മാന്യമായും സമാധാനമായും ജീവിച്ചു പഠിക്കാന്‍ പരാതി നല്‍കിയ പെണ്‍കുട്ടികള്‍ക്കെതിരെ നടപടി; എംഎസ്എഫിന്റെ പ്രമേയത്തിന് സെനറ്റില്‍ അംഗീകാരം

തേഞ്ഞിപ്പലം: കാമ്പസിനുള്ളില്‍ പുറത്തുനിന്നെത്തുന്ന സാമൂഹികവിരുദ്ധരും ചില വിദ്യാര്‍ഥികളും ലൈംഗികമായി അധിക്ഷേപിക്കാനും ഉപദ്രവിക്കാനും ശ്രമിക്കുന്നതു കാരണം സമാധാനത്തോടെ ജീവിക്കാനാവുന്നില്ലെന്നു ഗവര്‍ണര്‍ക്കു പരാതി നല്‍കിയ പെണ്‍കുട്ടികള്‍ക്കെതിരേ നടപടിയെടുക്കാന്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നീക്കം. പരാതി നല്‍കിയ പെണ്‍കുട്ടികള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എംഎസ്എഫ് കൊണ്ടുവന്ന പ്രമേയം സര്‍വകലാശാലാ സെനറ്റ് അംഗീകരിച്ചു. കഴിഞ്ഞദിവസമാണ് തങ്ങളുടെ സൈ്വര ജീവിതത്തിനുള്ള സാഹചര്യം നഷ്ടമായെന്നും നടപടിവേണമെന്നും കാട്ടി അറുനൂറോളം പെണ്‍കുട്ടികള്‍ ഗവര്‍ണര്‍ക്കു പരാതി നല്‍കിയത്.

ചീഫ് ജസ്റ്റിസിനെ അപമാനിച്ചു എന്നു കാട്ടിയാണ് എംഎസ്എഫ് പ്രമേയം കൊണ്ടുവന്നത്. കാമ്പസിലെ വിദ്യാര്‍ഥികളില്‍ എണ്‍പതു ശതമാനത്തോളം വരുന്ന പെണ്‍കുട്ടികള്‍ നേരിടുന്ന ഗുരുതരമായ സാഹചര്യത്തെ പേരിനു പോലും പരാമര്‍ശിക്കാതെയാണ് പരാതി നല്‍കിയവര്‍ക്കെതിരേ നടപടിയെടുക്കാന്‍ എംഎസ്എഫ് മുന്നോട്ടുവന്നതെന്നും ശ്രദ്ധേയമാണ്. നേരത്തെയും ചീഫ് ജസ്റ്റിസിന് അയച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കോടതി സ്വമേധയാ കേസെടുത്തിരുന്നു.

സംസ്ഥാനത്തിനകത്തും പുറത്തുംനിന്നു നൂറു കണക്കിനു വിദ്യാര്‍ഥികളാണ് കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ വിവിധ വകുപ്പുകളില്‍ ബിരുദാനന്തര കോഴ്‌സുകളിലും ഗവേഷണവിഭാഗങ്ങളിലും പഠിക്കുന്നത്. കഴിഞ്ഞ കുറച്ചു കാലമായി കാമ്പസില്‍ പെണ്‍കുട്ടികളുടെ ജീവിതം ദുസഹവും ഭീതിപൂര്‍ണവുമാണ്. മതിയായ സുരക്ഷയില്ലാത്ത കാമ്പസിനുള്ളില്‍ പെണ്‍കുട്ടികള്‍ ഏതു സമയവും അതിക്രമമുണ്ടാകാമെന്ന ഭീതിയിലാണ് കഴിഞ്ഞുകൂടുന്നത്. ക്ലാസും ലാബും കഴിഞ്ഞു വൈകിയ സമയത്തു ലാബിലേക്കു പോകുന്ന പെണ്‍കുട്ടികളെ കയറിപ്പിടിക്കാനും ശ്രമം അടുത്തനാളില്‍ നടന്നിരുന്നു.

കാമ്പസില്‍തന്നെയുള്ള ചില വിദ്യാര്‍ഥികളും കാമ്പസിനു പുറത്തുള്ള സാമൂഹിക വിരുദ്ധരും ചേര്‍ന്നാണ് അക്രമം നടത്തുന്നതെന്നാണ് പെണ്‍കുട്ടികളുടെ പരാതി. പരാതിയും കാമ്പസിലെ സാഹചര്യങ്ങളും സാമൂഹിക സംഘടനകളും സമൂഹമാധ്യമങ്ങളും സജീവ ചര്‍ച്ചയാക്കിയതോടെയാണ് സര്‍വകലാശാലാ അധികാരികള്‍ക്കു പിടിച്ചുനില്‍ക്കാനാവാത്ത അവസ്ഥ വന്നത്. ഇതോടെ, സര്‍വകലാശാലയുടെ രക്ഷയ്ക്കായി എംഎസ്എഫ് രംഗത്തുവരികയായിരുന്നു. പെണ്‍കുട്ടികള്‍ നല്‍കിയ പരാതികള്‍ക്കു പുല്ലുവില കല്‍പിക്കാത്ത സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസിനും ഗവര്‍ണര്‍ക്കും പരാതി നല്‍കിയതെന്ന കാര്യം പോലും പരിഗണിക്കാതെയായിരുന്നു എംഎസ്എഫിന്റെ നീക്കം.

കാമ്പസില്‍ പുറത്തുനിന്നുള്ള സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടത്തേത്തുടര്‍ന്ന് ഹോസ്റ്റലില്‍ താമസിക്കാനും പുറത്തിറങ്ങി നടക്കാനും ഭയമാണെന്നു വിദ്യാര്‍ഥിനികള്‍ പറയുന്നതായി മംഗളം ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. പെണ്‍കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലിനു പുറത്ത് പരസ്യമായി സ്വയംഭോഗം നടത്തുക, ലൈംഗികാവയവപ്രദര്‍ശനം നടത്തുക, നടന്നുപോകുമ്പോള്‍ കയറിപ്പിടിക്കുക, സഹശയനത്തിനും മദ്യപാനക്കമ്പനിക്കും ക്ഷണിക്കുക, വാഹനങ്ങളിലെത്തി പെണ്‍കുട്ടികളുടെ മുന്നില്‍ പരസ്യമായി വസ്ത്രം മാറുക തുടങ്ങിയ വൈകൃതങ്ങളാണു സര്‍വകലാശാല കാമ്പസില്‍ അരങ്ങേറുന്നത്.

രാത്രികാലങ്ങളില്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലിനു പുറത്തെത്തി ടോര്‍ച്ചിന്റെ വെളിച്ചത്തിലാണു ലൈംഗികചേഷ്ടകള്‍ പ്രദര്‍ശിപ്പിക്കുന്നത്. മുമ്പൊരിക്കല്‍ കാമ്പസിലെ ആണ്‍കുട്ടികളുടെ സഹായത്തോടെ ഇത്തരം സാമൂഹികവിരുദ്ധരെ പിടികൂടി കൈകാര്യംചെയ്ത സംഭവവും ഉണ്ടായിട്ടുണ്ട്. വൈകിട്ടു ലാബില്‍നിന്നു പുറത്തിറങ്ങി ഹോസ്റ്റലിലേക്കു നടന്നുവരുമ്പോള്‍ വിദ്യാര്‍ഥിനിയെ കടന്നുപിടിച്ചതു കഴിഞ്ഞദിവസമാണ്. ലേഡീസ് ഹോസ്റ്റലിന് 50 മീറ്റര്‍ അകലെയായിരുന്നു സംഭവം. പുറത്തുനിന്നെത്തിയ അക്രമി പരാക്രമത്തിനുശേഷം ഓടി രക്ഷപ്പെടുകയും ചെയ്തു. പെണ്‍കുട്ടികള്‍ക്കുനേരേ പടക്കമെറിഞ്ഞ സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുകയാണ്. ഹോസ്റ്റലിനു മുന്നിലെ ആഭാസപ്രകടനം നിത്യേനയെന്നോണം നടക്കുന്നതായി പെണ്‍കുട്ടികള്‍ പറയുന്നു. ഇത്തരക്കാര്‍ സംഘമായാണു പലപ്പോഴും എത്താറുള്ളത്.
സര്‍വകലാശാലയ്ക്കു ചുറ്റുമതില്‍ ഇല്ലാത്തതിനാല്‍ പുറത്തുനിന്നുള്ളവര്‍ക്ക് ഏതുസമയവും കടന്നുവരാനും ഓടിപ്പോകാനും സൗകര്യമുണ്ട്. കാമ്പസിലുള്ള പാര്‍ക്കില്‍ വൈകിട്ട് ഏഴുവരെ പൊതുജനങ്ങള്‍ക്കു പ്രവേശനവുമുണ്ട്. വേണ്ടത്ര സുരക്ഷാജീവനക്കാരില്ല. പെണ്‍കുട്ടികള്‍ക്കുനേരേ ഉപദ്രവമുണ്ടായ സ്ഥലങ്ങളിലൊന്നും സുരക്ഷയേര്‍പ്പെടുത്താന്‍ അധികൃതര്‍ തയാറായിട്ടില്ലെന്നും മംഗളം റിപ്പോര്‍ട്ടില്‍ പറയുന്നു.

നേരത്തേ, കോടതി കേസെടുത്തപ്പോള്‍ സീമന്തിനി കമ്മീഷനെ അന്വേഷണത്തിനായി നിയോഗിച്ചിരുന്നു. കാമ്പസില്‍ പുറത്തുനിന്നുള്ളവര്‍ക്കു പ്രവേശനം നല്‍കരുതെന്ന കമ്മീഷന്റെ നിര്‍ദേശം സര്‍വകലാശാല കാറ്റില്‍ പറത്തുകയായിരുന്നു. യുജിസിക്കും പെണ്‍കുട്ടികള്‍ പരാതി നല്‍കിയിരുന്നു. ഏതു പരാതിയും സര്‍വകലാശാല പരിഗണിക്കാത്ത സാഹചര്യത്തിലാണ് പെണ്‍കുട്ടികള്‍ പരാതിയുമായി ചീഫ് ജസ്റ്റിസിനെയും ഗവര്‍ണറെയും കത്തിലൂടെ പരാതി ബോധിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here