ചെന്നിത്തല ദില്ലിയിലേക്ക്; ഹൈക്കമാന്‍ഡുമായി കൂടിക്കാഴ്ച്ച നടത്തുമെന്ന് സൂചന; കത്തിന്റെ ഉറവിടത്തെ കുറിച്ച് അന്വേഷണം നടത്തണമെന്ന് സുധീരന്‍; നിര്‍വാഹകസമിതി യോഗത്തില്‍ ലാലി വിന്‍സെന്റിനും ആര്‍. ചന്ദ്രശേഖരനും വിമര്‍ശനം

തിരുവനന്തപുരം: വിവാദ കത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്ന് ദില്ലിയിലേക്ക് പോകും. ഹൈക്കമാന്‍ഡുമായി നാളെ കൂടിക്കാഴ്ച്ച നടത്തുമെന്നാണ് സൂചന. അതേസമയം, കത്ത് താന്‍ അയച്ചിട്ടില്ലെന്ന നിലപാടില്‍ തന്നെയാണ് ചെന്നിത്തല. മുഖ്യമന്ത്രിക്കെതിരെ താന്‍ കത്തയച്ചുവെന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും ചെന്നിത്തല കെപിസിസി യോഗത്തില്‍ വ്യക്തമാക്കി. അറിയിക്കേണ്ട കാര്യങ്ങള്‍ നേതൃത്വത്തെ അറിയിക്കാന്‍ തനിക്കു അറിയാം. പൊതുനിരത്തില്‍ എന്തെങ്കിലും വിളിച്ചുപറഞ്ഞ് ആളാകുന്ന ശീലം തനിക്കില്ല. മാധ്യമവിചാരണ തന്റെ ശൈലിയല്ലെന്നും പ്രശ്‌നങ്ങള്‍ എങ്ങനെ അവതരിപ്പിക്കണമെന്ന് ബോധ്യമുണ്ടെന്നും ചെന്നിത്തല യോഗത്തില്‍ പറഞ്ഞു. കത്തിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണം ആരംഭിച്ചെന്നും ചെന്നിത്തല യോഗത്തെ അറിയിച്ചു.

കത്തിന്റെ ഉറവിടത്തെ കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ആവശ്യപ്പെട്ടു. കത്ത് തന്റേതല്ലെന്ന് രമേശ് ചെന്നിത്തല തന്നെ വ്യക്തമാക്കിയത് കൊണ്ടാണിതെന്നും സുധീരന്‍ അറിയിച്ചു. കത്തിന്റെ നിജസ്ഥിതി അറിയാതെ പരസ്യപ്രസ്താവന നടത്തിയതിന് കെപിസിസി വൈസ് പ്രസിഡന്റ് ലാലി വിന്‍സെന്റിനും ഐഎന്‍ടിയുസി നേതാവ് ആര്‍. ചന്ദ്രശേഖരനുമെതിരെ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം അഴിമതിയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതിഛായയ്ക്ക് മങ്ങലേറ്റതുമാണെന്ന് കാണിച്ചാണ് ഹൈക്കമാന്റിന് ചെന്നിത്തല കത്ത് നല്‍കിയത്. സോണിയാഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ് പട്ടേലിനാണ് ചെന്നിത്തല കത്തയച്ചത്.

അഴിമതി ആരോപണങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതിഛായയെ പൂര്‍ണ്ണമായും നശിപ്പിച്ചു. സ്വജനപക്ഷപാതവും തന്‍പ്രമാണിത്തവും കോണ്‍ഗ്രസില്‍ നിന്നും ജനങ്ങളെ അകറ്റി. സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ ജനങ്ങള്‍ വിലയിരുത്തിയതാണ് പരാജയത്തിലേക്ക് നയിച്ചതെന്നും ചെന്നിത്തല ഹൈക്കമാന്റിനയച്ച കത്തില്‍ ആരോപിക്കുന്നു. തെരഞ്ഞെടുപ്പിനെ നേരിടുന്നതിലും തയ്യാറെടുപ്പുകള്‍ നടത്തുന്നതിലും കോണ്‍ഗ്രസ് നേതൃത്വം പരാജയപ്പെട്ടെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടുന്നു.

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഹൈക്കമാന്റും കേരള നേതാക്കളും പങ്കെടുക്കുന്ന യോഗം 22ന് ദില്ലിയില്‍ ചേരും. കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്, എകെ ആന്റണി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ഉമ്മന്‍ചാണ്ടി, വിഎം സുധീരന്‍, രമേശ് ചെന്നിത്തല എന്നിവരെയും യോഗത്തില്‍ പങ്കെടുക്കാനായി ദില്ലിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News