പൊലീസുകാരന്റെ സദാചാര ഗുണ്ടായിസം; മറൈന്‍ ഡ്രൈവില്‍ സംസാരിച്ചിരുന്ന യുവാവിനെയും യുവതിയെയും ഭീഷണിപ്പെടുത്തി പണം തട്ടി; തൃപ്പൂണിത്തുറ എആര്‍ ക്യാമ്പിലെ പിഎ അന്‍സാരിക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: മറൈന്‍ഡ്രൈവില്‍ സംസാരിച്ചിരുന്ന യുവാവിനെയും യുവതിയെയും ഭീഷണിപ്പെടുത്തി പൊലീസ് ഉദ്യോഗസ്ഥന്‍ പണം തട്ടിയതായി പരാതി. തൃപ്പൂണിത്തുറ എആര്‍ ക്യാമ്പിലെ പൊലീസുകാരനും ഹൈക്കോടതി ജഡ്ജിയുടെ അംഗരക്ഷകരില്‍ ഒരാളുമായ പിഎ അന്‍സാരി എന്ന ഉദ്യോഗസ്ഥനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

യുവാവും യുവതിയും എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ അന്വേഷിച്ച് പൊലീസ് വൈപ്പിനിലെ വീട്ടിലെത്തിയെങ്കിലും അന്‍സാരി കടന്നുകളയുകയായിരുന്നു. ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് അസി.കമ്മിഷണര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തെ തുടര്‍ന്ന് അന്‍സാരിയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.

കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് സംഭവം. അനാശാസ്യം നടത്തിയെന്ന കേസില്‍പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് അന്‍സാരി യുവാവില്‍ നിന്നും 5000 രൂപ ആവശ്യപ്പെട്ടത്. തര്‍ക്കത്തിനൊടുവില്‍ 2000 രൂപ നല്‍കാമെന്ന് ധാരണയായെങ്കിലും പണം നല്‍കുന്നതിനിടെ അന്‍സാരി പഴ്‌സ് തട്ടിപ്പറിക്കുകയായിരുന്നുവെന്ന് യുവാവ് പരാതിയില്‍ പറയുന്നു. എന്നാല്‍ യുവാവ് പൊലീസ് സ്റ്റേഷനില്‍ പോകാമെന്ന് നിലപാടെടുത്തതോടെ അന്‍സാരി കൂടുതല്‍ മോശമായി സംസാരിക്കാനും ഭീഷണിപ്പെടുത്താനും തുടങ്ങിയെന്നും പരാതിയില്‍ പറയുന്നു.

ഇതിനിടെ പെണ്‍കുട്ടിയുടെ മൊബൈല്‍ നമ്പര്‍ അന്‍സാരി എഴുതിയെടുത്തിരുന്നു. പിന്നീട് ആ നമ്പറിലേക്ക് മിസ്ഡ് കോള്‍ അടിച്ചു. ഫോണ്‍ നമ്പര്‍ പരിശോധിച്ചാണ് തട്ടിപ്പ് നടത്തിയത് അന്‍സാരിയാണെന്ന് തിരിച്ചറിഞ്ഞത്. എ.ആര്‍ ക്യാമ്പിലെ പൊലീസുകാരനായ അന്‍സാരി ഡപ്യൂട്ടേഷനിലാണ് ജഡ്ജിയുടെ കാവല്‍ക്കാരനായി എത്തിയത്. ഇയാള്‍ ഉപയോഗിച്ചിരുന്ന ഫോണും സിംകാര്‍ഡും മറ്റൊരു പൊലീസുകാരന്റെതാണെന്നും കണ്ടെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News