ദില്ലി കൂട്ടമാനഭംഗക്കേസിലെ കുട്ടിക്കുറ്റവാളിയുടെ ശിക്ഷാ കാലാവധി ഇന്ന് പൂര്‍ത്തിയാവും; നാളെ മോചിതനാകും

ദില്ലി: രാജ്യത്തെ നടുക്കിയ ദില്ലി കൂട്ടമാനഭംഗക്കേസിലെ പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളി നാളെ മോചിതനാകും. പ്രതിയുടെ ശിക്ഷാ കാലാവധി ഇന്ന് പൂര്‍ത്തിയാവും. നിലവിലെ ജുവനൈല്‍ ചട്ടങ്ങള്‍ പാലിച്ച് പ്രതിയെ വിട്ടയക്കാമെന്ന് ദില്ലി ഹൈക്കോടതി ഇന്നലെ നിര്‍ദ്ദേശിച്ചിരുന്നു.

തങ്ങള്‍ നിസ്സഹയാരാണെന്ന് പറഞ്ഞാണ് ജി രോഹിണി അധ്യക്ഷയായ ദില്ലി ഹൈക്കോടതി ബെഞ്ച് പ്രതിയെ മോചിപ്പിക്കാന്‍ ഉത്തരവ് ഇട്ടത്. നിലവിലെ നിയമവ്യവസ്ഥ പ്രകാരം പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് നല്‍കാവുന്ന പരമാവധി ശിക്ഷ മൂന്ന് വര്‍ഷമാണ്. പ്രതിയെ ജുവനൈല്‍ കസ്റ്റഡിയില്‍ തുടരുന്നത് അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

2012 ഡിസംബര്‍ 16നു നടന്ന സംഭവത്തില്‍ അറസ്റ്റിലാകുമ്പോള്‍ പ്രതിക്ക് 18 വയസ് തികഞ്ഞിരുന്നില്ല. ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമാണ് വിചാരണ നേരിട്ടത്. ദുര്‍ഗുണപരിഹാര കേന്ദ്രത്തില്‍ അയക്കുന്നവര്‍ക്ക് മൂന്നുവര്‍ഷമാണ് പരമാവധി ശിക്ഷ. മറ്റു നാല് പ്രതികള്‍ക്കും വിചാരണ കോടതി വധശിക്ഷ വിധിച്ചിരുന്നു. ആറുപ്രതികളില്‍ ഒരാളെ വിചാരണയ്ക്കിടെ തിഹാര്‍ ജയിലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു.

അതേസമയം, വിധിയില്‍ നിരാശയുണ്ടെന്നും എല്ലാ പരിശ്രമങ്ങളും വെറുതെയായെന്നും നിര്‍ഭയയെന്ന് ലോകം വിളിച്ച ജ്യോതി സിങ്ങിന്റെ മാതാപിതാക്കള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here