ക്ലബ് ലോകകിരീടം ബാഴ്‌സലോണയ്ക്ക്; റിവര്‍പ്ലേറ്റിനെ മൂന്നു ഗോളിന് തോല്‍പിച്ചു; സുവാരസിന് ഇരട്ട ഗോള്‍

യോകോഹാമ: ക്ലബ് ലോകകിരീടം സ്പാനിഷ് ക്ലബ് ബാഴ്‌സലോണയ്ക്ക്. അര്‍ജന്റീനിയന്‍ ക്ലബ് റിവര്‍ പ്ലേറ്റിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോല്‍പിച്ചാണ് ബാഴ്‌സ കിരീടം ചൂടിയത്. ലൂയി സുവാരസിന്റെ ഇരട്ടഗോളുകളാണ് ബാഴ്‌സയ്ക്ക് കിരീടം സമ്മാനിച്ചത്. ലിയോണല്‍ മെസ്സി ഒരു ഗോളടിച്ചു. ബാഴ്‌സയുടെ മൂന്നാം ലോകകിരീടമാണിത്. മൂന്ന് ലോകകിരീടങ്ങള്‍ നേടുന്ന ആദ്യത്തെ ടീമായി ഇതോടെ ബാഴ്‌സ. 2009, 2011 വര്‍ഷങ്ങളിലും ബാഴ്‌സ ക്ലബ് ലോകകിരീടം സ്വന്തമാക്കിയിരുന്നു. ഈവര്‍ഷം ബാഴ്‌സയുടെ അഞ്ചാം കിരീടമാണിത്. ലാലിഗ, കോപ ഡെല്‍ റേ, ചാമ്പ്യന്‍സ് ലീഗ്, യുവേഫ സൂപ്പര്‍ കപ്പ് കിരീടങ്ങളും ഈവര്‍ഷം ബാഴ്‌സലോണയ്ക്കായിരുന്നു.

തുടക്കത്തില്‍ പലതവണ ബാഴ്‌സ ഗോള്‍കീപ്പറെ റിവര്‍പ്ലേറ്റ് പരീക്ഷിച്ചിരുന്നു. റോഡ്രിഗോ മോറയും ലൂകാസ് അലാറിയോയും ചേര്‍ന്നുള്ള മുന്നേറ്റമാണ് ബാഴ്‌സയുടെ ഗോള്‍മുഖം വിറപ്പിക്കാനെത്തിയത്. എന്നാല്‍, ഇതൊന്നും ഫലപ്രദമായില്ല. 36-ാം മിനുട്ടില്‍ ഗോള്‍രാഹിത്യം തകര്‍ത്ത് ലിയോണല്‍ മെസ്സി തന്നെ രംഗത്തെത്തി. ഡാനി ആല്‍വ്‌സ് മുറിച്ചു നല്‍കിയ ക്രോസ് നിയന്ത്രിച്ച മെസ്സി മനോഹരമായ ഒരു ഷോട്ടിലൂടെ ഗോളി ബറോവറയെയും കീഴടക്കി പന്ത് വലയിലാക്കി. ആദ്യപകുതിയില്‍ തന്നെ ലീഡുയര്‍ത്താനുള്ള ശ്രമം ലഭിച്ചെങ്കിലും സുവാരസിന്റെ കണക്കു കൂട്ടലിലെ പിഴവ് അവസരം നഷ്ടപ്പെടുത്തി.

ആ പിഴവിന് രണ്ടാംപകുതിയുടെ തുടക്കത്തില്‍ തന്നെ സുവാരസ് കണക്കു തീര്‍ത്തു. 49-ാം മിനുട്ടില്‍ സെര്‍ജിയോ ബാസ്‌ക്വെറ്റ്‌സിന്റെ പാസ് നോക്കി ഓടിക്കയറിയ സുവാരസ് ലക്ഷ്യം കണ്ടു. 68-ാം മിനുട്ടില്‍ സുവാരസ് ഒരിക്കല്‍ കൂടി ലക്ഷ്യം കണ്ടു. ബാഴ്‌സയുടെ വിജയഗോളും അവിടെ പിറന്നു. രണ്ടാം പകുതിയില്‍ റിവര്‍ പ്ലേറ്റ് രണ്ടു മാറ്റങ്ങള്‍ വരുത്തിയെങ്കിലും ഫലം കണ്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News