അരുണ്‍ ജെയ്റ്റ്‌ലിക്കെതിരായ ഡിഡിസിഎ അഴിമതിക്കേസ്; ഒളികാമറാ ദൃശ്യങ്ങള്‍ പുറത്തുവിട്ട് കീര്‍ത്തി ആസാദ്; ജെയ്റ്റ്‌ലിക്ക് ക്രിക്കറ്റ് താരങ്ങളുടെ പിന്തുണ

ദില്ലി: കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരായ ദില്ലി ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതിക്കേസില്‍ തെളിവുകളുമായി കീര്‍ത്തി ആസാദ് രംഗത്ത്. വിക്കിലീക്‌സിന്റെ ഒളികാമറാ ദൃശ്യങ്ങളുമായാണ് കീര്‍ത്തി ആസാദ് രംഗത്തെത്തിയത്. 28 മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയാണ് വാര്‍ത്താസമ്മേളനത്തിലൂടെ കീര്‍ത്തി ആസാദ് പുറത്തുവിട്ടത്. തന്റെ പോരാട്ടം വ്യക്തികള്‍ക്കെതിരെ അല്ലെന്നും അഴിമതിക്കെതിരെയാണെന്നും കീര്‍ത്തി ആസാദ് പറഞ്ഞു. ആരുമായും വ്യക്തിപരമായി തനിക്ക് യാതൊരു പ്രശ്‌നവുമില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വലിയ ആരാധാകനാണ് താനെന്നും കീര്‍ത്തി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം, ആരോപണത്തില്‍ അരുണ്‍ ജെയ്റ്റ്‌ലിക്ക് പിന്തുണയുമായി ദില്ലിയിലെ ക്രിക്കറ്റ് താരങ്ങളായ വീരേന്ദര്‍ സെവാഗും ഗൗതം ഗംഭീറും രംഗത്തെത്തി. ക്രിക്കറ്റ് താരങ്ങള്‍ക്ക് എപ്പോഴും പിന്തുണ നല്‍കിയിട്ടുള്ളയാളാണ് ജെയ്റ്റ്‌ലിയെന്ന് ഗൗതം ഗംഭീര്‍ പറഞ്ഞു. ജെയ്റ്റ്‌ലിയെ കുറ്റപ്പെടുത്തുന്നതു ശരിയല്ല. ദില്ലിക്ക് പൊതുജനങ്ങളുടെ പണം ഉപയോഗിക്കാതെ ഒരു സ്‌റ്റേഡിയം സമ്മാനിച്ചയാളാണ് അദ്ദേഹം. ഇന്ന് അദ്ദേഹത്തെ വിമര്‍ശിക്കുന്ന പല മുന്‍ താരങ്ങളും ജെയ്റ്റ്‌ലി കാരണം ഉന്നത സ്ഥാനങ്ങള്‍ വഹിച്ചവരാണെന്നും ഗംഭീര്‍ തന്റെ ട്വീറ്റില്‍ കുറിച്ചു.

എന്തുകാര്യത്തിനും താരങ്ങളുടെ കൂടെ നിന്നിരുന്ന ആളാണ് ജെയ്റ്റ്‌ലി എന്നു സേവാഗും പറഞ്ഞു. താരങ്ങള്‍ക്ക് നീതി ലഭ്യമാക്കുന്നതില്‍ അതിവേഗം പ്രവര്‍ത്തിച്ചിരുന്നയാളാണ് ജെയ്റ്റ്‌ലി എന്നും സെവാഗ് പറഞ്ഞു. ട്വിറ്ററിലാണ് സെവാഗിന്റെയും പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here