പ്രതിമാ വിവാദത്തില്‍ വെള്ളാപ്പള്ളി; മുഖ്യമന്ത്രിയെ താന്‍ ക്ഷണിച്ചിട്ടില്ല; ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങളൊന്നും ചെയ്യില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു

കണിച്ചുകുളങ്ങര: ആര്‍ ശങ്കര്‍ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ക്ഷണിച്ചത് താനല്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുഖ്യമന്ത്രി പങ്കെടുത്താല്‍ സുരക്ഷാ പ്രശ്‌നങ്ങളുണ്ടാകുമെന്നു തനിക്കു സൂചനകള്‍ ലഭിച്ചിരുന്നതിനാലാണ് മുഖ്യമന്ത്രിയോടു പരിപാടിയില്‍നിന്നു മാറിനില്‍ക്കണമെന്നു പിന്നീട് താന്‍ ആവശ്യപ്പെട്ടതെന്നും ഇക്കാര്യം രാഷ്ട്രീയ മുതലെടുപ്പിനുപയോഗിച്ചതു ശരിയായില്ലെന്നും കണിച്ചുകുളങ്ങരയിലെ വസതിയില്‍ വെള്ളാപ്പള്ളി മാധ്യമങ്ങളോടു പറഞ്ഞു.

എസ് എന്‍ ട്രസ്റ്റുമായി ബന്ധമുള്ള പ്രത്യേക സമിതിയാണ് ആര്‍ ശങ്കര്‍ പ്രതിമ സ്ഥാപിച്ചത്. അനാച്ഛാദനച്ചടങ്ങു സംഘടിപ്പിച്ചതും അവരാണ്. അവരുടെ താല്‍പര്യമായിരുന്നു മുഖ്യമന്ത്രി പങ്കെടുക്കണമെന്നത്. മുഖ്യമന്ത്രിയെ ആദ്യം ക്ഷണിച്ചത് താനല്ല. ജനറല്‍ കണ്‍വീനര്‍ സുവര്‍ണകുമാറായിരുന്നു മുഖ്യമന്ത്രിയെ ക്ഷണിച്ചത്. പിന്നീട് പ്രൊഫ. ശശികുമാര്‍ അദ്ദേഹത്തെ നേരിട്ടു വിളിച്ചു. അതേസമയം, സമത്വ മുന്നേറ്റ യാത്രയ്ക്കിടയില്‍ തന്റെ പേരില്‍ കേസെടുത്തതും അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതും എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത അതൃപ്തിക്കു കാരണമായിരുന്നു.

ഈ സാഹചര്യത്തില്‍ പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുത്താല്‍ പ്രവര്‍ത്തകര്‍ കൂക്കിവിളിക്കുമെന്നു സൂചനയുണ്ടായിരുന്നു. പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ അത്തരമൊരു സംഭവമുണ്ടായാല്‍ അതു പരിപാടിയുടെ ശോഭ കെടുത്തും. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി പരിപാടിയില്‍നിന്നു വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെട്ടതു താനാണ്. അദ്ദേഹം അതു പൂര്‍ണമനസോടെ അംഗീകരിച്ചു. മുഖ്യമന്ത്രിയെ കൊച്ചാക്കാനോ അപമാനിക്കാനോ ശ്രമിച്ചിട്ടില്ല. വെള്ളാപ്പള്ളിക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യവും താന്‍ ചെയ്യില്ലെന്നും മുഖ്യമന്ത്രി പറഞ്ഞതായി വെള്ളാപ്പള്ളി പറഞ്ഞു.

എന്നാല്‍, ഇതു ചിലര്‍ രാഷ്ട്രീയമായി മുതലെടുക്കുകയായിരുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും മറ്റു ചില കോണ്‍ഗ്രസ് നേതാക്കളുമാണ് ഇതു വിവാദമാക്കിയത്. യാതൊരു കാര്യവുമില്ലാത്ത ഒരു പ്രശ്‌നം ചൂണ്ടിക്കാട്ടി രാഷ്ട്രീയ മുതലെടുപ്പു നടത്തിയത് ശരിയായില്ല. മുഖ്യമന്ത്രി പങ്കെടുക്കാതിരുന്നതുകൊണ്ടു പരിപാടി ഭംഗിയായി നടന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News