കെ ആര്‍ മീരയുടെ ആരാച്ചാറിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം; സങ്കടവും സന്തോഷവുമെന്നു മീര; സച്ചിദാനന്ദന്‍ ഉള്‍പ്പെടെയുള്ളവരുടെ രാജി അക്കാദമി സ്വീകരിച്ചു

കെ ആര്‍ മീരയുടെ ആരാച്ചാറിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം; സങ്കടവും സന്തോഷവുമെന്നു മീര; സച്ചിദാനന്ദന്‍ ഉള്‍പ്പെടെയുള്ളവരുടെ രാജി അക്കാദമി സ്വീകരിച്ചു

ദില്ലി: കെ ആര്‍ മീരയുടെ ആരാച്ചാറിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. മീരയുടെ ആരാച്ചാര്‍ എന്ന നോവലിനാണ് പുരസ്‌കാരം. നേരത്തേ, വയലാര്‍ അവാര്‍ഡും ആരാച്ചാര്‍ നേടിയിരുന്നു. തെക്കനേഷ്യന്‍ സാഹിത്യ പുരസ്‌കാരമായ ഡിഎസ്‌സി ലിറ്ററി പ്രൈസിനുള്ള ചുരുക്കപ്പട്ടികയില്‍ ആരാച്ചാറിന്റെ ഇംഗ്ലീഷ് പരിഭാഷയായ ഹാംഗ് വുമണ്‍ ഇടം പിടിച്ചിട്ടുണ്ട്. മലയാളിയായ അ. മാധവനും പുരസ്‌കാരമുണ്ട്. തമിഴ്ഭാഷയിലെ മികച്ച കൃതിക്കാണ് മാധവന് പുരസ്‌കാരം. ഇലക്കിയ ചുവടുകള്‍ എന്ന കൃതിക്കാണ് പുരസ്‌കാരം. അതേസമയം, രാജ്യത്തു പെരുകുന്ന അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച് സാഹിത്യ അക്കാദമി സ്ഥാനങ്ങളില്‍നിന്നുള്ള കെ സച്ചിദാനന്ദന്‍, സാറാ ജോസഫ്, പി കെ പാറക്കടവ് എന്നിവരുടെ രാജി കേന്ദ്ര സാഹിത്യ അക്കാദമി സ്വീകരിച്ചു.

അസഹിഷ്ണുതയോടുള്ള സകല പ്രതിഷേധങ്ങളോടെയും പുരസ്‌കാരം അംഗീകരിക്കുന്നതായി മീര പ്രതികരിച്ചു. പുരസ്‌കാരം ലഭിച്ചതില്‍ സങ്കടവും സന്തോഷവുമുണ്ടെന്നും അവര്‍ പറഞ്ഞു. നിലവിലെ സാഹചര്യങ്ങള്‍ പുനര്‍ചിന്തനത്തിന് കാരണമാകുന്നുവെന്നും പുരസ്‌കാരം സ്വീകരിക്കണോ വേണ്ടയോ എന്ന കാര്യം പിന്നീടു തീരുമാനിക്കും. മലയാള നോവല്‍ സാഹിത്യത്തില്‍ പ്രമേയത്തിന്റെ പുതുമ കൊണ്ടും ആഖ്യാന ചാതുരികൊണ്ടും വേറിട്ടുനില്‍ക്കുന്ന ഈ നോവലിനെ ഒരു ആധുനിക ക്ലാസിക് എന്നാണ് പ്രമുഖ നിരൂപകര്‍ വിലയിരുത്തിയത്. 2012ല്‍ പുറത്തിറങ്ങിയ ഏറ്റവും മികച്ച നോവലായി ഇന്ത്യാടുഡേയടക്കം പല പ്രസിദ്ധീകരണങ്ങളും ആരാച്ചാരിനെ തിരഞ്ഞെടുത്തിരുന്നു.

മലയാളത്തിലെ പ്രമുഖമായ കേരള സാഹിത്യ അക്കാദമി, ഓടക്കുഴല്‍, വയലാര്‍ അവാര്‍ഡുകളും ആരാച്ചാര്‍ നേടിയിട്ടുണ്ട്. കൊല്‍ക്കത്തയുടെ പശ്ചാത്തലത്തിലെഴുതിയ നോവലാണ് ആരാച്ചാര്‍. കൊല്‍ക്കത്തയിലെ ജീവിതം സസൂക്ഷ്മം നിരീക്ഷിച്ചു ഏറെ നാളുകള്‍ കൊല്‍ക്കത്തയില്‍ തങ്ങിയാണ് മീര നോവലെഴുതിയത്. മാധ്യമം ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച നോവല്‍ പിന്നീട് ഡി സി ബുക്‌സ് പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. കൊല്‍ക്കത്തയുടെ പശ്ചാത്തലത്തില്‍ പെണ്‍ ആരാച്ചാരുടെ കഥ പറയുന്ന നോവല്‍ രാജ്യത്തിനകത്തും പുറത്തും ചര്‍ച്ചയായിട്ടുണ്ട്. പുരസ്‌കാരം നേടിയ മീരയെ പി കെ ശ്രീമതി എം പി അഭിനന്ദിച്ചു.

മീര 1970 ഫെബ്രുവരി 19 ന് കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിലാണ് ജനിച്ചത്. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടി. 1993 മുതല്‍ മലയാള മനോരമയില്‍ പത്രപ്രവര്‍ത്തകയായി ജോലിയില്‍ പ്രവേശിച്ചു. ചീഫ് സബ് എഡിറ്ററായിരിക്കേ സജീവ എഴുത്തിനായി മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ചു. പതിനഞ്ചു വര്‍ഷം മുമ്പാണ് എഴുത്തില്‍ സജീവമായത്. മോഹമഞ്ഞ, അവേമരിയ, ഗില്ലറ്റിന്‍, മീരയുടെ നോവെല്ലകള്‍, മീരയുടെ കഥകള്‍, പെണ്‍പഞ്ചതന്ത്രവും മറ്റു കഥകളും എന്നിവയാണ് മീരയുടെ മറ്റു പ്രധാന കൃതികള്‍.  അങ്കണം അവാര്‍ഡ്, ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ്, പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടി (പി.യു.സി.എല്‍.) അവാര്‍ഡ്, ചൊവ്വര പരമേശ്വരന്‍ അവാര്‍ഡ് എന്നിവയ്ക്ക് അര്‍ഹയായി. ഇംഗ്ലീഷിലേക്കും തമിഴിലേക്കും കൃതികള്‍ പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്.

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം കെ.ആര്‍.മീരയ്ക്ക്കെ.ആര്‍.മീരയ്ക്ക് ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം….

Posted by K R Meera on Thursday, December 17, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here