ഇന്ധനവില കുറയ്ക്കണമെന്നാവശ്യപ്പെട്ട് #ReducePetrolPricePM കാമ്പയിന്‍; പ്രധാനമന്ത്രിക്ക് സന്ദേശമെത്തിക്കാന്‍ കൈരളി ന്യൂസ് ഓണ്‍ലൈന്‍

ലോക വിപണിയില്‍ ക്രൂഡോയില്‍ വില കുത്തനെ ഇടിയുമ്പോള്‍ രാജ്യത്ത് ഇന്ധനവില കുതിച്ചുയരുകയാണ്. ഈ സാഹചര്യത്തിലാണ് കൈരളി ന്യൂസ് ഓണ്‍ലൈന്‍ #ReducePetrolPricePM ഹാഷ് ടാഗ് കാമ്പയിന്‍ ആരംഭിച്ചത്. ഫേസ്ബുക്കിലാണ് ഹാഷ് ടാഗ് കാമ്പയിന്‍. ഇന്ധനവില കുറയ്ക്കണം എന്ന സന്ദേശം പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് എത്തിക്കുക എന്നതാണ് #ReducePetrolPricePM കാമ്പയിനിന്റെ ലക്ഷ്യം. അഭിപ്രായം രേഖപ്പെടുത്താനായി fb.com/ReducePetrolPricePM എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കാം. അഭിപ്രായം ഈ പേജില്‍ രേഖപ്പെടുത്താം.

നരേന്ദ്ര മോഡി അധികാരത്തിലെത്തിയശേഷം അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില മൂന്നിലൊന്നായി കുറഞ്ഞു. എന്നാല്‍ പെട്രോളിന്റെ വില കേവലം അഞ്ചു രൂപ മാത്രമാണ് കുറച്ചത്. അതേസമയം എക്‌സൈസ് നികുതി അഞ്ചു തവണയായി ആറു രൂപ കൂട്ടി. ക്രൂഡിന്റെ അന്താരാഷ്ട്ര വിലയനുസരിച്ച് പെട്രോളിന് 53 പൈസയും ഡീസലിന് 50 പൈസയും കുറച്ചതിനുപിന്നാലെ എക്‌സൈസ് നികുതി ഇനത്തില്‍ കേന്ദ്രം പെട്രോളിന് 30 പൈസയും ഡീസലിന് 1.17 രൂപയും കൂട്ടുകയായിരുന്നു.

യുപിഎ സര്‍ക്കാരിന്റെ ഏറ്റവും വലിയ പരാജയമാണ് ഇന്ധന വില വര്‍ധനയെന്ന് അന്ന് ട്വീറ്റ്‌ചെയ്ത നരേന്ദ്ര മോഡിയുടെ പക്ഷപാതിത്വം ഈ കണക്കുകള്‍ തുറന്നുകാണിക്കുന്നു. ഇന്ധന വിലവര്‍ധനമൂലം ഗുജറാത്ത് സര്‍ക്കാരിന് നൂറുകണക്കിന് കോടിയുടെ അധികബാധ്യത വരുന്നുവെന്ന് പരിതപിച്ച മോഡി പക്ഷേ പ്രധാനമന്ത്രിയായപ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് ഉണ്ടാകുന്ന ബാധ്യത തെല്ലും കണക്കിലെടുക്കുന്നില്ല.

മോഡി അധികാരമേല്‍ക്കുമ്പോള്‍ ക്രൂഡ് ബാരലിന് വിപണിയില്‍ 120 ഡോളറായിരുന്നു വില. ഇന്ന് അത് 36 ഡോളറായി കുറഞ്ഞു. എന്നാല്‍ അന്ന് 69.15 രൂപയായിരുന്ന പെട്രോളിന്റെ വില 63.67 രൂപയായി നില്‍ക്കുന്നു. ക്രൂഡിന്റെ വിലയുടെ അടിസ്ഥാനത്തില്‍ 25 രൂപ മാത്രമേ ഈടാക്കാനാകൂ. കൊച്ചിയില്‍ 63.67 രൂപ വിലയുള്ള പെട്രോളിന് കേന്ദ്രം എക്‌സൈസ് നികുതിയായി ജനങ്ങളില്‍നിന്നു പിരിക്കുന്നത് 19.36 രൂപയാണ്.

സംസ്ഥാന സര്‍ക്കാര്‍ വില്‍പ്പനനികുതിയായി 15.70 രൂപയും. 28.61 രൂപ അടിസ്ഥാനവിലയുള്ള പെട്രോളിന് 35.60 രൂപയാണ് ഈ രണ്ടു സര്‍ക്കാരുകളുംകൂടി കൊള്ളയടിക്കുന്നതെന്ന് അര്‍ഥം. ഡീസലിന്റെ സ്ഥിതിയാണ് ഇതിലും കഷ്ടം. പെട്രോള്‍ കമ്പനികളുടെ എല്ലാ കൊള്ളലാഭവും കഴിഞ്ഞ് 14.81 രൂപ മാത്രമാണ് ഒരുലിറ്റര്‍ ഡീസലിന്റെ അടിസ്ഥാന വില. ജനങ്ങള്‍ കൊടുക്കേണ്ടിവരുന്നതാകട്ടെ 49.57 രൂപയും.

ഇരട്ടിയിലേറെ രൂപയാണ് (കേന്ദ്രത്തിന്റെ 19.06 ഉം സംസ്ഥാനത്തിന്റെ 15.70ഉം ചേര്‍ത്ത് 34.76 രൂപ) രണ്ട്് സര്‍ക്കാരുകളും കൂടി ജനങ്ങളെ പിഴിയുന്നത്. ക്രൂഡിന്റെ അന്താരാഷ്ട്ര വില കുറയുന്നതിനനുസരിച്ച് മറ്റ് രാജ്യങ്ങളില്‍ വില കുറയുമ്പോള്‍ ഇന്ത്യയില്‍ മാത്രം വില കൂടുകയാണ്. വിലനിയന്ത്രണം എടുത്തുകളഞ്ഞതോടെ നാമമാത്രമായെങ്കിലും ഇന്ധനവില കുറയ്‌ക്കേണ്ടി വരുന്നുണ്ട്. ഇതിനു ബദലായാണ് കേന്ദ്രം നികുതി കൂട്ടുന്നത്.

കേരള സര്‍ക്കാരും ഇതിനു സമാനമായ സമീപനംതന്നെയാണ് സ്വീകരിക്കുന്നത്. പെട്രോളിയം ഇന്ധനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ വില്‍പ്പന നികുതിയുള്ള രണ്ടാമത്തെ സംസ്ഥാനമാണ് കേരളം. പെട്രോളിനും ഡീസലിനും കേരളത്തിലും അതിര്‍ത്തിസംസ്ഥാനങ്ങളായ തമിഴ്‌നാടും കര്‍ണാടകവുമായി നാലു രൂപയുടെ വ്യത്യാസമുണ്ട്. അതുകൊണ്ടുതന്നെ ദീര്‍ഘദൂര ഓട്ടത്തിനുപോകുന്ന വണ്ടികളെല്ലാം അതിര്‍ത്തിവിട്ടാണ് ഇന്ധനം നിറയ്ക്കുന്നത്.

സംസ്ഥാനത്തിനു കിട്ടേണ്ട കോടികളുടെ വില്‍പ്പനനികുതിയും ഇതിലൂടെ നഷ്ടടമാകുന്നു. നികുതി കുറച്ച് ഇന്ധനവില ഏകീകരിച്ചാല്‍ പോലും വില്‍പ്പന നികുതി ഇനത്തില്‍ ഇപ്പോള്‍ ലഭിക്കുന്നതില്‍ കൂടുതല്‍ തുക കിട്ടുമെന്നും ഇന്ധനവ്യാപാരികള്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News