സൂപ്പര്‍ലീഗിന്റെ സൂപ്പര്‍ ക്ലൈമാക്‌സിന് കാതോര്‍ത്ത് ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകം; ആദ്യകിരീടം ലക്ഷ്യമിട്ട് ചെന്നൈയും ഗോവയും നേര്‍ക്കുനേര്‍

പനാജി: ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്ന കലാശപ്പോരാട്ടമാണിന്ന്. ലീഗില്‍ ഉടനീളം കാര്യമായ തിരിച്ചടികള്‍ നേരിടാതെ മുന്നേറിയ രണ്ട് ടീമുകളാണ് കലാശപ്പോരില്‍ ഏറ്റുമുട്ടുന്നത്. ഇന്ത്യന്‍ സൂപ്പര്‍ലീഗിന്റെ ഫൈനലില്‍ തങ്ങളുടെ ആദ്യകിരീടം ലക്ഷ്യമിട്ട് ചെന്നൈയിന്‍ എഫ്‌സിയും ഗോവയും പോരിനിറങ്ങും. സൗന്ദര്യ ഫുട്‌ബോളിന്റെ വക്താവായ സീക്കോയുടെ ഗോവയും ആക്രമണോത്സുക ഫുട്‌ബോളിന്റെ വക്താക്കളായ മാര്‍ക്കോ മറ്റരാസിയുടെ ചെന്നൈയിനും ഏറ്റുമുട്ടുമ്പോള്‍ വിജയം ആര്‍ക്കെന്ന് പ്രവചിക്കുക അസാധ്യമാകും. കടുപ്പക്കാര്‍ പക്ഷേ ചെന്നൈയാണ്. രണ്ട് ടീമുകളുടെയും പരിശീലകരില്‍ തന്നെ ടീമുകളുടെ സ്വഭാവവും ഒളിഞ്ഞു കിടപ്പുണ്ട്. ചെന്നൈയുടെ പരുക്കനായ പരിശീലകന്‍ മാര്‍ക്കോ മറ്റരാസി എങ്ങനെയും ജയിക്കണമെന്ന ചിന്തയുള്ളവന്‍. സീക്കോയാകട്ടെ സൗന്ദര്യാത്മക ഫുട്‌ബോളിന്റെ വക്താവും.

സൂപ്പര്‍ ലീഗിലെ മികച്ച ആക്രമണ നിരയും പ്രതിരോധ നിരയുമായുള്ള മത്സരമാണ് നടക്കാന്‍ പോകുന്നത്. രണ്ടാംപാദ സെമിയില്‍ നിന്ന് ഫൈനലിലേക്ക് എത്തുമ്പോള്‍ സീക്കോയുടെ ഗോവയ്ക്ക് കരുത്ത് അല്‍പം കൂടും. രണ്ടാംപാദത്തില്‍ പരുക്കേറ്റ് പുറത്തായിരുന്ന ബ്രസീലിയന്‍ താരം റാഫേല്‍ കൊയ്‌ലോ ടീമില്‍ തിരിച്ചെത്തും. ഡുഡു ഒമെഗ്ബമിയും ഹോകിപും കൂടി ചേരുന്നതോടെ മുന്നേറ്റനിര സുസജ്ജം. വിക്ടോറിനോ ഫെര്‍ണാണ്ടസും സബീത്തും സൈഡ് ബെഞ്ചിലുണ്ട്. റെയ്‌നാള്‍ഡോയുടെ കാര്യത്തില്‍ ഉറപ്പില്ലെങ്കിലും കളിക്കും എന്ന് സീക്കോ പറയുന്നുണ്ട്. വലയ്ക്കു താഴെ വിശ്വസ്തനായ ലക്ഷ്മികാന്ത് കട്ടിമണിക്കു തന്നെയാണ് മുന്‍ഗണന. മാര്‍ക്വീതാരം ലുസിയോ നേതൃത്വം നല്‍കുന്ന പ്രതിരോധ നിരയില്‍ ഗ്രിഗറി അര്‍ണോളിനും പ്രണോയ് ഹാള്‍ഡറും അണിനിരക്കും.

ഗോവയെ പോലെ ആശങ്കാകുലരല്ല ചെന്നൈയിന്‍. ശക്തമാണ് മറ്റരാസിയുടെ പ്രതിരോധക്കോട്ട. മെയ്ല്‍സണ്‍ ആല്‍വ്‌സും ബെര്‍ണാഡ് മെന്‍ഡിയും സെന്റര്‍ ബാക്കില്‍ അണിനിരക്കും. ധനചന്ദ്ര സിംഗും മെഹ്‌റജുദ്ദീന്‍ വാദുവും ഒപ്പം ചേരുന്നതോടെ പ്രതിരോധം ശക്തമായി. മധ്യനിരയില്‍ മറ്റരാസിക്ക് ആശങ്കയാണ്. എലാനോയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തണോ ബ്രൂണോ പെലിസാരിയെ വച്ച് ആരംഭിക്കണോ എന്നതാണ് ആശങ്ക. മുന്നേറ്റനിരയെ ജോണ്‍ സ്റ്റീവന്‍ മെന്‍ഡോസ നയിക്കും. ഗോള്‍വല കാക്കാന്‍ അപോല എദെല്‍ തന്നെ നിയോഗിക്കപ്പെടും.

ലീഗില്‍ ഇതുവരെ ചെന്നൈയും ഗോവയും രണ്ടുവീതം ഹോം മത്സരങ്ങളും എവേ മത്സരങ്ങളും കളിച്ചു. ഇരുവരും രണ്ടെണ്ണം വീതം ജയിച്ചു. എവേ മത്സരങ്ങളിലായിരുന്നു ജയം. ഗോളെണ്ണത്തില്‍ ഗോവ ഒരു പടി മുന്നില്‍ നില്‍ക്കും. 16 മല്‍സരങ്ങളില്‍ നിന്ന് ഗോവ 32 ഗോളുകള്‍ അടിച്ചു കൂടിയപ്പോള്‍ ചെന്നൈ നേടിയത് 29 എണ്ണം. അതില്‍ ഒരു ഡസന്‍ ഒരു കളിക്കാരന്റെ ബൂട്ടില്‍നിന്നു മാത്രം പിറന്നു. കൊളംബിയക്കാരന്‍ ജോണ്‍ സ്റ്റീവന്‍ മെന്‍ഡോസയുടെ ബൂട്ടില്‍ നിന്ന്. ഏഴു ഗോള്‍ നേടിയ റെയ്‌നാള്‍ഡോയാണ് ഗോവയുടെ ടോപ് സ്‌കോറര്‍. പ്രതിരോധക്കണക്കില്‍ ചെന്നൈയാണ് മുന്നില്‍. 17 ഗോള്‍ മാത്രമാണ് അവര്‍ വഴങ്ങിയത്. ഗോവ 21 എണ്ണം വഴങ്ങി.

അച്ചടക്കമില്ലായ്മയില്‍ ചെന്നൈ പക്ഷേ അതിരു കടന്നു. 44 മഞ്ഞക്കാര്‍ഡുകളും രണ്ടു ചുവപ്പു കാര്‍ഡുമാണ് ചെന്നൈ താരങ്ങള്‍ക്കു കിട്ടിയത്. രണ്ടാമതുള്ള ഡല്‍ഹിയെക്കാള്‍ എട്ടെണ്ണം മുന്നില്‍. ഗോവ അക്കാര്യത്തില്‍ ഡീസന്റാണ്. 32 മഞ്ഞക്കാര്‍ഡുകള്‍ മാത്രം. ചുവപ്പു കാര്‍ഡ് ഇല്ല. ഫൗളുകളുടെ എണ്ണത്തിലും ചെന്നൈ ബഹുദൂരം മുന്നില്‍ നില്‍ക്കുന്നു. 220 എണ്ണം. ഗോവന്‍ താരങ്ങള്‍ ചെയ്ത ഫൗളുകള്‍ 186 മാത്രം.

ആദ്യ പതിപ്പില്‍ സെമിയില്‍ പുറത്തായ രണ്ട് ടീമുകളാണ് ഇത്തവണ കലാശപ്പോരില്‍ ഏറ്റുമുട്ടുന്നത്. രണ്ടാം പതിപ്പിലെ കിരീടം ആരു നേടുമെന്നത് കാത്തിരുന്നു തന്നെ കാണണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here