സെവന്‍സ് ഫുട്‌ബോളിന് അംഗീകൃത രൂപം വരുന്നു; ആദ്യ ഘട്ട ടൂര്‍ണമെന്റ് ജനുവരിയില്‍ ഏഴു സ്ഥലങ്ങളില്‍

കൊച്ചി: കേരളത്തിലെ സെവന്‍സ് ഫുട്‌ബോളിന് അംഗീകൃത രൂപം കൈവരുന്നു. കേരള ഫുട്‌ബോള്‍ അസോസിയേഷനും കേരള സ്റ്റേറ്റ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഓര്‍ഗനൈസിംഗ് കമ്മിറ്റിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ജനുവരിയില്‍ തുടക്കമാകും. കെഎഫ്എ നിയമങ്ങള്‍ പാലിച്ചു കൊണ്ടാകും കളികള്‍ നടക്കുക.

കേരളത്തില്‍ സെവന്‍സ് ആവേശമായി പടര്‍ന്ന് കയറിയത് ഇന്നോ ഇന്നലെയോ അല്ല. അതിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. വിരലിലെണ്ണാവുന്ന ചെറുപ്പക്കാര്‍ ഒരു കാല്‍ പന്തിന് പുറകേ പായാന്‍ തുടങ്ങുമ്പോഴൊക്കെ വില്ലനാകുന്നത് കളിക്കാന്‍ സ്ഥലമില്ല എന്നതാണ്. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നടന്നിരുന്ന സെവന്‍സിന് ഏകീകൃത രൂപവും ഇല്ലായിരുന്നു. കേരള ഫുട്‌ബോള്‍ അസോസിയേഷനും കേരള സ്റ്റേറ്റ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഓര്‍ഗനൈസിംഗ് കമ്മിറ്റിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ജനുവരിയില്‍ തുടക്കമാകുന്നതോടെ ഇത്തരം പരാതികള്‍ക്കെല്ലാം അവസാനമാവുകയാണ്.

ഫിഫയുടെ വില്ലേജ് ഡവല്പമെന്റ് ഫുട്‌ബോള്‍ പ്രോഗ്രാമിന്റെ ഭാഗമായാണ് സെവന്‍സ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. സ്ഥലപരിമിതി മൂലം കളികള്‍ നടത്താന്‍ പറ്റാത്ത സ്ഥലങ്ങളില്‍ ചെറിയ ഗ്രൗണ്ടുകളില്‍ കളികള്‍ നടത്തുകയും അത് വഴി കൂടുതല്‍ ക്ലബ്ബുകള്‍ക്കും പ്രാദേശിക തലത്തില്‍ മികവ് തെളിയിച്ച കളിക്കാര്‍ക്കും വലിയ അവസരത്തിനാണ് വഴി തുറക്കുന്നത്. കെഎഫ്എയുടെ നിയമങ്ങളും ചട്ടങ്ങളും പാലിച്ചു കൊണ്ടായിരിക്കും ടൂര്‍ണമെന്റ് നടക്കുക. ഇതിന്റെ ആദ്യ ഘട്ടമായി ജനുവരിയില്‍ കാസര്‍ഗോഡ് ഇളമ്പച്ചി, കണ്ണൂര്‍ വളപട്ടണം, കോഴിക്കോട് മാവൂര്‍, മലപ്പുറം മഞ്ചേരി, കൊണ്ടോട്ടി, വളാഞ്ചേരി, പൊന്നാനി എന്നിവിടങ്ങളില്‍ മത്സരങ്ങള്‍ നടത്തും. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ ക്ലബ്ബിനും കളിക്കാര്‍ക്കും മത്സരങ്ങളില്‍ പങ്കെടുക്കാം. കെഎഫ്എ, എഐഎഫ്എഫ് എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള റഫറിമാരായിരിക്കും കളികള്‍ നിയന്ത്രിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here