പ്രശസ്ത സാമൂഹിക പ്രവര്‍ത്തക ദയാബായിയെ കെഎസ്ആര്‍ടിസി ബസില്‍നിന്ന് ഇറക്കിവിട്ടു; ഡ്രൈവറും കണ്ടക്ടറും അപമാനിച്ചു; നടപടിയെടുക്കുമെന്നു തിരുവഞ്ചൂര്‍

തൃശൂര്‍: പ്രശസ്ത സാമൂഹിക പ്രവര്‍ത്തക ദയാബായിയെ കെഎസ്ആര്‍ടിസി ബസില്‍നിന്ന് ഇറക്കിവിട്ടു. ഇന്നലെ രാത്രി ആലുവയിലാണ് സംഭവം. തൃശൂരില്‍നിന്ന് ആലുവയിലേക്കു പോവുകയായിരുന്നു ദയാബായി. ഡ്രൈവറും കണ്ടക്ടറും മോശമായി പെരുമാറിയതായും ദയാബായി പറഞ്ഞു. പരാതി ലഭിച്ചിട്ടുണ്ടെന്നും നടപടിയെടുക്കുമെന്നും ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെഎസ്ആര്‍ടിസി എംഡി ആന്റണി ചാക്കോയും പറഞ്ഞു.

ഫാ. വടക്കന്‍ സ്മാരക പുരസ്‌കാരം ഏറ്റുവാങ്ങാന്‍ എത്തിയതായിരുന്നു ദയാബായി. ഒരു സ്‌കൂളില്‍ സ്റ്റുഡന്റ് പൊലീസ് ക്യാമ്പില്‍ ക്ലാസുമെടുത്തു. രണ്ടു പൊലീസുകാരാണ് പൊലീസ് വാഹനത്തില്‍ അവരെ തൃശൂര്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ എത്തിച്ചത്. ട്രെയിനില്‍ പോകാനാണ് താല്‍പര്യമെന്നു ദയാബായി പറഞ്ഞെങ്കിലും അവധിത്തിരക്കുള്ളതിനാല്‍ ട്രെയിന്‍ യാത്ര ദുഷ്‌കരമാകുമെന്നു പറഞ്ഞ് ഈ പൊലീസുകാര്‍തന്നെയാണ് ദയാബായിയെ സീറ്റുള്ള ബസില്‍ കയറ്റിവിട്ടത്.

വടക്കഞ്ചേരി ഡിപ്പോയുടേതായിരുന്നു ബസ്. ആലുവ ബസ് സ്റ്റാന്‍ഡ് എത്താറായോ എന്നു ചോദിച്ചപ്പോഴാണ് ഡ്രൈവറും കണ്ടക്ടറും മോശമായി പെരുമാറിയത്. കണ്ടക്ടറോട് ആലുവയിലേക്കാണ് ടിക്കറ്റെടുത്തതെന്നും ആലുവ ബസ് സ്റ്റാന്‍ഡാകുമ്പോള്‍ പറയണമെന്നും പറഞ്ഞു. എന്നാല്‍ ആലുവയിലേക്കുള്ള ടിക്കറ്റെടുത്തവര്‍ ബൈപാസ് ജംഗ്ഷനില്‍ ഇറങ്ങണമെന്നു പറയുകയായിരുന്നു. ബസ് സ്റ്റാന്‍ഡിലേക്കുള്ള ടിക്കറ്റെടുക്കാമെന്നു പറഞ്ഞിട്ടും കേട്ടില്ല. മോശമായ പദപ്രയോഗം നടത്തുകയും ചെയ്തു.

ദയാബായിയെ തിരിച്ചറിഞ്ഞ ചില യാത്രക്കാര്‍ ഇടപെട്ട് ആലുവ സ്റ്റാന്‍ഡില്‍ ഇറക്കിക്കൊടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അതിനും ഡ്രൈവര്‍ വഴങ്ങിയില്ല. തുടര്‍ന്ന് ബൈപാസ് ജംഗ്ഷന്‍ കഴിഞ്ഞു കുറച്ചുകൂടി മുന്നോട്ടു ബസ് നിര്‍ത്തി ഇറക്കിവിടുകയായിരുന്നു. തന്റെ വസ്ത്രധാരണം കണ്ടാണോ ഇങ്ങനെ പെരുമാറുന്നതെന്നു ചോദിച്ചപ്പോഴും കണ്ടക്ടര്‍ മോശമായ വാക്കുകള്‍ഉപയോഗിച്ചു സംസാരിച്ചു.

കേരളത്തില്‍ ഏറെ വന്നിട്ടുള്ള തനിക്കു നേരിട്ട ഏറ്റവും വലിയ തിക്താനുഭവമായിരുന്നു ഇതെന്നു ദയാബായി പറഞ്ഞു. മോശമായി പെരുമാറിയ ജീവനക്കാരോടു നടപടിവേണ്ടെന്നും യാത്രക്കാരോട് ഇനിയെങ്കിലും നന്നായി പെരുമാറാന്‍ ജീവനക്കാര്‍ തയാറാവുകയാണ് വേണ്ടതെന്നും അതുദ്ദേശിച്ചാണു പരാതി നല്‍കുന്നതെന്നും ദയാബായി തൃശൂരില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News