ദില്ലി: നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ആസ്തി വകമാറ്റിയെന്ന കേസില്‍ കുരുങ്ങിയ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും ദില്ലി പട്യാല കോടതി ജാമ്യം അനുവദിച്ചു. അമ്പതിനായിരം രൂപയും സ്വന്തം ജാമ്യമാണ് ഇരുവര്‍ക്കും അനുവദിച്ചത്.സോണിയയ്ക്കായി എ കെ ആന്റണിയും രാഹുലിന് പ്രിയങ്ക ഗാന്ധിയും ആള്‍ജാമ്യം നിന്നു. പന്ത്രണ്ടു കോണ്‍ഗ്രസ് നേതാക്കളുടെ അകമ്പടിയോടെയാണ് സോണിയയും രാഹുലും കോടതിയിലെത്തിയത്. കപില്‍ സിബലാണ് ഇരുവര്‍ക്കും വേണ്ടി ഹാജരായത്. കേസിലെ ആറാം പ്രതി സാം പിത്രോദ ഹാജരായില്ല. ഓസ്‌കര്‍ ഫെര്‍ണാണ്ടസ്, മോത്തിലാല്‍ വോറ, സുമെന്‍ ദുബെ
എന്നിവരാണ് മറ്റു പ്രതികള്‍.കേസ് ഫെബ്രുവരി ഇരുപതിന് വീണ്ടും പരിഗണിക്കും.

ഒരിക്കല്‍ സത്യം പുറത്തുവരുമെന്നു സോണിയാ ഗാന്ധി പ്രതികരിച്ചു. രാഷ്ട്രീയ എതിരാളികളെ സര്‍ക്കാര്‍ വേട്ടയാടുകയാണെന്നും സോണിയ പറഞ്ഞു. നിയമത്തെയും കോടതിയെയും അംഗീകരിക്കുകയാണെന്നു സര്‍ക്കാരിനെതിരേയുള്ള പ്രക്ഷോഭം തുടരുമെന്നും രാഹുല്‍ പ്രതികരിച്ചു. രാഷ്ട്രീയ എതിരാളികളോടു സര്‍ക്കാര്‍ പ്രതികാരമനോഭാവം കാട്ടുകയാണെന്നായിരുന്നു എ കെ ആന്റണിയുടെ പ്രതികരണം. കോടതി നടപടികള്‍ ആരംഭിച്ചു നാലു മിനുട്ടുകൊണ്ട് ഇരുവര്‍ക്കും ജാമ്യം അനുവദിക്കുകയായിരുന്നു. നേരത്തേ ജാമ്യാപേക്ഷ നല്‍കേണ്ട തീരുമാനത്തിലായിരുന്നു സോണിയയും രാഹുലും. പിന്നീട് ജാമ്യാപേക്ഷ നല്‍കാനുള്ള നീക്കങ്ങള്‍ നടത്താന്‍ സോണിയ തന്നെ പാര്‍ട്ടി നേതാക്കളോടു നിര്‍ദേശിക്കുകയായിരുന്നു. എഐസിസി ഭാരവാഹികളോടും മറ്റു നേതാക്കളോടും 24 അക്ബര്‍ റോഡിലെ പാര്‍ട്ടി ആസ്ഥാനത്തു കാത്തിരിക്കാന്‍ സോണിയ ആവശ്യപ്പെട്ടിട്ടുണ്ട്.

ജവഹര്‍ലാല്‍ നെഹ്‌റു സ്ഥാപിച്ച നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഓഹരികള്‍ യങ് ഇന്ത്യ എന്ന സ്വകാര്യകമ്പനിയിലേക്കു വകമാറ്റിയതിലെ ക്രമക്കേടാണ് കേസിന് ആധാരം. ബിജെപി നേതാവ് ഡോ. സുബ്രഹ്മണ്യന്‍ സ്വാമിയാണ് ഹര്‍ജി നല്‍കിയത്. നാഷണല്‍ ഹെറാള്‍ഡിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനെ യങ് ഇന്ത്യ കമ്പനി ഏറ്റെടുക്കുകയായിരുന്നു. സ്വാതന്ത്ര്യ സമരത്തില്‍ കോണ്‍ഗ്രസിന്റെ ജിഹ്വയായിരുന്നു നാഷണല്‍ ഹെറാള്‍ഡ്. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തവരും ദേശസ്‌നേഹികളും നല്‍കിയ സംഭാവനയിലൂടെ ഭൂസ്വത്തിനത്തിലുമാണ് രണ്ടായിരം കോടിയുടെ ആസ്തി നാഷണല്‍ ഹെറാള്‍ഡ് നേടിയത്.

നഷ്ടത്തിലേക്കു കൂപ്പുകുത്തുകയും നഷ്ടം പെരുകുകയും ചെയ്തപ്പോഴാണ് യങ് ഇന്ത്യ കമ്പനി പത്രം ഏറ്റെടുത്തത്. സോണിയയും രാഹുലുമായിരുന്നു കമ്പനിയുടെ പ്രധാന ഡയറക്ടര്‍മാര്‍. ഇരുവരുടെയും കൈയിലായിരുന്നു ഭൂരിപക്ഷം ഓഹരികളും. സോണിയയും രാഹുലും 36 ശതമാനം വീതം ഓഹരികള്‍ കൈയില്‍വച്ചു. മോത്തിലാല്‍ വോറയ്ക്കു 14 ഉം ഓസ്‌കര്‍ ഫെര്‍ണാണ്ടസിന് 14 ഉം ശതമാനവും ഉണ്ടായിരുന്നു. അമ്പതു ലക്ഷം രൂപ മാത്രം മുടക്കിയാണ് ഇത്രയും ഓഹരികള്‍ ഇവര്‍ കൈക്കലാക്കിയത് 90 കോടിയുടെ വായ്പ എഴുതിത്തള്ളുകയും ചെയ്തു. സുബ്രഹ്മണ്യന്‍ സ്വാമിയുടെ നിയമപ്പോരാട്ടത്തിലൂടെ ഇരുവരും കുടുങ്ങുകയായിരുന്നു. കമ്പനി നിയമങ്ങള്‍ കാറ്റില്‍പറത്തിയാണ് രണ്ടായിരം കോടിയുടെ ആസ്തി അമ്പതു ലക്ഷത്തിന് ഇവര്‍ കൈക്കലാക്കിയതെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആരോപണം.