ദില്ലി കൂട്ടമാനഭംഗക്കേസ്; പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ മോചിപ്പിക്കാമെന്ന് ദില്ലി ഹൈക്കോടതി; പ്രതിക്ക് ഞായറാഴ്ച്ച മോചനം; നീതി കിട്ടിയില്ലെന്ന് ജ്യോതിയുടെ മാതാവ്

ദില്ലി: രാജ്യത്തെ നടുക്കിയ ദില്ലി നിര്‍ഭയ കൂട്ടമാനഭംഗക്കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ മോചിപ്പിക്കാമെന്ന് ദില്ലി ഹൈക്കോടതി. ഞായറാഴ്ചയാണ് പ്രതിയെ മോചിപ്പിക്കുന്നത്. പ്രതിയുടെ ശിക്ഷാ കാലാവധി നാളെ പൂര്‍ത്തിയാവും. പ്രതിയെ നിലവിലെ ജുവനൈല്‍ ചട്ടങ്ങള്‍ പാലിച്ച് വിട്ടയക്കാമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

തങ്ങള്‍ നിസ്സഹയാരാണെന്ന് പറഞ്ഞാണ് ജി രോഹിണി അധ്യക്ഷയായ ദില്ലി ഹൈക്കോടതി ബെഞ്ച് പ്രതിയെ മോചിപ്പിക്കാന്‍ ഉത്തരവ് ഇട്ടത്. നിലവിലെ നിയമവ്യവസ്ഥ പ്രകാരം പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് നല്‍കാവുന്ന പരമാവധി ശിക്ഷ മൂന്ന് വര്‍ഷമാണ്. പ്രതിയെ ജുവനൈല്‍ കസ്റ്റഡിയില്‍ തുടരുന്നത് അനുവദിക്കാന്‍ ആകില്ലെന്നും കോടതി വ്യക്തമാക്കി.

പ്രതിയെ നിലവിലെ ജുവനൈല്‍ ചട്ടങ്ങള്‍ പാലിച്ച് വിട്ടയക്കാം. പ്രതിയുടെ പുനരധിവാസം സംബന്ധിച്ച് കേന്ദ്രസര്‍ക്കാരും പ്രതിയും മാതാപിതാക്കളുമായി കൂടിയാലോചിച്ച് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് തീരുമാനമെടുക്കാം. രണ്ടുവര്‍ഷത്തേക്ക് ഇയാളുടെ ഓരോ ചലങ്ങളും നിരീക്ഷിക്കണം. ശേഷം പൂര്‍ണ്ണ സ്വാതന്ത്യം നല്‍കി പുറത്തുവിടണമോയെന്ന് തീരുമാനിക്കാമെന്നും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് കോടതി നിര്‍ദേശം നല്‍കി.

അതേസമയം വിധിയില്‍ നിരാശയുണ്ടെന്നും എല്ലാ പരിശ്രമങ്ങളും വെറുതെയായെന്നും നിര്‍ഭയയെന്ന് ലോകം വിളിച്ച ജ്യോതി സിങ്ങിന്റെ മാതാപിതാക്കള്‍ പറഞ്ഞു. പ്രതി തീവ്രവാദ സ്വഭാവത്തിലായിട്ടുണ്ടെന്നും ദേശീയ സുരക്ഷാ നിയമത്തില്‍ കസ്റ്റഡിയില്‍ വയക്കണമെന്ന് ആവശ്യപ്പെട്ട് സുബ്രമണ്യന്‍ സ്വാമി ഹര്‍ജി നല്‍കിയിരുന്നു.

ഈ ഹര്‍ജി പരിഗണിച്ചുള്ള ദില്ലി ഹൈക്കോടതിയുടെ നോട്ടീസിനായിരുന്നു പ്രതിയെ വിട്ടയക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നത്. സുബ്രമണ്യന്‍ സ്വാമിയുടെ ഹര്‍ജിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു. തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്ന് ജ്യോതിസിംഗിന്റെ മാതാവ് കോടതി വിധിയോട് പ്രതികരിച്ചു.

2012 ഡിസംബര്‍ 16നു നടന്ന സംഭവത്തില്‍ അറസ്റ്റിലായ പ്രതിക്ക് പരമാവധി ശിക്ഷയായ മൂന്നു വര്‍ഷത്തെ നല്ലനടപ്പിനുള്ള ശിക്ഷയാണു ലഭിച്ചത്. പെണ്‍കുട്ടിയെ ഏറ്റവും ക്രൂരമായ രീതിയില്‍ പീഡിപ്പിച്ചത് ഇയാളാണെന്നും ഇയാളെ മോചിപ്പിക്കുന്നത് സമൂഹത്തിന് തന്നെ ഭീഷണിയാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. ഇയാളെ മോചിപ്പിക്കുന്നതിനെതിരെ നിര്‍ഭയയുടെ മാതാപിതാക്കളും രംഗത്തെത്തിയിരുന്നു.

വിധി അനുസരിച്ച് ദില്ലി കൂട്ടമാനഭംഗ കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ഞായറാഴ്ച്ച വിട്ടയക്കും. പെണ്‍കുട്ടിയോട് ഏറ്റവും ക്രൂരമായി പെരുമാറിയ പ്രതിയാണ് പ്രായത്തിന്റെ ഇളവു നേടി ഞായറാഴ്ച്ച മോചിതനാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here