വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ അതിക്രമം; കോഴിക്കോട് സര്‍വ്വകലാശാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കോഴിക്കോട്: വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ക്യാമ്പസില്‍ അതിക്രമം നടക്കുന്നുവെന്ന പരാതിയില്‍ കാലിക്കറ്റ് സര്‍വകലാശാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. യുജിസി, വിദ്യാഭ്യാസമന്ത്രി എന്നിവര്‍ക്കാണ് സര്‍വകലാശാല വിസി റിപ്പോര്‍ട്ട് നല്‍കിയത്. പരാതി ഗൗരവമുള്ളതാണെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുവെന്നും വിസി വ്യക്തമാക്കി.

സര്‍വകലാശാലയിലെ സുരക്ഷ വര്‍ധിപ്പിക്കാന്‍ പൊലീസിന്റെ സഹായം തേടി. ഡിസംബര്‍ ഏഴിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു സര്‍വകലാശാലയോട് യുജിസി ആവശ്യപ്പെട്ടിരുന്നത്.

സാമൂഹിക വിരുദ്ധരുടെ പീഡനം കാരണം സര്‍വകലാശാലാ കാമ്പസില്‍ സമാധാനത്തോടെ നടക്കാന്‍ പോലും കഴിയുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ഥിനികള്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം തടയാന്‍ നടപടികള്‍ സര്‍വകലാശാലയുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്നും പരാതിയില്‍ പറയുന്നു. കാമ്പസിനകത്ത് തങ്ങള്‍ എപ്പോഴും ലൈംഗിക പീഡനത്തിനിരയാകാവുന്ന സാഹചര്യമാണുള്ളതെന്നും ആണ്‍കുട്ടികളും കാമ്പസിനുള്ളില്‍ പുറത്തുനിന്നു വരുന്ന വരും ലൈംഗികച്ചുവയോടെ സംസാരിക്കുന്നെന്നുമാണ് പരാതിയില്‍ പറയുന്നത്.

ആദ്യം ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍വകലാശാല അധികാരികള്‍ക്കും പെണ്‍കുട്ടികള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടിയുണ്ടായില്ല. തുടര്‍ന്ന് യുജിസിക്കും പരാതി നല്‍കിയെന്ന് പെണ്‍കുട്ടികള്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here