സെവന്‍ വിജയവീഥി പിന്തുടരാന്‍ സുസജ്ജമാണെന്നും ക്യു സെവന്‍ ഇന്ത്യയില്‍ പരിചയപ്പെടുത്തിക്കൊണ്ട് ഔഡി ഇന്ത്യാ തലവന്‍ ജോ കിംഗ് പറഞ്ഞു.

14.7 കിലോമീറ്റര്‍ മൈലേജാണ് കാറിന് അവകാശപ്പെടുന്നത്. ശില്‍പചാരുതയുള്ള സുദൃഡമായ ഫ്രെയിമിനോടു കൂടിയ മോള്‍ഡഡ് സിംഗിള്‍ ഫ്രെയിം ഗ്രില്ലാണ് ക്യു സെവന്റെ ഏറ്റവും വലിയ പ്രത്യേകത. ആകര്‍ഷകരമായ ഡബിള്‍ ആരോ ഗ്രാഫിക്‌സ് സവിശേഷതയുള്ള മാട്രിക്‌സ് എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, ഉള്‍ക്കനമുള്ള വീല്‍ ആര്‍ച്ചുകള്‍, വീലുകളെ എടുത്തുകാട്ടുന്ന ഷോള്‍ഡര്‍ ലൈന്‍ എന്നിവയും ഡിസൈനിലെ പ്രത്യേകതകളാണ്.

പ്രോഗ്രസീവ് മാട്രിക്‌സ് എല്‍ഇഡി സാങ്കേതിക വിദ്യ മിഴിവേകുന്ന ഹെഡ്‌ലൈറ്റുകള്‍ ആകര്‍ഷകമായ ഡബിള്‍ ആരോ സവിശേഷതയ്‌ക്കൊപ്പം പകല്‍സമയവും തെളിയുന്നതാണ്. മൂന്നു റിഫഌക്ടറുകള്‍ക്കൊപ്പം ജോഡി ചേര്‍ത്ത ഉയര്‍ന്ന പ്രകാശം പരത്തുന്ന മുപ്പതു ഡയോഡുകളാണ് ഓരോ മാട്രിക്‌സ് എല്‍ഇഡി ഹെഡ്‌ലൈറ്റിലും ഉള്ളത്. റിയര്‍വ്യൂ മിററിലുള്ള കാമറയുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന കണ്‍ട്രോള്‍ യൂണിറ്റിന് 64 ഘട്ടങ്ങളില്‍ ആവശ്യാനുസരണം ഡയോഡുകള്‍ ഓഫാക്കാനും ഓണാക്കാനും ഡിമ്മാക്കാനും കഴിയും. റോഡിലെ മറ്റു യാത്രക്കാരുടെ കണ്ണഞ്ചിപ്പിക്കാതെ, എന്നാല്‍ നല്ല വെളിച്ചം നല്‍കി യാത്ര സുഗമമാക്കാന്‍ ഈ ഹെഡ്‌ലൈറ്റിനു കഴിയും.

വളരെ കൂടിയ ബൂട്ട് സ്‌പേസ് പ്രദാനം ചെയ്യുന്നതാണ് ഇന്റീരിയര്‍. ഇലക്ട്രിക്കലായി മടക്കാവുന്ന മൂന്നാം നിര സീറ്റുകള്‍ ആവശ്യാനുസരണം ലഗേജ് സ്‌പേസ് ഉണ്ടാക്കാന്‍ സഹായിക്കുന്നു. രണ്ടാം നിര സീറ്റുകള്‍ കൂടി മടക്കിയാല്‍ 1955 ലിറ്ററായിരിക്കും ലഗേജ് സ്‌പേസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here