കാഴ്ചയില്‍ പൈതലല്ല പൈതല്‍മല; നട്ടുച്ചയിലും തണുത്തകാറ്റില്‍ കുളിരുകോരാം; പൂമ്പാറ്റകളോട് സല്ലപിക്കാം; വൈതാകളകന്റെ കൊട്ടാരം കാണാം

കുന്നും മലയും മാത്രം കയറുന്നതുകൊണ്ടാവാം പൈതല്‍മല പോവണം, ഇഷ്ടപ്പെടുമെന്ന് സുഹൃത്ത് പറഞ്ഞത്. ഇത് പ്രകൃതിയിലേക്കൊരു യാത്രയാണ്. മനുഷ്യര്‍ കളങ്കിതമാക്കാത്ത പ്രകൃതിയുടെ പരിശുദ്ധി തന്നെയാണ് പൈതല്‍മലയിലേക്ക് ആകര്‍ഷിച്ചത്.

രാവിലെ ഇറങ്ങി, കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോ കിട്ടിയ മലബാര്‍ എക്‌സ്പ്രസില്‍ ചാടികയറി. ഉറക്കത്തിന്റെ ആലസ്യവും മുഷിഞ്ഞ മണവുമുള്ള കമ്പാര്‍ട്ട്‌മെന്റില്‍… കണ്ണടഞ്ഞു… കണ്ണൂര്‍ എത്തിയപ്പോ രാവിലെ 7മണി. തളിപ്പറമ്പുവഴി ബസില്‍ യാത്ര. കേരള കര്‍ണാടക അതിര്‍ത്തിയില്‍ കണ്ണൂര്‍ നഗരത്തില്‍നിന്ന് 65 കി.മീ ദൂരത്തുള്ള ശ്രീകണ്ഠപുരത്താണ് പൈതല്‍ മല. 300 ഏക്കര്‍ വിസ്തൃതിയില്‍, സമുദ്രനിരപ്പില്‍ നിന്നും 4500 അടി ഉയരത്തില്‍. കൂര്‍ഗ് റോഡിലൂടെ കെഎസ്ആര്‍ടിസി ബസ് ഓടിത്തുടങ്ങി. തളിപ്പറമ്പില്‍നിന്ന് പൊട്ടന്‍പ്ലാവ് എത്താന്‍ ഒരു മണിക്കൂര്‍ എടുക്കും. കുടിയാന്‍മലയില്‍ ഇറങ്ങി. ഒരു ഗ്ലാസ് കട്ടന്‍ചായ കുടിച്ചു.

paithal-1

ചെറുതും വലുതുമായ വെള്ളചാട്ടങ്ങളും ആകാശം മുട്ടെ ഉയരത്തില്‍നിന്നുള്ള മനോഹര ദൃശ്യങ്ങളും മനസില്‍ ഉണ്ടായിരുന്നതുകൊണ് രാവിലെ വരാറുള്ള വിശപ്പിന്റെ അസുഖം മറന്നു. കുടിയാന്‍മലയില്‍ ഡോര്‍മിറ്ററി സൗകര്യവും, ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ കേന്ദ്രവും ഉണ്ട്. പിന്നീടങ്ങോട്ട് വനം വകുപ്പിന്റെ നിയന്ത്രണത്തിലും സഹായത്തിലുമായിരുന്നു യാത്ര. ജീപ്പിലെ ഇരുത്തം ശരീരത്തിന് അത്ര സുഖകരമല്ലെങ്കിലും കണ്ണിനെ നിയന്ത്രിക്കാന്‍ ഒത്തിരി കഷ്ടടപ്പെട്ടു. സുഖശീതള കാലാവസ്ഥ എന്നൊക്കെ പറയാറില്ലെ, കുറച്ചു മല കയറി തുടങ്ങിയപ്പൊ ഞാന്‍ അതൊക്കെ അറിഞ്ഞുതുടങ്ങി.Displaying paithal3.jpgDisplaying paithal3.jpgpaithal5

അനേക തരത്തിലുള്ള പക്ഷികള്‍, നൂറിലേറെ തരത്തിലുള്ള ചിത്രശലഭങ്ങള്‍, അപൂര്‍വസസ്യങ്ങള്‍, മരങ്ങള്‍ എന്നിവയെല്ലാം ഉള്ളതുകൊണ്ടാവാം ടൂറിസ്റ്റുകളും കൂടുതലാണ്. അടിവാരത്തു നിന്നും മലയുടെ മുകളില്‍ എത്തുന്നതിന് ആറു കിലോമീറ്റര്‍ ട്രെക്കിംഗ് നടത്തണം. കിലോമീറ്ററുകള്‍ പരന്നു കിടക്കുന്ന മൊട്ടക്കുന്നുകള്‍ തുടങ്ങി മനം കുളിര്‍പ്പിക്കുന്ന കാഴ്ചകളാണ് ഈ മലനിരകള്‍ കാത്തുവച്ചിരിക്കുന്നത്. വനംവകുപ്പിന്റെ നിയന്ത്രണത്തിലാണ് ഇപ്പോള്‍ ഈ വിനോദ സഞ്ചാര കേന്ദ്രം. രണ്ടു കിലോമീറ്ററോളം കാട്ടിലൂടെ സഞ്ചരിച്ചാല്‍ മാത്രമേ എത്താന്‍ സാധിക്കൂ. മുകളിലേക്ക് കയറുന്നതിനിടെ വൈതാളകന്റെ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടു. ആദിവാസി രാജാവായിരുന്നു വൈതാളകന്‍.

paithal-2

ട്രെക്കിംഗും പക്ഷിനിരീക്ഷണവുമാണ് ഇവിടത്തെ മുഖ്യ ആകര്‍ഷണങ്ങള്‍. കോടമഞ്ഞും,തണുത്ത ഇളം കാറ്റും, തൊട്ടുരുമ്മി പറക്കുന്ന അപൂര്‍വയിനം ശലഭങ്ങളും, കുഞ്ഞുപക്ഷികളും പ്രകൃതി ആസ്വാദകര്‍ക്കും… സാഹസിക യാത്രക്കാര്‍ക്കും ഇതില്‍ കൂടുതല്‍ എന്തു വേണം. ഇതൊന്നുമല്ലാത്ത എനി്ക്ക് പോലും പൈതല്‍മലയോട് അടുപ്പം തോന്നി. കണ്ണൂരിന്റ മൂന്നാറെന്നു വേണമെങ്കില്‍ പൈതല്‍മലയെ വിശേഷിപ്പിക്കാം എന്ന് തോന്നിപ്പോകുന്ന മനോഹാരിത.

സമയം ഉച്ചയാണെന്ന് വാച്ചില്‍ നോക്കിയപ്പോള്‍ മാത്രമാണ് അറിയുന്നത്. സൂര്യന്‍ പോലും ചൂടുകൊണ്ട് പൈതലിനെ തളര്‍ത്തുന്നില്ല. ഉച്ചയ്ക്കു രണ്ടുമണിക്കും തണുത്ത കാറ്റ്… ആനയുടെ രൂപം പൂണ്ടു തലയുയര്‍ത്തി നില്‍ക്കുന്ന മല, കുത്തിനിറഞ്ഞു നില്‍ക്കുന്ന കുടകു മലനിരകള്‍, നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പുല്‍മേടുകള്‍, വറ്റാത്ത നീരുറവ, അറബിക്കടലിന്റെയും, വളപട്ടണം പുഴയുടേയുമെല്ലാം മനോഹരമായ കാഴ്ചകള്‍…

paithal6

ജൈവവൈവിധ്യത്തിന്റെ അപൂര്‍വ കലവറയാണു പൈതല്‍മല. അപൂര്‍വയിനം ചിത്രശലഭങ്ങള്‍, വൈവിധ്യമാര്‍ന്ന തുമ്പികള്‍, നിശാശലഭങ്ങള്‍, ഞാവല്‍, തേക്ക്, ദന്തപ്പാല, വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന വേഴാമ്പല്‍ മുതല്‍ ഒട്ടുമിക്ക പക്ഷികളുടേയും ആവാസകേന്ദ്രം. കാലന്‍കോഴി മുതല്‍ വെള്ള ചെമ്പോത്ത്, ആന, പുലി, കലമാന്‍, കാട്ടുപന്നി, കാട്ടുപോത്ത്, പുള്ളിമാന്‍, ഉഗ്രസര്‍പ്പങ്ങള്‍, കുരങ്ങ് തുടങ്ങി മിക്ക ജീവജാലങ്ങളും അവിടെയുണ്ടെന്നു പറഞ്ഞു പക്ഷേ കുരങ്ങിനെയും മാനിനെയുമല്ലാതെ ഞാന്‍ ഒന്നും കണ്ടില്ല. പൈതല്‍ മലയുടെ മുകളിലുള്ള ക്ഷേത്രത്തിന്റെ കെട്ടിടാവശിഷ്ടങ്ങളും മണിക്കിണറും ചരിത്ര സൂക്ഷിപ്പുകളുടെ മറ്റൊരു കാഴ്ച്ചയാണ്.

paithal3

മലയുടെ അടിവാരത്തുനിന്ന് ഏഴു പുഴകള്‍ ഉത്ഭവിക്കുന്നുണ്ട്. കാപ്പിമലമഞ്ഞപ്പുല്ല് വഴിയുള്ള കഠിനപാത താണ്ടിയതുകൊണ്ടു വയറു വല്ലാതെ ബഹളംവച്ചു തുടങ്ങിയിരുന്നു. മുകളില്‍ കയറിയാല്‍ ഒന്നും കിട്ടില്ല എന്നു അറിയാമായിരുന്നതുകൊണ്ട് കൈയില്‍ കരുതിയത് എടുത്തു കഴിച്ചു. അവിടെ കണ്ടവരോടൊന്നും മര്യാദയുടെ പേരില്‍ പോലും വേണോന്നു ചോദിച്ചില്ല. അവരൊന്നും എന്നോടും ചോദിച്ചില്ല. സ്വദേശികളും വിദേശികളുമായി നൂറുകണക്കിനു സഞ്ചാരികളാണ് ഇവിടെ ദിവസവുമെത്തുന്നുണ്ട്, മണ്‍സൂണ്‍ ടൂറിസം മാപ്പില്‍ പ്രധാന കേന്ദ്രമാകാന്‍ പൈതല്‍മലയ്ക്ക് യോഗ്യതയുണ്ട്. കണ്ണൂര്‍ വിമാനത്താവളം എത്തിയാല്‍ ചിലപ്പൊ പൈതല്‍മലയ്ക്ക് ഇനിയും പ്രാധാന്യം കൂടും.

paithal7

പൈതല്‍മലയിലെ കാഴ്ചകള്‍ കഴിഞ്ഞാല്‍ പിന്നെ രണ്ടുകിലോമീറ്ററിനുള്ളില്‍ പാലക്കയംതട്ടും ജാനകിപ്പാറ വെള്ളച്ചാട്ടവുമാണ് കാണേണ്ടത്. സമയം വലിയൊരു പ്രശ്‌നം ആണെങ്കിലും കാണാതെ പറ്റില്ലെന്നു തീരുമാനിച്ചു. പൈതലിന്റെ അത്ര തന്നെ ഉയരമില്ലെങ്കിലും 3000 അടി ഉയരത്തിലാണ് പാലക്കയംതട്ട്. നീലക്കുറിഞ്ഞി പൂക്കുന്ന ഉത്തര മലബാറിലെ പ്രധാന സ്ഥലം.ഏക്കറുകളോളം പരന്നു കിടക്കുന്ന പാലക്കയം തട്ടിന്റെ നടുവിലൂടെ ഒഴുകുന്ന അരുവികളെക്കുറിച്ച് പറയാതെ വയ്യ, കണ്ണിന് അത്രയും കുളിരാണ് അരുവി തരുന്നത്.

paithal4

പ്രകൃതിയോട് ഒരുപാട് അടുത്തതുപോലെ ഒരുപാടു യാത്രകളില്‍ തോന്നിയിട്ടുണ്ട്. പക്ഷേ, പ്രകൃതി ഒത്തിരി അടുപ്പം കാണിച്ചത് ഇപ്പോഴാണ്. മഞ്ഞായും, കാറ്റായും, തണുപ്പായും, ഇളം വെയിലായും… അസ്തമയവും, ജാനകിപ്പാറ വെള്ളച്ചാട്ടവും.. അങ്ങനെ ഒരുപാട് കാഴ്ച്ചകള്‍ ബാക്കിവച്ചാണ് തിരിച്ചിറങ്ങിയത്. ആത്മഹത്യാ മുനമ്പും, വെറുതെ നില്‍ക്കുന്ന വാച്ച് ടവറും, മണ്ണും കല്ലും മരവും കാഴ്ച്ചക്കാരെ വരവേല്‍ക്കാന്‍ ഉയരങ്ങളിലുണ്ട്…

അനന്തവിശാലമായി പച്ചപുതച്ച് നില്‍ക്കുന്ന കേരളത്തിന്റെ സ്വത്ത്, കണ്ണൂരിന്റെ മനോഹാരിത! കാപ്പിമല, പൊട്ടന്‍പ്ലാവ് എന്നിവയാണ് ഏറ്റവും അടുത്തുള്ള ബസ് സ്റ്റാന്‍ഡുകള്‍. കണ്ണൂര്‍, പയ്യന്നൂര്‍ ഡിപ്പോകളില്‍നിന്നും കെ.എസ്.ആര്‍.ടി.സി ധാരാളം ബസ് സര്‍വ്വീസ് നടത്തുന്നുണ്ട്. പയ്യന്നൂരിലും കണ്ണൂരിലും റെയില്‍വേ സ്റ്റേഷനുകളുണ്ട്. കരിപ്പൂരും മംഗലാപുരവുമാണ് അടുത്തുള്ള വിമാനത്താവളങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here