കായല്‍ കൈയ്യേറി ജയസൂര്യയുടെ ബോട്ടുജെട്ടി നിര്‍മ്മാണം; വിജിലന്‍സ് കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

തൃശ്ശൂര്‍: നടന്‍ ജയസൂര്യ കായല്‍ പുറമ്പോക്ക് കൈയേറി ബോട്ടുജെട്ടിയും ചുറ്റുമതിലും നിര്‍മ്മിച്ചെന്ന പരാതിയില്‍ കൈക്കൊണ്ട നടപടികള്‍ വിശദീകരിക്കണമെന്ന് കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറിയോട് വിജിലന്‍സ് കോടതി. ജനുവരി ആറിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് വിജിലന്‍സ് ജഡ്ജ് എസ്.എസ് വാസന്റെ നിര്‍ദ്ദേശം. കളമശേരി സ്വദേശി ഗിരീഷ്ബാബു നല്‍കിയ ഹര്‍ജിയിലാണ് നടപടി.

കടവന്ത്രയിലെ ജയസൂര്യയുടെ വീടിന് സമീപം ബോട്ടുജെട്ടിയും ചുറ്റുമതിലും നിര്‍മ്മിച്ചത് ചിലവന്നൂര്‍ കായല്‍ പുറമ്പോക്ക് കൈയേറിയാണെന്നാണ് ആരോപണം. തീരദേശ പരിപാലന സംരക്ഷണ നിയമം, മുനിസിപ്പല്‍ കെട്ടിട നിര്‍മ്മാണച്ചട്ടം എന്നിവ ലംഘിച്ചെന്നും താരത്തിനെതിരെ നടപടിയെടുക്കാനോ ഉദ്യോഗസ്ഥര്‍ ശ്രമിച്ചില്ലെന്നും പരാതിയില്‍ പറയുന്നു.

ബില്‍ഡിങ് ഇന്‍സ്‌പെക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് കൈയേറ്റം നടന്നതായി നഗരസഭയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 14 ദിവസത്തിനകം നിര്‍മ്മാണം സ്വന്തം ചെലവില്‍ പൊളിച്ചുമാറ്റണമെന്ന് 2014 ഫെബ്രുവരി 28ന് നഗരസഭ ഉത്തരവിട്ടിരുന്നു. എന്നാല്‍ നാലുമാസം കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല. കായല്‍ തുടര്‍ന്നാണ് ഹര്‍ജിക്കാരനായ ഗിരീഷ് ബാബു വിജിലന്‍സ് കോടതിയെ സമീപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here