ബിഎസ്എന്‍എല്‍ പുതിയ ഉപയോക്താക്കള്‍ക്കായി കാള്‍ നിരക്കുകള്‍ കുറച്ചു; സെക്കന്‍ഡ് ബില്ലിംഗിലും മിനുട്ട് പ്ലാനിലും 80 ശതമാനം വരെ കുറവ്

ദില്ലി: കൂടുതല്‍ പേരെ ബിഎസ്എന്‍എല്‍ വരിക്കാരാക്കുക എന്ന ലക്ഷ്യത്തോടെ ബിഎസ്എന്‍എല്ലിന്റെ പുതിയ പദ്ധതി. പുതുതായി ബിഎസ്എന്‍എല്‍ വരിക്കാരാകുന്നവര്‍ക്കായി കാള്‍ നിരക്കുകളില്‍ കുറവു വരുത്തിക്കൊണ്ടാണ് ബിഎസ്എന്‍എല്‍ ആളുകളെ ആകര്‍ഷിക്കുന്നത്. പുതിയ വരിക്കാര്‍ക്ക് 80 ശതമാനമാണ് കാള്‍ നിരക്കുകളില്‍ കുറവു നല്‍കുക. ആദ്യത്തെ രണ്ടുമാസത്തേക്കായിരിക്കും ഇളവ്. ബിഎസ്എന്‍എല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അനുപം ശ്രീവാസ്തവയാണ് ഇക്കാര്യം അറിയിച്ചത്. സെക്കന്‍ഡ് ബില്ലിംഗ് പ്ലാനിലും പെര്‍മിനുട്ട് പ്ലാനിലും ഈ ആനുകൂല്യം ലഭിക്കും.

ഇതിനായി പുതിയ കണക്ഷന്‍ എടുക്കുന്നവര്‍ സെക്കന്‍ഡ് ബില്ലിംഗ് പ്ലാനില്‍ ആനുകൂല്യം ലഭിക്കാന്‍ 36 രൂപയുടെ പ്ലാന്‍ വൗച്ചര്‍ വാങ്ങി റീചാര്‍ജ് ചെയ്യണം. ഈ പ്ലാനില്‍ ബിഎസ്എന്‍എല്‍ നമ്പരുകളിലേക്ക് മൂന്ന് സെക്കന്‍ഡിന് ഒരു പൈസയും മറ്റു നെറ്റ്‌വര്‍ക്കുകളിലേക്ക് മൂന്ന് സെക്കന്‍ഡിന് 2 പൈസയുമാണ് ഈടാക്കുക. മിനുട്ട് പ്ലാനില്‍ 37 രൂപയുടെ പ്ലാന്‍ വൗച്ചറാണ് വാങ്ങേണ്ടത്. ഈ പ്ലാനില്‍ ബിഎസ്എന്‍എല്‍ നമ്പരുകളിലേക്ക് മിനുട്ടിന് 10 പൈസയും മറ്റു നെറ്റ്‌വര്‍ക്കുകളിലേക്ക് മിനുട്ടിന് 30 പൈസ നിരക്കിലുമായിരിക്കും ഈടാക്കപ്പെടുക.

സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നിരവധി പദ്ധതികളാണ് ബിഎസ്എന്‍എല്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. കസ്റ്റമര്‍ സര്‍വീസുകള്‍ക്കായി ഏജീസുമായി ചേര്‍ന്ന് ബിപിഒ ആരംഭിച്ചു. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ ബിഎസ്എന്‍എല്ലിനെതിരെ ഉയരുന്ന പരാതികള്‍ നിരീക്ഷിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റിയിലൂടെ 1,57,564 ആളുകള്‍ പുതുതായി ബിഎസ്എന്‍എല്‍ വരിക്കാരായി. ബിഎസ്എന്‍എല്‍ ഉപേക്ഷിക്കുന്നവരുടെ എണ്ണം കുറഞ്ഞിട്ടുമുണ്ട്. ജൂലൈ മുതല്‍ നവംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 1,24,158 പേരാണ് എംഎന്‍പി വഴി ബിഎസ്എന്‍എല്‍ ഉപേക്ഷിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News