സ്പാനിഷ് ക്ലബ് അല്‍മേരിയക്കു വേണ്ടി പന്തുതട്ടാന്‍ ബംഗളൂരുകാരന്‍; ഇഷാന്‍ പണ്ഡിത അടുത്ത മെയില്‍ കരാര്‍ ഒപ്പിടും

ബംഗളൂരു: ബംഗളൂരുകാരന്‍ ഇഷാന്‍ പണ്ഡിതയെ 17-ാം വയസ്സില്‍ തേടിയെത്തിയത് ഏതൊരു ഫുട്‌ബോള്‍ താരവും സ്വപ്‌നം കാണുന്ന നേട്ടം. ഇഷാന്‍ പന്തുതട്ടാന്‍ പോകുന്നത് സ്പാനിഷ് ക്ലബ് അല്‍മേരിയക്കു വേണ്ടിയാണ്. അല്‍മേരിയയുടെ അണ്ടര്‍ 18 ഫുട്‌ബോള്‍ ടീമിനു വേണ്ടിയാണ് ഇഷാന്‍ കളിക്കുക. അല്‍മേരിയക്കു വേണ്ടി കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ഇഷാന്‍. എന്നാല്‍, കൗമാരക്കാരെ ടീമില്‍ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച ഫിഫ നിയമം നിലനില്‍ക്കുന്നതിനാല്‍ അടുത്ത വര്‍ഷം മെയില്‍ മാത്രമേ കരാര്‍ ഒപ്പിടാന്‍ സാധിക്കൂ. ഒരു പ്രൊഫഷണല്‍ ഫുട്‌ബോള്‍ താരമാകുന്നതിനു വേണ്ടി 2014-ലാണ് ഇഷാന്‍ സ്‌പെയിനിലേക്ക് വണ്ടി കയറിയത്.

കഴിഞ്ഞ വര്‍ഷം അത്‌ലറ്റികോ മാഡ്രിഡിന്റെ പോഷക ക്ലബായ അല്‍കോബെന്‍ഡാസിനു വേണ്ടി കളിക്കുമ്പോഴാണ് ഇഷാന്‍ അല്‍മേരിയയുടെ സ്‌കൗട്ടിന്റെ ശ്രദ്ധയാകര്‍ഷിച്ചത്. അപ്പോള്‍ തന്നെ ഇഷാനെ ടീമിലെത്തിക്കാന്‍ അല്‍മേരിയ ശ്രമം തുടങ്ങിയിരുന്നു. എന്നാല്‍, യൂറോപ്യന്‍ അല്ലാത്ത ഒരാളെ ടീമില്‍ എടുക്കാന്‍ 18 വയസ്സു തികയണമെന്ന ഫിഫ നിയമം അനുസരിച്ച് അടുത്ത വര്‍ഷം മെയ് മാസത്തില്‍ മാത്രമേ കരാര്‍ ഒപ്പിടുകയുള്ളു. അണ്ടര്‍ 18 ടീമിന്റെ ഭാഗമായതോടെ ടീമിനൊപ്പം പരിശീലിക്കാനും മറ്റു യൂത്ത് ടീമുകള്‍ക്കെതിരെ സൗഹൃദ മത്സരം കളിക്കാനും ഇഷാന് സാധിക്കും. മെയില്‍ കരാര്‍ ഒപ്പിട്ടു കഴിഞ്ഞാല്‍ ക്ലബിന്റെ ഔദ്യോഗിക ലീഗ് മത്സരങ്ങളിലും ഇഷാന്‍ കളിക്കും. ആദ്യമായി ഇന്ത്യന്‍ താരത്തെ ടീമില്‍ എടുക്കുന്നതിനാല്‍ സംശയങ്ങള്‍ ഉണ്ടായിരുന്നെന്നും അതിനാല്‍ വിദഗ്‌ധോപദേശം തേടിയ ശേഷമാണ് ഇഷാനെ ടീമില്‍ എടുത്തതെന്നും അല്‍മേരിയയുടെ മാനേജര്‍ അഗസ്റ്റിന്‍ സാഞ്ചേസ് പറഞ്ഞു.

ആറാം വയസ്സിലാണ് ഇഷാന്‍ ഫുട്‌ബോള്‍ കളിക്കാന്‍ തുടങ്ങിയത്. ഇതിനുശേഷം 2009-ല്‍ ഇഷാന്‍ ഫിലിപ്പൈന്‍സില്‍ നിന്നു ബംഗളൂരുവിലേക്കു താമസം മാറി. ബംഗളൂരു ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ ഏറ്റവും മികച്ച താരമായിരുന്നു. താമസിയാതെ സ്‌കൂള്‍ ടീമിന്റെ നായകനായും തെരഞ്ഞെടുക്കപ്പെട്ടു. കര്‍ണാടക സ്റ്റേറ്റ് ഫുട്‌ബോള്‍ ലീഗിലെ എ, സി ഡിവിഷനുകളിലായി സ്റ്റുഡന്റ്‌സ് യൂണിയനു വേണ്ടിയും ബംഗളൂരു യെല്ലോസിനു വേണ്ടിയും ഇഷാന്‍ ബൂട്ടണിഞ്ഞു. 2013-ല്‍ സ്വീഡനില്‍ നടന്ന ഗോത്തിയ കപ്പില്‍ കളിക്കുന്നതിനിടെ അവിടത്തെ പ്രാദേശിക ക്ലബായ ഐഎഫ് ബ്രൊമ്മപോജ്കര്‍ണയുടെ ഒഫീഷ്യലുകള്‍ ഇഷാന്റെ കളി കണ്ടു. ഇഷാനില്‍ മികച്ച ഒരു ഫുട്‌ബോളറെ കണ്ട അവര്‍ അവരുടെ അണ്ടര്‍ 17 ടീമിലേക്ക് ഇഷാനെ ക്ഷണിച്ചു. അതേവര്‍ഷം തന്നെ സ്‌പെയിനിലെ ഇന്റര്‍സോക്കര്‍ മാഡ്രിഡ് ഫുട്‌ബോള്‍ അക്കാദമിയില്‍ പഠിക്കാനും ഇഷാന് ക്ഷണം ലഭിച്ചു. ഇത് അല്‍കോബെന്‍ഡസിലും കളിക്കാന്‍ ഇഷാന് അവസരം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News