കോണ്‍ഗ്രസിനെ വേട്ടയാടുന്നത് മൃദു ഹിന്ദുത്വ നിലപാടുകള്‍; ഹിന്ദുമഹാമണ്ഡലം അധികാരമോഹത്തിന്റെ സൃഷ്ടി; ഉമ്മന്‍ചാണ്ടിയെ രക്ഷിച്ച വെള്ളാപ്പള്ളി കാട്ടിയത് ന്യൂനപക്ഷ വിരുദ്ധതയുടെ പൊള്ളത്തരം

മുന്‍കാല കോണ്‍ഗ്രസ് നേതാക്കളുടെ മൃദുഹിന്ദുത്വ നിലപാടുകള്‍ കോണ്‍ഗ്രസിനെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. സ്വാതന്ത്ര്യസമരത്തില്‍ യാതൊരു പങ്കും വഹിച്ചിട്ടില്ലാത്ത ആര്‍എസ്എസ് കോണ്‍ഗ്രസ് നേതാക്കളെ തട്ടിയെടുത്ത് ചരിത്രം തിരുത്തിയെഴുതാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ ഈ വേട്ടയാടല്‍ ശക്തമായിരിക്കുന്നത്. നെഹ്‌റു മന്ത്രിസഭയിലെ രണ്ടാമനും ഉരുക്കുമനുഷ്യനെന്ന് അറിയപ്പെട്ടിരുന്നയാളുമായ സര്‍ദാര്‍ വല്ലഭഭായിപട്ടേലിന്റെ പ്രതിമാ നിര്‍മ്മാണത്തിലൂടെയാണ് ബി ജെ പി ഇതിന് തുടക്കം കുറിച്ചത്.

കേരളത്തില്‍ ആര്‍ ശങ്കറിന്റെ പ്രതിമാ അനാച്ഛാദനവുമായി ബന്ധപ്പെട്ടാണ് ഈ ശ്രമം നടന്നത്. 2013ല്‍ പി പരമേശ്വരന്‍ ഇതിനായി വിത്തിട്ടു. അന്ന് കോണ്‍ഗ്രസുകാരാരും അത് കണ്ടതായി നടിച്ചില്ല. കൊല്ലത്ത് ആര്‍എസ്എസ് കാര്യാലയത്തില്‍ നിത്യ സന്ദര്‍ശകനായിരുന്നു ആര്‍ ശങ്കറെന്നും താനവിടെ ചെന്നപ്പോള്‍ അദ്ദേഹത്തെ കണ്ടിട്ടുണ്ടെന്നുമാണ് പരമേശ്വരന്‍ അന്ന് പറഞ്ഞത്. സത്യാവസ്ഥ പുറത്തുപറയാന്‍ ശങ്കര്‍ കുഴിമാടത്തില്‍ നിന്ന് തിരിച്ചുവരാനിടയില്ലെന്ന് ഉറപ്പായകാലത്താണ് പരമേശ്വരന്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

ഒരു കാര്യം സത്യമാണ്. മന്ന – ശങ്കരന്മാര്‍ ചേര്‍ന്ന് ഹിന്ദുമഹാമണ്ഡലം രൂപീകരിച്ചു. ദില്ലിയില്‍പ്പോയ ശങ്കര്‍ അന്ന് നെഹ്‌റുവിന്റെ ക്യാബിനറ്റില്‍ അംഗമായിരുന്ന ശ്യാമപ്രസാദ് മുഖര്‍ജിയെ കണ്ടിരുന്നിരിക്കാം. പക്ഷെ അന്ന് ശ്യാമപ്രസാദ് മുഖര്‍ജി കോണ്‍ഗ്രസ് മന്ത്രിസഭയില്‍ അംഗമായിരുന്നു. പിന്നീടാണ് രാജിവെക്കുകയും ജനസംഘം രൂപീകരിക്കുകയും ചെയ്തത്.

എന്തായിരുന്നു ഹിന്ദുമഹാമണ്ഡലം രൂപീകരണത്തിന്റെ ചരിത്ര പശ്ചാത്തലം? അന്ന് കേരളം രൂപം കൊണ്ടിട്ടില്ല. ശങ്കര്‍ തിരുവിതാംകൂറിലെ കോണ്‍ഗ്രസ് നേതാവായിരുന്നു. ടികെ നാരായണപിള്ള മുഖ്യമന്ത്രിയായി. അദ്ദേഹം ഒരു ക്രിസ്ത്യന്‍ പക്ഷപാതിയാണെന്നായിരുന്നു മന്ന – ശങ്കരന്‍മാരുടെ കാഴ്ചപ്പാട്. മാത്രവുമല്ല തിരുവിതാംകൂറിന്റെ ഭരണത്തില്‍ ക്രിസ്ത്യാനികള്‍ക്ക് മേല്‍ക്കൈ കിട്ടുകയും നായരീഴവാദി ജനവിഭാഗങ്ങള്‍ പിന്തള്ളപ്പെടുകയാണ് എന്ന ആക്ഷേപവും മന്ന – ശങ്കരന്മാര്‍ക്കുണ്ടായിരുന്നു. ഇതാണ് ഹിന്ദുമഹാമണ്ഡല രൂപീകരണത്തിനും തുടര്‍ന്ന് അതിന്റെ രാഷ്ട്രീയ പാര്‍ട്ടിയായി ഡെമോക്രാറ്റിക് കോണ്‍ഗ്രസ് രൂപീകരണത്തിലേക്കും ശങ്കറിനെ നയിച്ചത്.

‘കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍’ എന്ന പുസ്തകത്തില്‍ ഹിന്ദുമണ്ഡല രൂപീകരണത്തിനിടയാക്കിയ രാഷ്ട്രീയ പശ്ചാത്തലം ഇഎംഎസ് വിശദീകരിക്കുന്നു. ”സാമ്പത്തികമായും വിദ്യാഭ്യാസപരമായും മുന്‍നില്‍ക്കുന്ന ക്രിസ്ത്യാനി അതേവരെ സമൂഹത്തിന്റെ ഉന്നത ശ്രേണിയില്‍ നിന്നിരുന്നു. അയാള്‍ നായരെയും പതുക്കെ പതുക്കെ ആയിട്ടാണെങ്കിലും പിന്നോക്കാവസ്ഥ പരിഹരിച്ച് മുന്നേറാന്‍ ശ്രമിക്കുന്ന ഈഴവനെയും ഒരു പോലെ പിന്തള്ളുന്നു എന്ന ബോധം അവരിരുവരിലും വളര്‍ന്നു.

തങ്ങള്‍ തമ്മിലുള്ള വൈരുധ്യമല്ല, ക്രിസ്ത്യാനിയോടുള്ള വിരോധമാണ് പ്രധാനമെന്ന് ഇരുവര്‍ക്കും തോന്നാന്‍ തുടങ്ങി. ഇതിന്റെ അലയടിച്ച് ‘ഹിന്ദുമണ്ഡലം’ എന്ന പുതിയ സംഘടന രൂപം കൊണ്ടു. അതിന്റെ ഏറ്റവും ഉയര്‍ന്ന രണ്ടു നേതാക്കള്‍ ‘മന്നശങ്കരന്‍മാര്‍’ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന മന്നത്ത് പത്മനാഭനും ആര്‍ ശങ്കറും ആണ്.”

ചുരുക്കിപ്പറഞ്ഞാല്‍ തിരുവിതാംകൂറിലെ നായരീഴവ വിഭാഗങ്ങളില്‍ ഉണ്ടായ ക്രിസ്ത്യന്‍ വിരോധമാണ് ഹിന്ദു മഹാമണ്ഡല രൂപീകരണത്തിനും അതിന്റെ രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ഡെമോക്രാറ്റിക് കോണ്‍ഗ്രസ് രൂപം കൊള്ളുന്നതിനും ഇടയാക്കിയത്. ഇതിന്റെ എതിര്‍ബോധമാണ് ശങ്കര്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ അദ്ദേഹത്തിനെതിരെ വന്ന അവിശ്വാസപ്രമേയവും അധികാരനഷ്ടവും.

കോണ്‍ഗ്രസിനകത്ത് വിശേഷിച്ച് തിരുവിതാംകൂറില്‍ നിലനിന്നിരുന്ന സാമുദായികാവബോധവും സാമൂദായികസംഘടനകളെ ഉപയോഗപ്പെടുത്തി അധികാരത്തിന്റെ ഉന്നത ശ്രേണികളിലേക്ക് കയറിപ്പോകാന്‍ നടത്തിവന്നിരുന്ന ചക്കളത്തിപ്പോരാട്ടവുമാണ് മഹാമണ്ഡലത്തിന്റെയും അതിന്റെ രാഷ്ട്രീയപാര്‍ട്ടിയായ ഡെമോക്രാറ്റിക് കോണ്‍ഗ്രസിന്റെയും രൂപീകരണത്തിലേക്കും തുടര്‍ന്ന് അതിന്റെ തകര്‍ച്ചയിലേക്കും നയിച്ചത്. ഈ സമ്മര്‍ദതന്ത്രത്തിലൂടെ കോണ്‍ഗ്രസിന്റെ അഖിലേന്ത്യാനേതൃത്വത്തെ മുട്ടുമടക്കിക്കുവാനും തുടര്‍ന്ന് രൂപംകൊണ്ട കെപിസിസിയുടെ തന്നെ പ്രസിഡണ്ടാവാനും ആര്‍ ശങ്കറിന് കഴിഞ്ഞു എന്നത് ചരിത്രം.

ഇതില്‍ നിന്ന് രണ്ടുകാര്യങ്ങള്‍ വ്യക്തമാണ്. ഒന്ന് ഹിന്ദുമഹാമണ്ഡല രൂപീകരണം ഹിന്ദുമഹാസഭയുടെയൊ ജനസംഘത്തിന്റെയൊ ചുവടുപിടിച്ചായിരുന്നില്ല. എങ്കില്‍ അവര്‍ ഹിന്ദുമണ്ഡല രൂപീകരണത്തിന് ശേഷം ജനസംഘം രൂപീകരിക്കുമ്പോള്‍ അതിന്റെ ഭാഗമാകുമായിരുന്നു. അതല്ല അവര്‍ ചെയ്തത് മറിച്ച് ഡെമോക്രാറ്റിക് കോണ്‍ഗ്രസ് രൂപീകരിക്കുകയായിരുന്നു. എന്നാല്‍ ക്രിസ്ത്യന്‍ വിരുദ്ധതയിലൂടെ ഹിന്ദുക്കളായ കോണ്‍ഗ്രസുകാരെ ഒരുമിപ്പിച്ച് നിര്‍ത്താനാവും എന്ന കാഴ്ചപ്പാട് മന്നത്തിനും ശങ്കറിനുമുണ്ടായിരുന്നു. അത് ഉപയോഗപ്പെടുത്തി സമ്മര്‍ദ്ദ രാഷ്ട്രീയം കളിക്കുകയാണവര്‍ ചെയ്തത്. അങ്ങനെയാണ് ശങ്കര്‍ കെപിസിസി പ്രസിഡണ്ടും പിന്നീട് മുഖ്യമന്ത്രിയുമാവുന്നത്.

രണ്ടാമത്തെ കാര്യം കോണ്‍ഗ്രസില്‍ അന്നും ഇന്നും സാമുദായിക സംഘടനകള്‍ക്കും സാമുദായിക വികാരത്തിനും ശക്തമായ സ്വാധീനം ചെലുത്താന്‍ കഴിയും എന്നതാണ്. അതിന് ശേഷം നടന്ന വിമോചന സമരത്തിലൂടെ ജാതിമത ശക്തികള്‍ക്ക് കോണ്‍ഗ്രസില്‍ സ്വാധീനം വര്‍ധിച്ചു. കോണ്‍ഗ്രസ് തന്നെ ജാതിമത ശക്തികളുടെ ഒരു ഐക്യമുന്നണിയായി മാറി. പിന്നീട് രൂപംകൊണ്ട ഐക്യമുന്നണി രാഷ്ട്രീയത്തിന്റെ ഭാഗമായി ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്ക് സ്വാധീനവും സമ്പത്തും വര്‍ധിപ്പിക്കാനായെന്നും ഹിന്ദുക്കള്‍ അവഗണിക്കപ്പെട്ടുവെന്നും പറഞ്ഞുകൊണ്ടാണ് വെള്ളാപ്പള്ളി നടേശന്‍ സമത്വമുന്നേറ്റയാത്ര നടത്തിയത്.

Modi-oc-VN

സമത്വമുന്നേറ്റയാത്രയില്‍ ആശംസാപ്രസംഗം നടത്താന്‍ കെഎം മാണി എത്തി. ഒപ്പം ശങ്കര്‍ പ്രതിമാ അനാച്ഛാദനവുമായി ബന്ധപ്പെടുത്തി ഒരു വിവാദമുണ്ടാക്കി ഉമ്മന്‍ചാണ്ടിയുടെ മുഖം രക്ഷിച്ചു. ഇതൊക്കെ കാണിക്കുന്നത് വെള്ളാപ്പള്ളിയുടെ ന്യൂനപക്ഷവിരുദ്ധ വാചാടോപത്തിന്റെ പൊള്ളത്തരങ്ങളാണ്. സാമുദായിക – മത- രാഷ്ട്രീയത്തിന്റെ സമ്മര്‍ദ്ദതന്ത്രങ്ങള്‍ പുതിയ രൂപവും ഭാവും നേടിക്കൊണ്ടിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News