നിര്‍ഭയക്കേസിലെ ‘കുട്ടിപ്രതി’യെ വിട്ടയച്ചു; സുരക്ഷാ കാരണങ്ങളാല്‍ തല്‍കാലം ദില്ലിയില്‍ പാര്‍പ്പിക്കും; തുടര്‍ജീവിതം എന്‍ജിഒയുടെ സംരക്ഷണയില്‍

ദില്ലി: ദില്ലി കൂട്ടബലാത്സംഗക്കേസിലെ പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളിയെ മോചിപ്പിച്ചു. രാജ്യത്തിന്റെയാകെ എതിര്‍പ്പ് അവഗണിച്ചാണ് നടപടി. ഇയാളെ മോചിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടു കൂട്ടബലാത്സംഗത്തിനിരയായി മരിച്ച ജ്യോതി സിംഗിന്റെ മാതാപിതാക്കള്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഈ ആവശ്യമുന്നയിച്ചു ശക്തമായ പ്രതിഷേധത്തിനാണ് ഇന്നു ദില്ലിയിലെ ഇന്ത്യാ ഗേറ്റും പരിസരവും സാക്ഷ്യം വഹിച്ചത്. എന്നാല്‍, ശിക്ഷാകാലാവധി പൂര്‍ത്തിയായതു മാനിച്ച് കുട്ടിക്കുറ്റവാളിയെ വിട്ടയക്കാന്‍ തീരുമാനിക്കുകയായിരുന്നു.

പ്രായപൂര്‍ത്തിയാകുന്നതിന് രണ്ടു ദിവസം മുമ്പു മാത്രമാണ് ഇയാള്‍ ദില്ലിയില്‍ ജ്യോതി സിംഗിനെ ബസില്‍ ക്രൂരബലാത്സംഗത്തിന് ഇരയാക്കിയത്. ക്രൂരത കാട്ടിയവരില്‍ പെണ്‍കുട്ടിയെ ഏറ്റവും ക്രൂരമായ രീതിയില്‍ ഉപദ്രവിച്ചതും ഇയാളായിരുന്നു. ഈ സാഹചര്യത്തില്‍ ഇയാളെ വിട്ടയക്കരുതെന്ന ആവശ്യം കഴിഞ്ഞ കുറേ നാളുകളായി ഉയരുന്നുണ്ടായിരുന്നു. ഇയാളെ വിട്ടയക്കരുതെന്നു കാട്ടി ദില്ലി വനിതാ കമ്മീഷന്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം നാളെ കോടതി പരിഗണിക്കും.

ഹര്‍ജി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കേസ് അവധിക്കാല ബഞ്ചിന്റെ പരിഗണനയില്‍ വിട്ടു. കേസിന്റെ രേഖകള്‍ ഹാജരാക്കാനും കോടതി രജിസ്ട്രാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് ഗോയലാണ് കേസ് പരിഗണിക്കുക. കേസ് വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാല്‍ ആണ് ഹര്‍ജി നല്‍കിയത്. ഇന്നു ദില്ലിയില്‍ അക്രമമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്തു നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. മോചനത്തിനെതിരേ പ്രതിഷേധവുമായി വന്ന ജ്യോതി സിംഗിന്റെ മാതാപിതാക്കളെ പൊലീസ് തടഞ്ഞിരുന്നു.

ജുവനൈല്‍ ചട്ടങ്ങള്‍ പാലിച്ച് പ്രതിയെ വിട്ടയക്കാമെന്ന് ദില്ലി ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. നിലവിലെ നിയമവ്യവസ്ഥ പ്രകാരം പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് നല്‍കാവുന്ന പരമാവധി ശിക്ഷ മൂന്ന് വര്‍ഷമാണ്. ഇന്നലെ തന്നെ പ്രതിയെ ജുവനൈല്‍ ഭവനത്തില്‍നിന്ന് നഗരത്തിന് പുറത്തെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ജീവനു ഭീഷണിയുള്ളതിനാല്‍ അതീവ രഹസ്യമായാണ് കാര്യങ്ങള്‍ നീക്കിയത്. ഈ മാസം ഒമ്പതിനു തന്നെ ഇയാളെ ദില്ലിയിലെ ഒരു എന്‍ജിഒയ്ക്കു കൈമാറിയതായാണ് വിവരം.

2012 ഡിസംബര്‍ 16ന് നടന്ന സംഭവത്തില്‍ അറസ്റ്റിലാകുമ്പോള്‍ പ്രതിക്ക് 18 വയസ് തികഞ്ഞിരുന്നില്ല. ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമാണ് വിചാരണ നേരിട്ടത്. ദുര്‍ഗുണപരിഹാര കേന്ദ്രത്തില്‍ അയക്കുന്നവര്‍ക്ക് മൂന്നുവര്‍ഷമാണ് പരമാവധി ശിക്ഷ. മറ്റു നാല് പ്രതികള്‍ക്കും വിചാരണ കോടതി വധശിക്ഷ വിധിച്ചിരുന്നു. ആറുപ്രതികളില്‍ ഒരാളെ വിചാരണയ്ക്കിടെ തിഹാര്‍ ജയിലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here