രാജ്യത്ത് ഇന്ധനവില കുറയ്ക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കു കൈരളിയുടെ നിവേദനം; #ReducePetrolPricePM കാമ്പയിന് ആയിരങ്ങളുടെ പിന്തുണ

തിരുവനന്തപുരം: ആഗോളവിപണിക്കനുസൃതമായി രാജ്യത്ത് ഇന്ധന വില കുറയ്ക്കണമെന്ന് പ്രധാനമന്ത്രിക്കു കൈരളി-പീപ്പിളിന്റെയും കൈരളി ന്യൂസ് ഓണ്‍ലൈനിന്റെയും നിവേദനം. റെഡ്യൂസ് പെട്രോള്‍ പ്രൈസ് പിഎം എന്ന പേരില്‍ ആരംഭിച്ച ഹാഷ് ടാഗ് കാമ്പയിന്റെ ഭാഗമായാണ് നിവേദനം നല്‍കുന്നത്.

മാധ്യമമെന്ന നിലയിലുള്ള സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് ഇന്ധന വില കുറയ്ക്കണമെന്ന ആവശ്യവുമായി കൈരളി-പീപ്പിള്‍ ടിവി റെഡ്യൂസ് പെട്രോള്‍ പ്രൈസ് പിഎം എന്ന ഹാഷ്ടാഗില്‍ കാമ്പയിന്‍ ആരംഭിച്ചത്. പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരമേല്‍ക്കുമ്പോള്‍ അസംസ്‌കൃത എണ്ണ ബാരലിന് 120 ഡോളറായിരുന്നു വില. ഇപ്പോള്‍ അത് 36 ഡോളറിലേക്കു താഴ്ന്നിരിക്കുന്നു. എന്നാല്‍ പെട്രോള്‍ വിലയില്‍ 69 രൂപ 15 പൈസയില്‍നിന്നു 63 രൂപ 67 പൈസ എന്ന നിലയിലേക്കു മാത്രമാണ് കുറവുണ്ടായത്.

PM-Letter

ഈ സാഹചര്യത്തില്‍ ഉപഭോക്താവിന് ലഭിക്കേണ്ട മെച്ചം എക്‌സൈസ് തീരുവയിനത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കൊള്ളയടിക്കുകയാണ്. പെട്രോള്‍ ലിറ്ററിന്റെ വിലയുടെ 69.59 ശതമാനവും ഈ ഈനത്തിലാണ് ഈടാക്കുന്നത്. ഈ സാഹചര്യത്തിലാണ് ഭരണകൂടത്തിന്റെ കൊള്ളയ്‌ക്കെതിരെ കൈരളി-പീപ്പിള്‍ ടിവി ജനാഭിപ്രായം സ്വരൂപിക്കാന്‍ കാമ്പയിന്‍ ആരംഭിച്ചത്.

പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ പ്രതികരണമാണ് കാമ്പയിന് ലഭിച്ചത്. ആയിരക്കണക്കിന് പേര്‍ പിന്തുണ പ്രഖ്യാപിച്ചു. ജനമനസ് പറയുന്നത് പ്രധാനമന്ത്രിയെ അറിയിക്കേണ്ടത് കൈരളി-പീപ്പിള്‍ സാമൂഹികപരമായ കടമയായി കാണുന്നെന്നും ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്നുമാണ് നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here