ദമാസ്‌കസ്: സാധാരണക്കാരെ കൂട്ടക്കൊല ചെയ്യുന്നതും ബന്ദികളുടെ തലവെട്ടലും അടക്കം കൊടുംക്രൂരത ചെയ്യുന്ന ഐഎസ് ഭീകരതയുടെ ക്യാമ്പില്‍ നിന്ന് മനുഷ്യമനഃസാക്ഷിയെ മരവിപ്പിക്കുന്ന മറ്റൊരു വാര്‍ത്ത. തീവ്ര ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതിന് ഇരുപതുകാരിയെ ഐഎസ് ഭീകരര്‍ ജീവനോടെ ചുട്ടുകൊന്നെന്നാണ് ഇപ്പോള്‍ പുറത്തുവന്ന വാര്‍ത്ത. ലൈംഗിക അടിമകളായി പിടികൂടിയ യസീദി വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടിയെയാണ് ഭീകരര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതിന് തീകൊളുത്തി കൊന്നത്. നിയന്ത്രണത്തിലാക്കുന്ന പ്രദേശങ്ങളിലെ പെണ്‍കുട്ടികളെ കന്യകാത്വ പരിശോധന നടത്തിയ ശേഷം ലൈംഗിക അടിമകളാക്കി കൊണ്ടു പോകുന്ന പതിവാണ് ഐഎസ് ഭീകരര്‍ക്കുള്ളത്. ഇത്തരത്തില്‍ ബന്ദിയാക്കപ്പെട്ട ശേഷം രക്ഷപ്പെട്ട പെണ്‍കുട്ടിയാണ് ഐക്യരാഷ്ട്രസഭയോട് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഐക്യരാഷ്ട്രസഭയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ക്കെതിരായ വിഭാഗത്തിന്റെ പ്രത്യേക പ്രതിനിധിയായ സൈനബ് ബംഗുര സിറിയയിലെയും ഇറാഖിലെയും പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഈ സന്ദര്‍ശനത്തില്‍ ഇരകളുമായി നടത്തിയ സംഭാഷണത്തിലാണ് ലൈംഗിക അടിമകളാക്കുന്ന വിവരം പുറത്തറിഞ്ഞത്. ലൈംഗികത സ്ഥാപനവത്കരിക്കുകയാണ് ഐഎസ് ചെയ്യുന്നതെന്നാണ് സൈനബ് ബംഗുര പറഞ്ഞത്. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരായ ക്രൂരതയാണ് ഐഎസ് ആശയങ്ങളുടെ കേന്ദ്രബിന്ദുവെന്നും സൈനബ് പറഞ്ഞു. കന്യകകളായ പെണ്‍കുട്ടികളെ പിടികൂടിയ ശേഷം ലൈംഗിക അടിമകളാക്കി ലേലത്തില്‍ വില്‍ക്കുകയാണ് ഭീകരര്‍ ചെയ്യുന്നത്.
അടുത്തിടെ സിറിയയിലെ ഒരു ഗ്രാമം പിടിച്ചെടുത്ത ശേഷം അവിടത്തെ പുരുഷന്‍മാരെയും ആണ്‍കുട്ടികളെയും തലയറുത്തു കൊന്നു. അമ്മമാരെയും മുതിര്‍ന്ന സ്ത്രീകളെയും വെവ്വേറെയാക്കിയ ശേഷം പെണ്‍കുട്ടികളെ നഗ്നരാക്കി കന്യകാത്വ പരിശോധന നടത്തി. ഏറ്റവും ചെറുപ്പക്കാരായ കന്യകകളെ കൂടുതല്‍ വിലയ്ക്ക് ഐഎസിലെ ഷെയ്ഖ് എന്നറിയപ്പെടുന്ന തലവന്‍ സ്വന്തമാക്കി. ഇയാളുടെ പീഡനത്തിനു ശേഷം അയാള്‍ക്ക് താഴെയുള്ളവരും പെണ്‍കുട്ടികളെ ക്രൂരമാനഭംഗത്തിന് ഇരയാക്കും. ഇതാണ് രീതി. ഓരോരുത്തരും മൂന്നും നാലും പെണ്‍കുട്ടികളെ പിടിച്ചെടുത്ത് സ്വന്തമാക്കി വയ്ക്കാറുണ്ടെന്ന് രക്ഷപ്പെട്ട പെണ്‍കുട്ടികള്‍ സൈനബിനോട് വെളിപ്പെടുത്തി.
ഐഎസ് ലൈംഗിക അടിമകളാക്കിയ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും കണക്കെടുക്കുക അസാധ്യമാണ്. 3,000 മുതല്‍ 5,000 വരെ സ്ത്രീകളെ ഇത്തരത്തില്‍ ലൈംഗിക അടിമകളുണ്ട്. ഇതില്‍ തന്നെ ഭൂരിഭാഗവും യസീദികളാണ്. ബലാല്‍സംഗം ചെയ്യുകയും ശേഷം വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുകയും ചെയ്യുന്നുണ്ട് സ്ത്രീകളെ.
Get real time update about this post categories directly on your device, subscribe now.
Discussion about this post