രമേശ് ചെന്നിത്തല ദില്ലിയിലെത്തിയത് വ്യക്തിപരമായ ആവശ്യത്തിനല്ല; ചെന്നിത്തല അഹമ്മദ് പട്ടേലിനെ കണ്ടു; ദൃശ്യങ്ങള്‍ പീപ്പിള്‍ ടിവിക്ക്

ദില്ലി: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കും സുധീരനുമെതിരെ അയച്ചെന്നു പറയപ്പെടുന്ന കത്തുവിവാദം പുകഞ്ഞു കൊണ്ടിരിക്കെ ദില്ലിയിലെത്തിയ രമേശ് ചെന്നിത്തല സോണിയാഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ് പട്ടേലിനെ കണ്ടു. വൈകുന്നേരം ആറരയോടെയാണ് ചെന്നിത്തല അഹമ്മദ് പട്ടേലുമായി കൂടിക്കാഴ്ച നടത്തിയത്. ദില്ലിയിലെത്തിയത് വ്യക്തിപരമായ ആവശ്യത്തിനാണെന്നും രാഷ്ട്രീയ കൂടിക്കാഴ്ചകള്‍ നടത്തുന്നില്ല എന്നുമായിരുന്നു ചെന്നിത്തല രാവിലെ പറഞ്ഞിരുന്നത്. ഒരു മണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ കേരളത്തിലെ രാഷ്ട്രീയ വിവാദങ്ങള്‍ ചര്‍ച്ച ചെയ്‌തെന്നാണ് സൂചന. കത്തിലെ വിവരങ്ങളും ചര്‍ച്ചയ്ക്ക് വിഷയമായെന്ന് സൂചനയുണ്ട്.

രാഷ്ട്രീയ കൂടിക്കാഴ്ച ഇല്ല എന്നു പറഞ്ഞിരുന്ന ചെന്നിത്തല അഹമ്മദ് പട്ടേലുമായി കൂടിക്കാഴ്ച നടത്തും എന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പീപ്പിള്‍ വാര്‍ത്താസംഘം അഹമ്മദ് പട്ടേലിന്റെ വസതിയില്‍ എത്തിയത്. ആറരയോടെ പട്ടേലിന്റെ വീട്ടിലെത്തിയ ചെന്നിത്തല ഒരു മണിക്കൂറിനു ശേഷം മടങ്ങുകയും ചെയ്തു. എന്തിനാണ് എത്തിയതെന്ന ചോദ്യങ്ങളോട് ചെന്നിത്തല പ്രതികരിക്കാന്‍ തയ്യാറായില്ല. ഷോപ്പിംഗിനു എന്നു പറഞ്ഞാണ് ചെന്നിത്തല അഹമ്മദ് പട്ടേലുമായുള്ള കൂടിക്കാഴ്ചയ്ക്ക് എത്തിയത്. അതേസമയം, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ എന്നിവരടക്കമുള്ള കേരള നേതാക്കളുമായി ഈമാസം 22ന് നടത്താന്‍ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച ഉണ്ടായേക്കില്ലെന്ന് സൂചനയുണ്ട്. ആന്റണി അടക്കമുള്ള നേതാക്കള്‍ ഇന്ത്യയില്‍ ഇല്ലാത്തതു കൊണ്ടാണ് കൂടിക്കാഴ്ച മാറ്റിയതെന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News